സർജറിക്ക് മുൻപ് ഡോക്ടർക്ക് പണം നൽകിയിരുന്നു; തെളിവുകൾ ഗൂഗിൾ പേയിൽ ഉണ്ട്, സുമയ്യയുടെ ബന്ധു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന ആരോഗ്യ മന്ത്രിയുടെ മറുപടിക്ക് നന്ദി അറിയിച്ച് സുമയ്യയുടെ ബന്ധു സബീർ. രണ്ടുവർഷമായി സഹോദരിയുടെ ശസ്ത്രക്രിയ നടന്നു കഴിഞ്ഞിട്ട് പക്ഷേ പരാതി നൽകി ഇത്രയും കാലമായിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും സബീർ വ്യക്തമാക്കി.
സർജറിക്ക് മുമ്പ് ഡോക്ടർക്ക് പണം നൽകിയിരുന്നു. നെടുമങ്ങാട് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തെത്തിയാണ് പണം നൽകിയത്. ഗൂഗിൾ പേയിൽ പണം നൽകിയതിന്റെ തെളിവുകൾ കൈയിൽ ഉണ്ടെന്നും പൊലീസ് ആ വിവരങ്ങളെല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സബീർ ട്വന്റി ഫോറിനോട് പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയക്കിടെ ഗൈഡ് ട്യൂബ് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയെന്ന വാർത്ത ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്.
അതേസമയം, പരാതിക്കാരിയായ സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തനിക്കുണ്ടായ ദുരനുഭവത്തിൽ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.സംഭവത്തിൽ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സുമയ്യ പരാതി നൽകിയിട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.
Story Highlights : Medical malpractice at thiruvananthapuram general hospital; The doctor was paid before the surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here