കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുക്കാൻ ശ്രമം; നാട്ടുകാരുടെ പ്രതിഷേധം, 144 പ്രഖ്യാപിച്ചു

കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കിണറിന്റെ ഭിത്തി ഇടിച്ച് ആനയെ പുറത്തെത്തിക്കാനാണ് വനം വകുപ്പും ഫയർഫോഴ്‌സും സംയുക്തമായി ശ്രമിക്കുന്നത്. അതേസമയം ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ജനപ്രതിനിധികൾ സ്ഥലത്തെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം തുടരുന്നതിനാൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പുലർച്ചെയാണ് കോട്ടപ്പടി സ്വദേശിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണത്. സംഭവം അറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തേക്ക് ഒഴുകിയെത്തി. വിവരമറിഞ്ഞ് വനം വകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഭിത്തി പൊളിച്ച് ആനയ്ക്ക് പുറത്തുവരാനുള്ള വഴി ഒരുക്കാനാണ് ശ്രമം.
എന്നാൽ ഇവിടെ കാട്ടാന ശല്യം പതിവാണെന്നും കൃഷി നശിച്ചതിന് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. ജനപ്രതിനിധികൾ സ്ഥലത്തെത്താതെ രക്ഷാപ്രവർത്തനത്തിന് അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. തുടർന്ന് പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെടുകയും പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി 144 പ്രഖ്യാപിക്കുകയും ചെയ്തു. നിലവിൽ ഡിഎഫ്ഒയുമായി നാട്ടുകാർ ചർച്ച നടത്തുകയാണ്. ആനയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൃഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തോടൊപ്പം നാട്ടുകാരുടെ ആശങ്കകളും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. എത്രയും പെട്ടെന്ന് ആനയെ സുരക്ഷിതമായി പുറത്തെത്തിച്ച് വനത്തിലേക്ക് തിരികെ വിടാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
Story Highlights : Attempt to pull out a wild elephant that had fallen into a well in Kothamangalam; Natives protest, 144 announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here