Advertisement

‘കാല്‍പാദത്തില്‍ ലാത്തി കൊണ്ട് അടിച്ചത് 45 തവണ; CCTV ഇല്ലാത്ത ഭാഗത്ത് വച്ച് അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു’ ; സുജിത്ത് ട്വന്റിഫോറിനോട്

1 hour ago
Google News 2 minutes Read

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് താന്‍ നേരിട്ട ക്രൂരത ട്വന്റിഫോറിനോട് വിവരിച്ച് സുജിത്ത് വിഎസ്. സ്റ്റേഷനില്‍ സിസിടിവിയില്ലാത്ത ഭാഗത്ത് വച്ച് അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് കൂട്ടമായി മര്‍ദിച്ചുവെന്നും രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും സുജിത്ത് പറഞ്ഞു. എന്‍കൗണ്ടര്‍ പ്രൈമിലായിരുന്നു സുജിത്തിന്റെ വെളിപ്പെടുത്തല്‍.

സഹിക്കാന്‍ പറ്റാവുന്നതിന് മേലെയായിരുന്നു. ആദ്യത്തെ അടിയില്‍ തന്നെ ബോധം പോകുന്നത് പോലെയായി. വാഹനത്തിനകത്ത് കയറ്റുമ്പോള്‍ തന്നെ ഷര്‍ട്ട് വലിച്ച് കീറി. തുടര്‍ന്ന് മര്‍ദിച്ചു. സ്‌റ്റേഷനിലേക്ക് എത്തുന്നതിന് മുന്നേ തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കര്‍ണപുടം പൊട്ടിയത്. ഇപ്പോഴും കേള്‍വി പ്രശ്‌നമുണ്ട് – സുജിത്ത് പറഞ്ഞു.

പൊലീസ് സ്റ്റേഷന്റെ മുകള്‍ നിലയില്‍ കൊണ്ടുപോയാണ് അഞ്ചു പൊലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ മര്‍ദിച്ചത്. ഇവിടെ സിസിടിവി ഇല്ല. അഞ്ച് പേര്‍ കൂട്ടമായി മര്‍ദിച്ചു. നിലത്തിരുത്തി കാലിന് അടിയില്‍ ലാത്തി കൊണ്ട് അടിച്ചു. കാലിന് അടിയില്‍ മാത്രം 45 തവണ അടിച്ചു. ശശിധരന്‍, ഷുഹൈര്‍ എന്നിവര്‍ മുകളിലേക്ക് കയറി വന്ന് മര്‍ദിച്ചു. ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല – സുജിത്ത് പറഞ്ഞു. നേതാവ് കളിക്കണ്ട, പൊലീസിനെ എതിര്‍ത്ത് സംസാരിക്കാനായിട്ടില്ല, രാഷ്ട്രീയ പ്രവര്‍ത്തനം, ശാന്തിപ്പണി എല്ലാം അവസാനിപ്പിച്ചു തരും, പണിയെടുത്ത് ജീവിക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മര്‍ദനം.

രണ്ടര വര്‍ഷത്തിനിടയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും സുജിത്ത് സംസാരിച്ചു. രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഈ അഞ്ചു പേരും സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ല – സുജിത്ത് കൂട്ടിച്ചേര്‍ത്തു. നിയമപരമായ പോരാട്ടം നടത്തിയതാണ് സിസിടിവി ദൃശ്യങ്ങള്‍ കിട്ടാന്‍ കാരണം. തുടക്കം മുതല്‍ ദൃശ്യങ്ങള്‍ കിട്ടാന്‍ വിവരാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു.

Story Highlights : Sujith about brutality faced by him in Kunnamkulam Police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here