‘കാര്‍ പിന്നിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സ്‌ഫോടന ശബ്ദം കേട്ടു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; യെമനിലെ ഇസ്രയേല്‍ ആക്രമണത്തിന് സാക്ഷിയായതിന്റെ നടുക്കുന്ന അനുഭവം പറഞ്ഞ് 24 സംഘം

യെമനിലെ റിപ്പോര്‍ട്ടിംഗിനിടെ ഇസ്രയേല്‍ ആക്രമണത്തിന് നേരിട്ട് സാക്ഷിയായതിന്റെ നടുക്കുന്ന അനുഭവം വിവരിച്ച് ട്വന്റിഫോര്‍ പ്രതിനിധി അന്‍വര്‍ പാലേരി. സനയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തിലെ റോഡിലൂടെ വാഹനത്തില്‍ പോകുമ്പോള്‍ വെറും 150 മീറ്റര്‍ അകലെ സ്‌ഫോടനം നടന്നതിന്റെ ഞെട്ടലിലാണ് ട്വന്റിഫോര്‍ സംഘം. ട്വന്റിഫോര്‍ സംഘത്തിന്റെ വാഹനം പിന്നിട്ട് നിമിഷങ്ങള്‍ക്ക് ശേഷം പ്രദേശത്ത് ആക്രമണം നടക്കുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ സ്‌ഫോടനത്തിന്റെ മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെന്ന് അന്‍വര്‍ പാലേരിയും സംഘവും പറയുന്നു. (24 news team narrates ground reality of israel attack in yemen )
നിമിഷപ്രിയ വിഷയത്തിലെ റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണ് അന്‍വര്‍ പാലേരി ഉള്‍പ്പെട്ട ട്വന്റിഫോര്‍ സംഘം സനയിലെത്തിയത്. പോകുന്ന വഴിയിലുടനീളം കര്‍ശന പരിശോധനകള്‍ നടന്നിരുന്നു. തൊട്ടടുത്ത് സ്‌ഫോടനം കണ്ട നടുക്കത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിന്നപ്പോള്‍ സംയമനം പാലിക്കാനാണ് കൂടെയുണ്ടായിരുന്ന യെമന്‍ പൗരന്മാര്‍ പറഞ്ഞതെന്ന് അന്‍വര്‍ പാലേരി പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണം ഏത് സമയത്തുമുണ്ടാകുമെന്ന് യെമന്‍ പ്രതീക്ഷിച്ചിരുന്നു എന്നാണ് ജനങ്ങളോട് സംസാരിച്ചപ്പോള്‍ മനസിലാകുന്നതെന്ന് അന്‍വര്‍ പാലേരി കൂട്ടിച്ചേര്‍ത്തു.
Read Also: ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരുക്ക്
35 പേരാണ് യെമനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യെമിനലും ആക്രമണം നടത്തിയത്.
ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ തെക്ക് പടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ ഫെസിലിറ്റിക്ക് നേരെയും ആക്രമണം നടന്നെന്നും യെമന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
Story Highlights : 24 news team narrates ground reality of israel attack in yemen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here