കെഇ ഇസ്മയിലിനെതിരായ നടപടി വൈകിപ്പോയെന്ന് സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം; സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്മയില്‍

മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരായ നടപടി വൈകിപ്പോയെന്ന് സിപിഐ സംസ്ഥാന നമ്മേളനത്തില്‍ വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം. പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരം കൈയ്യാളിയ നേതാവാണ് ഇസ്മയില്‍. അധികാരം നഷ്ടപ്പെട്ടത് മുതല്‍ ഏത് സെക്രട്ടറി വന്നാലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ഇസ്മയിലിന്റെ രീതി. കൊല്ലം സമ്മേളനത്തിലും മലപ്പുറം സമ്മേളനത്തിലും തിരുവനന്തപുരം സമ്മേളനത്തിലും ഇസ്മയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. സസ്‌പെന്‍ഷന്‍ ആയ ആള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയാത്ത നേതാവാണോ ഇസ്മയില്‍. പാര്‍ട്ടി വിദ്യാഭ്യാസം പുതിയ തലമുറയ്ക്ക് മാത്രമല്ല പഴയ തലമുറയിലെ ചിലര്‍ക്കും ഇല്ല എന്നാണ് ഇത് തെളിയിക്കുന്നത് – ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇസ്മയിലിനെ പിന്തുണയ്ക്കുന്ന ചിലരെങ്കിലും ഈ പാര്‍ട്ടിയില്‍ ഉണ്ട്. അവര്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. എറണാകുളം ജില്ലാ കൗണ്‍സിലാണ് വിമര്‍ശനം ഉന്നയിച്ചത്.
അതിനിടെ, കെ ഇ ഇസ്മയില്‍ സിപിഐ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. സദസിലിരുന്ന് സമാപന സമ്മേളനത്തിന്റെ ഭാഗമാകാനാണ് ഇസ്മയിലിന്റെ തീരുമാനം. സസ്‌പെന്‍ഷന്‍ നേരിടുന്നതിനാല്‍ സമ്മേളനത്തിലേക്ക് ഇസ്മയിലിന് ക്ഷണം ഉണ്ടായിരുന്നില്ല. അണികളില്‍ ഒരാളായി പ്രകടനത്തില്‍ പങ്കെടുക്കാനും ആലോചനയുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന സഖാക്കളെ കാണാനാണ് എത്തുന്നതെന്ന് ഇസ്മയില്‍ വ്യക്തമാക്കുന്നു. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനം നാളെയാണ് നടക്കുക.
അതേസമയം, സമ്മേളനത്തില്‍ സിപിഐ ദേശീയ നേതൃത്വത്തിനും ആഭ്യന്തരവകുപ്പിനും പോലീസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സര്‍ക്കാരിന് കളങ്കമാണ് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് എന്ന് പ്രതിനിധികള്‍ .സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ചിറ്റമ്മനയമാണെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. എന്നാല്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിലെ ചര്‍ച്ചയിലെ ആഭ്യന്തര വകുപ്പിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് കാര്യമായ മറുപടി കെ പ്രകാശ് ബാബു നല്‍കിയില്ല.
Story Highlights : Criticism against KE Ismail in CPI state meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here