പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം: മുഖ്യമന്ത്രി

പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാര്‍ഡ് വിതരണവും വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കഴിയും.  മൂല്യബോധവും അര്‍പ്പണബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്ന കേരള മീഡിയ അക്കാദമിക്ക് സര്‍ക്കാരില്‍ നിന്ന് എല്ലാ സഹായവും സഹകരണവുമുണ്ടായിരിക്കും.

മാധ്യമ സാക്ഷരത വ്യാപകമാക്കാന്‍ നടത്തിയ ചുവടുവയ്പിന്റെ ഭാഗമായിട്ടാണ് 1979 ല്‍ കേരള പ്രസ് അക്കാദമി എന്ന സ്ഥാപനം ആരംഭിച്ചത്.  മുന്‍ഗാമികളായ ധിഷണാശാലികളുടെ പ്രവര്‍ത്തനം മാതൃകയാക്കി പുതിയ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുപോകണം. തെറ്റ് വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഭാഗത്താണെങ്കില്‍ അതു തിരുത്തുന്നതിന് പ്രേരകശക്തിയാകണം. അക്കാര്യത്തില്‍ മാതൃകാപരമായ സമീപനം സ്വീകരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വ്യതിചലിക്കുന്നു. അതു മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാക്കപ്പെട്ടുപോകുന്നതിനാലാണ്. ഭയപ്പെടാതെയും ആരെയും ഭയപ്പെടുത്താതെയും മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയണം. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ തിരുത്തിക്കുന്നതിന് പ്രേരക ശക്തിയാകണം. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗം അനവധി വെല്ലുവിളികള്‍ നേരിട്ടണ് ഇന്നത്തെ സ്ഥിതിയിലെത്തിയത്. വളര്‍ച്ചയ്ക്കു വിലങ്ങുതടികളുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ കഴിയണം. ഇപ്പോള്‍ നീതിന്യായ വ്യവസ്ഥയുമായുള്ള പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ അതിജീവിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സര്‍ക്കാര്‍ ന്യായത്തിന്റെ ഭാഗത്താണ്. മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം പ്രതിസന്ധി നേരിട്ടാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും.

പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാടുകള്‍ മാനവരാശിക്ക് അപകടം സൃഷ്ടിക്കുന്നതാണ്. ഇത് ഏവരെയും ആശങ്കയിലാഴ്ത്തുന്നതാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്വബോധത്തൊടെയുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം. കറന്‍സി പ്രശ്‌നത്തില്‍ വേണ്ടവിധത്തില്‍ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞില്ല. ഇക്കാര്യത്തിലുണ്ടായ നയവൈകല്യം വേണ്ടവിധം തുറന്നുകാട്ടാനും കഴിഞ്ഞില്ല. ദേശീയതയുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനും കഴിഞ്ഞില്ല. ഇക്കാര്യങ്ങളിലൊക്കെ ജനജിഹ്വയായി മാറാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം. ഇത്തരത്തില്‍ മാധ്യമമേഖലയില്‍ സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചാലകശക്തിയായി മാറാന്‍ കേരള മീഡിയ അക്കാദമിക്കു കഴിയണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു അധ്യക്ഷനായിരുന്നു. അക്കാദമി സെക്രട്ടറി കെ. ജി. സന്തോഷ് സ്വാഗതം ആശംസിച്ചു. കെ. വി. തോമസ് എം. പി., പി. ടി. തോമസ് എം എല്‍ എല്‍, മുന്‍ എംപിയും സിപി എം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ്, അക്കാദമി മുന്‍ അധ്യാപകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, അക്കാദമി മുന്‍ ഡയറക്ടര്‍ വി. പി. രാമചന്ദ്രന്‍, മുന്‍ കളക്ടര്‍ കെ. ആര്‍. വിശ്വംഭരന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. അക്കാദമിയുടെ വിവിധ അവാര്‍ഡുകളും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.

അക്കാദമിക്ക് എല്ലാ സഹായവും നല്‍കും

press academy cover

കേരളത്തിലെ മാധ്യമമേഖലയുടെ വളര്‍ച്ചയ്ക്കും പരിപോഷണത്തിനുമായി നിലകൊള്ളുന്ന കേരള മീഡിയ അക്കാദമിയുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ എല്ലാവിധ സഹായവും സഹകരണങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമ മ്യൂസിയം സ്ഥാപിക്കുന്നതിന് അക്കാദമി സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും. അടുത്ത വര്‍ഷം സ്‌കൂളുകളില്‍ മാധ്യമ ക്ലബ്ബുകള്‍രൂപീകരിക്കുന്നതിനുള്ള നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രമുഖ സിനിമാ സംവിധായകരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി മാധ്യമ കുലപതികളെക്കുറിച്ച് ഡോക്കുമെന്ററിയുടെ സാധ്യത പരിഗണിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നിര്‍മാണവേളയില്‍ കാക്കനാട് നിലവിലുള്ള അക്കാദമി പ്രധാനം കെട്ടിടം പൊളിക്കേണ്ടിവരും. എന്നാല്‍ അതുവരെ അക്കാദമിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നു അക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2025 ന്റെ ഭാഗമായി മാധ്യമ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ട്. ഇതിനായി സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും. ഹരിതകേരളം പരിപാടിയുടെ പ്രചാരണത്തിന് മീഡിയ അക്കാദമി മുന്നോട്ടുവന്നിട്ടുണ്ട്. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY