Advertisement

ഈ കുട്ടിയെ അറിയുമോ ?

July 3, 2018
Google News 1 minute Read

കാല്‍പ്പന്തിനെ കളിപ്പാട്ടമാക്കിയ ഓമനത്തമുള്ള ഈ കുട്ടിയെ നിങ്ങള്‍ക്ക് മനസിലായോ ? ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലായേക്കും ഈ പ്രതിഭയെ. 1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച ലിയോണല്‍ അന്‍ഡേരേ മെസി ‘കുക്കുട്ടിനി’യെന്ന നമ്മുടെ മെസി. റഷ്യന്‍ ലോകകപ്പില്‍ നിന്ന് മടങ്ങിയെങ്കിലും ലോകമൊട്ടാകെ അനേകായിരങ്ങള്‍ക്ക് പ്രചോദനമാണ് ലയണല്‍ മെസി. കളിക്കളത്തിനുള്ളിലും പുറത്തും മൂല്യങ്ങള്‍ കാത്തു വച്ച വ്യക്തി. ആര്‍ക്കും മാതൃതയാക്കാവുന്ന സ്വഭാവഗുണങ്ങളുള്ള മെസി. അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തതില്‍ പ്രതിഭയോടൊപ്പം അദ്ദേഹം സ്വജീവിതത്തിലൂടെ കാട്ടിത്തന്ന മൂല്യങ്ങളുമുണ്ട്.

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മുന്നില്‍ നല്ല വ്യക്തിത്വമെന്ന് കണ്ണടച്ച് ചൂണ്ടിക്കാട്ടിക്കൊടുക്കാം ഇദ്ദേഹത്തെ. ഒരു മധ്യവര്‍ത്തി കുടുംബത്തില്‍ ജനിച്ച മെസി ഇന്നത്തെ രാജകീയ ജീവിതത്തിലും ജീവിത മൂല്യങ്ങള്‍ കൈവെടിയാതെ ജീവിക്കുന്നെന്നതാണ് അദ്ദേഹത്തെ ഒരു കാല്‍പ്പന്തുകളിക്കാരനെന്ന നിലയില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

1. അതിജീവനത്തിന്റെ കുട്ടിക്കാലം

വലിയ സ്വപ്‌നങ്ങളുള്ള ചെറിയ കുട്ടി. ഒരു സ്റ്റീല്‍ കമ്പനി മാനേജരായിരുന്ന ഹോര്‍ജെ മെസിയുടെയും ഓഫീസിലെ ശുചീകരണ ജീവനക്കാരിയായിരുന്ന സിലിയ കുക്കുട്ടിനിയുടെയും മൂന്നാമത്തെ മകനായിരുന്ന ലയണല്‍ കടുകു പോലെ ചെറിയ കുട്ടിയായിരുന്നു. ജ്യേഷ്ഠന്മാരായ റോഡ്രിഗോയും, മത്തിയാസും പ്രാദേശിക ക്ലബ്ബായ ഗ്രാന്‍ഡോളിയില്‍ പന്തു കളിക്കാന്‍ പോയിരുന്നപ്പോള്‍ അവരോടൊപ്പം പോയ കുഞ്ഞു ലയണലും പന്തിനെ പ്രണയിച്ചു. അമിതമായ ഫുട്‌ബോള്‍ ആവേശം കുടുംബത്തിലെല്ലാവരിലും ഉണ്ടായിരുന്നത് ലയണലിന്റെ രക്തത്തിലേക്കും പകര്‍ന്നതാവാം. അഞ്ചാം വയസില്‍ പന്തുതട്ടിത്തുടങ്ങിയ മെസിയിലെ പ്രതിഭ കണ്ടെത്തിയ കോച്ചാണ് ഹോര്‍ജെ മെസിയോട് ലയണലിന് മികച്ച പരിശീലനം നല്‍കേണ്ടതിനെപ്പറ്റി പറഞ്ഞത്. ഫുട്‌ബോളിനു വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ള കുടുംബം അത് ശിരസാ വഹിച്ചു.

എട്ടാം വയസില്‍ ന്യൂ വാല്‍സില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലയണലിന് വളര്‍ച്ചാ ഹോര്‍മോണിന്റെ അപര്യാപ്തത കണ്ടെത്തിയത്. കുഞ്ഞു ലയണല്‍ എത്ര വളര്‍ന്നാലും 140 സെന്റി മീറ്ററിലധികം വളരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികില്‍സക്കു വേണ്ട ഭീമമായ തുക കണ്ടെത്താന്‍ കുടുംബത്തിനോ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കോ കഴിയാതെ വന്നപ്പോള്‍ കുടുംബം സ്‌പെയിനിലേക്ക് മാറി. സ്പാനിഷ് ക്ലബ് ബാഴ്‌സ ലയണലിന്റെ ചികില്‍സയും പരിശീലനവും ഏറ്റെടുക്കുകയായിരുന്നു. തീരെ ചെറിയ പ്രായത്തില്‍ തന്നെ കാലു വേദനയും, ശാരീരിക അവശതകളും, ചികില്‍സാ വിഷമതകളും അലട്ടിയപ്പോഴും കാല്‍പ്പന്തിനോടുള്ള പ്രണയമാണ് ആ കുരുന്നിനെ മുന്നോട്ട് നയിച്ചത്. തന്റെ മുന്നില്‍ നില്‍ക്കുന്ന കുള്ളനായ കുട്ടിക്ക് കാല്‍പ്പന്തിന്റെ ലോകത്ത് എന്തെങ്കിലുമാകാന്‍ കഴിയുമോയെന്ന് കോച്ച് പോലും ശങ്കിച്ചിരുന്നു. എന്നാല്‍ ഗ്രൗണ്ടിലിറങ്ങിയ ലയണല്‍ പന്തടക്കം കൊണ്ട് അത് ദുരീകരിച്ചു. അതായിരുന്നു ജീവിതത്തിന്റെ തുടക്കത്തിലെ അതിജീവനം

2. അമ്മയോടും അമ്മൂമ്മയോടുമുണ്ടായിരുന്ന സ്‌നേഹം

ബാര്‍സയില്‍ ലയണല്‍ പരിശീലനം തുടരുമ്പോള്‍ ഒപ്പം പിതാവു മാത്രമാണുണ്ടായിരുന്നത്. കാറ്റലോണിയന്‍ ഭാഷയില്‍ നാക്കുളുക്കി അമ്മയും സഹോദരങ്ങളും സ്‌പെയിന്‍ വിട്ടപ്പോള്‍ മെസിക്ക് കുടുംബത്തെ പിരിഞ്ഞിരിക്കാന്‍ വിഷമം തോന്നി. കുട്ടിത്തത്തിന്റെ വാശികളോ വഴക്കുകളോ ഇല്ലാതിരുന്ന ലയണലിന്റെ കണ്ണു നിറഞ്ഞത് അമ്മയെ കാണണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ മാത്രമാണ്. മാത്രവുമല്ല മുത്തശ്ശിയുമായി കടുത്ത ആത്മബന്ധമായിരുന്നു ലയണലിന്. ചേട്ടന്മാര്‍ ഫുട്‌ബോള്‍ തട്ടുമ്പോള്‍ പലപ്പോഴും പന്തു കിട്ടാതിരുന്ന മെസിക്ക് തുണിപ്പന്തുണ്ടാക്കി കൊടുത്ത് അവനോടൊപ്പം കളിച്ചിരുന്നത് മുത്തശ്ശിയായിരുന്നു. കോച്ചിങ്ങിനായി അര്‍ജന്റീനയിലെ ക്ലബ്ബില്‍ മെസിക്ക് തുണ പോയിരുന്നതും മുത്തശ്ശി തന്നെ. എന്നാല്‍ കുട്ടിയുടെ പതിനൊന്നാം പിറന്നാളിന് തൊട്ടു മുന്‍പ് മുത്തശ്ശി മരിച്ചത് അവന് വലിയ ഷോക്കായി. മുത്തശ്ശിയോടുള്ള സ്‌നേഹവും ആദരവും ഇന്നും മനസില്‍ സൂക്ഷിക്കുന്ന ലയണല്‍ ഓരോ ഗോളിനു ശേഷവും ആകാശത്തേക്ക് കൈകളുയര്‍ത്തി ആഹ്ലാദിക്കുന്നത് ആകാശത്ത് നക്ഷത്രമായി നില്‍ക്കുന്ന മുത്തശ്ശിക്കു വേണ്ടിയാണ്.

3. രാജ്യത്തോടും ക്ലബ്ബിനോടും ഉള്ള പ്രതിബദ്ധത

ലയണല്‍ ബാഴ്‌സക്കു വേണ്ടി മാത്രമേ കളിച്ചിട്ടുള്ളു. ചെറിയ പ്രായത്തില്‍ ചികില്‍സയും പരിശീലനവും തന്ന് തന്നെ ലോകമറിയുന്ന കാല്‍പ്പന്തു കളിക്കാരനാക്കിയത് ബാഴ്‌സയെന്ന് ലയണല്‍ മറന്നിട്ടില്ല. വലിയ കളിക്കാരനാകുമ്പോള്‍ വലിയ ഓഫറുകള്‍ക്ക് പിന്നാലെ പായുന്ന കളിക്കാര്‍ക്ക് ഒരു അപവാദമാണ് ലയണല്‍. മാത്രവുമല്ല സ്‌പെയിനിന്റെ ദേശീയ ടീമിലേക്ക് കളിക്കാന്‍ വിളിച്ചപ്പോള്‍ അര്‍ജന്റീനക്കു വേണ്ടി മാത്രമേ കളിക്കൂ എന്ന് വാശി പിടിച്ച ലയണലിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നവരോടെന്ത് പറയാന്‍.

3. മിതഭാഷിയും മൃദു സമീപനക്കാരനും

കളിക്കളത്തില്‍ അമിതാവേശമോ അമിതസംസാരമോ പ്രകടനമോ ഇല്ലാതെ നമ്മെ അതിശയിപ്പിക്കുന്നു ലയണല്‍. ഇവന്‍ മൂകനാണോയെന്ന് ചെറുപ്പകാലത്ത് പല സഹകളിക്കാരും ചോദിച്ചിട്ടുണ്ട്. പലപ്പോഴും കളിക്കളത്തില്‍ സംഘര്‍ഷം നടക്കുമ്പോള്‍ എളിയില്‍ കൈകൊടുത്ത് നിസംഗനായി മാറി നില്‍ക്കുന്ന ലയണലിനെ കാണുന്നവര്‍ ഫെയര്‍ പ്ലേയുടെ പാഠങ്ങളും പഠിക്കുന്നു

4. ജീവിതത്തിലെ വിശ്വസ്തത

ഒന്‍പതാം വയസില്‍ ചങ്കിലേറ്റിയ അന്റോണല്ലെ റൊക്കൂസയുടെ വിശ്വസ്തനായ ഭര്‍ത്താവും തിയോഗോയുടെയും മത്തിയാസിന്റെയും സ്നേഹസമ്പന്നനായ പിതാവുമാണ് മെസി. അപവാദങ്ങളുടെ പാതകളില്‍ നിന്ന് തിരിഞ്ഞു നടന്ന മെസി കാല്‍പ്പന്തില്ലാത്ത സമയങ്ങളില്‍ കുടുംബത്തോടൊപ്പമാണ്. ലോകത്തെ ഏറ്റവും ഭാഗ്യവതിയായ ഭാര്യ ഞാനെന്ന അന്റോണെല്ലയുടെ പോസ്റ്റിനേക്കാള്‍ വലിയ സര്‍ട്ടിഫിക്കറ്റ് ലയണലിന് കിട്ടാനില്ല. ചങ്ക് ബ്രോയായ സുവാരസാണ് ബാഴ്‌സലോണയില്‍ മെസിയുടെ അയല്‍ക്കാരന്‍. ഇടവേളകളില്‍ ഇരു കുടുംബത്തിന്റെയും ഒത്തുചേരല്‍ ഇക്കാലത്ത് അപൂര്‍വ്വമായ നല്ല സുഹൃദ് ബന്ധത്തിനും, അയല്‍വക്ക ബന്ധത്തിനും ഉദാഹരണമാണ്.

5. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

അര്‍ജന്റീനയില്‍ താന്‍ കളിച്ചു വളര്‍ന്ന ക്ലബ്ബിന്റെ നവീകരണം, കുട്ടിത്താരങ്ങള്‍ക്കുള്ള ജിം, ഒട്ടേറെ കുട്ടികള്‍ക്ക് പരിശീലന സഹായം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ലയണല്‍ മെസി ഫൗണ്ടേഷന്‍ ചെയ്യുന്നു. ഇതിനു പുറമേ യൂണിസെഫുമായി ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു ലയണല്‍. തന്റെ മക്കളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കായി മെസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്നു.

6. അന്നത്തെ ലയണല്‍ ഇന്നും

റൊസാരിയോയിലെ ഒരു സാധാരണ കുംടുംബത്തില്‍ പിറന്ന് വെല്ലുവിളികളിലൂടെ മറ്റുള്ളവരുടെ തണലില്‍ വളര്‍ന്ന കുട്ടി സമ്പന്നതയുടെ മടിത്തട്ടിലെത്തിയപ്പോഴും ഒട്ടും മാറിയിട്ടില്ല. ഇന്നും സാധാരണക്കാരനേപ്പോലെ ജീവിക്കുന്ന മെസി അഭിമുഖങ്ങളിലും പറയുന്നത് അതു തന്നെ. തിരക്കിലും തന്നെ സമീപിക്കുന്ന കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് കൊടുക്കാനും അവരോടൊത്ത് സെല്‍ഫിക്ക് പോയ് ചെയ്യാനും മെസി മടികാണിക്കാറില്ല.

7. സഹകളിക്കാരെ അഭിനന്ദിക്കുന്ന മനോഭാവം

ഞാനാണ് വലിയവനെന്ന ഈഗോയുടെ കുട്ട ചുമന്നു നടക്കുന്നവര്‍ക്കിടയില്‍ സഹതാരങ്ങള്‍ക്കുമേല്‍ അഭിനന്ദനം ചൊരിയുന്ന മെസി വ്യത്യസ്തനാകുന്നു. തന്നെ ഒരു സാമാന്യ കളിക്കാരനായി വിലയിരുത്തുന്ന മെസി റൊണാള്‍ഡോയെയും, ഇനിയെസ്റ്റയെയും, നെയ്മറെയുമൊക്കെയാണ് മികച്ച കളിക്കാരായി വിലയിരുത്തുന്നത്.
ഒരു താരമല്ല താനൊരു മനുഷ്യനാണെന്ന് തന്റെ പ്രവര്‍ത്തികളിലൂടെ പറയാതെ പറയുകയാണ് ലയണല്‍ മെസി. കപ്പില്ലെങ്കിലും കുന്നോളം നന്മയുള്ള ആ ഉയരം കുറഞ്ഞ മനുഷ്യനു മുന്നില്‍ ഉയരം കുനിഞ്ഞു കൊടുക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here