Advertisement

സാനിറ്ററിപാഡും വിയര്‍പ്പും കൂടി ഉരഞ്ഞു പൊട്ടുന്ന തുടയിടുക്കിലെ നീറ്റല്‍; ഇതില്‍ എവിടെയാണ് ഹാപ്പി ടു ബ്ലീഡ്?

November 28, 2018
Google News 1 minute Read
sruthi rajan

ആര്‍ത്തവത്തില്‍ ബ്ലീഡ് ചെയ്യുന്നതിലെ ഹാപ്പിനസ് എന്താണെന്ന ചോദ്യമുയര്‍ത്തുന്ന ശ്രുതി രാജന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. ആദ്യ ദിവസം മുതല്‍ തുടങ്ങുന്ന അടിവയറ്റിലെ സ്ഫോടനം, നടുവേദന, യോനീവേദന, കാലുവേദന എന്നിങ്ങനെ വേദനകളുടെ പല പര്‍വ്വത്തിന്‍റെ ദിവസങ്ങളില്‍ ഒന്ന് ടോയ്ലറ്റില്‍ ഇരിക്കാന്‍ പോലും പറ്റാത്ത വിധം കുഴങ്ങുമ്പോള്‍ എവിടുന്നാണ് ഈ ഹാപ്പിനെസ്സ് വരേണ്ടതെന്ന് ശ്രുതി ചോദിക്കുന്നു.
സൗകര്യമുള്ള സ്ലീപ്പിംഗ് പൊസിഷന്‍ സാധ്യമല്ലാത്തതു കൊണ്ട് ഉറക്കം പോലും ശെരിയാകില്ല ആ ദിവസങ്ങളില്‍. ശാരീരികപ്രശ്നങ്ങളേക്കാള്‍ അലമ്പാണ് അതിനോട് കൂടെ പൊട്ടിപ്പുറപ്പെടുന്ന മൂഡ്‌സ്വിംഗ്സും ആങ്ങ്സൈറ്റിയും പോലുള്ള മാനസികപ്രശ്നങ്ങള്‍. കണ്ണില്‍കണ്ടതിനോടൊക്കെ ദേഷ്യം, ക്ഷമ ഇല്ലായ്മ, പെട്ടെന്ന് സങ്കടം വരല്‍ എന്ന് തുടങ്ങി എല്ലാത്തിന്റെയും എക്സ്ട്രീം അവസ്ഥകള്‍ ആണ്. പ്രിയപ്പെട്ടവരോട് വഴക്കിട്ട് കഴിഞ്ഞ് മൂഡ്‌ ഒന്ന് ഓക്കെ ആകുമ്പോള്‍ തോന്നുന്ന ചടപ്പുണ്ടല്ലോ. പെണ്ണുങ്ങള്‍ക്ക് കാര്യം മനസ്സിലാകുമെങ്കില്‍ കൂടി ആര്‍ത്തവത്തിന്റെ ഇത്തരം ചൊടിപ്പിക്കലുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന/ശ്രമിക്കുന്ന എത്ര ആണുങ്ങള്‍ ഉണ്ടാകും? അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ബുദ്ധിമുട്ടിച്ചു കടന്നു പോകുന്ന എന്‍റെ ആര്‍ത്തവനാളുകളെ നോക്കി എനിക്ക് പറയാന്‍ സാധിക്കില്ല ഹാപ്പി റ്റു ബ്ലീഡ് എന്ന്- ശ്രുതി പറയുന്നു.
ആര്‍ത്തവവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളേയും മാമൂലുകളേയും ഭേദിക്കുക എന്ന ലക്ഷ്യത്തോടെ വന്ന ക്യാമ്പെയിനാണ് ഹാപ്പി ടു ബ്ലീഡ് എന്ന ക്യാമ്പെയിന്‍. ഇതിന് എതിരെയാണ് ശ്രുതിയുടെ പോസ്റ്റ്.

ശ്രുതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ആര്‍ത്തവസമയത്ത് തങ്ങള്‍ അശുദ്ധര്‍ ആണെന്ന് അഭിമാനത്തോടെ സമ്മതിക്കുന്ന പെണ്ണുങ്ങളെ പോലെ തന്നെ എനിക്ക് മനസ്സിലാവാത്ത മറ്റൊരു വിഭാഗം പെണ്ണുങ്ങളാണ് ആര്‍ത്തവത്തെ റൊമാന്റിസൈസ് ചെയ്തുകൊണ്ട് ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന് തട്ടിനും മുട്ടിനും പോസ്റ്റ്‌ ഇടുന്ന വിഭാഗം. ഈ ബ്ലീഡ് ചെയ്യുന്നതിലെ ഹാപ്പിനെസ്സ് എന്താണെന്ന് തീരെ മനസ്സിലാവുന്നില്ല. വ്യക്തിപരമായി ഏറ്റവും വെറുക്കുന്ന ദിവസങ്ങള്‍ ആണ് ആര്‍ത്തവദിനങ്ങള്‍. ആദ്യ ദിവസം മുതല്‍ തുടങ്ങുന്ന അടിവയറ്റിലെ സ്ഫോടനം, നടുവേദന, യോനീവേദന, കാലുവേദന എന്നിങ്ങനെ വേദനകളുടെ പല പര്‍വ്വത്തിന്‍റെ ദിവസങ്ങളില്‍ ഒന്ന് ടോയ്ലറ്റില്‍ ഇരിക്കാന്‍ പോലും പറ്റാത്ത വിധം കുഴങ്ങുമ്പോള്‍ എവിടുന്നാണ് ഈ ഹാപ്പിനെസ്സ് വരേണ്ടത്. സാനിറ്ററിപാഡും വിയര്‍പ്പും കൂടി ഉരഞ്ഞു പൊട്ടുന്ന തുടയിടുക്കിലെ നീറ്റല്‍. യാത്രകളില്‍ ആണ് ഏറ്റവും കഷ്ടം. നല്ല പൊതുകക്കൂസുകള്‍ ഇല്ലാത്തതിന്റെ പേരില്‍ കവിഞ്ഞൊഴുകി ഉടുത്തിരിക്കുന്ന തുണിയിലേക്കും പടരും ചോര. ഡിസ്പോസ് ചെയ്യാനുള്ള ബിന്‍ ഇല്ലാത്തത് കൊണ്ട് നിറഞ്ഞ പാട് പൊതിഞ്ഞു ചുരുട്ടി ബാഗില്‍ വച്ച് അതിനുള്ള സൗകര്യമുള്ള ഇടം എത്തുന്നത് വരെ ഇരിക്കുമ്പോള്‍ സൈഡ്സീറ്റും ഇളയരാജയുടെ പാട്ടും ഹെഡ്സെറ്റുമൊന്നും ഉണ്ടായിട്ടും അസ്വസ്ഥത അല്ലാതെ മറ്റൊരു തരത്തിലുള്ള ആസ്വാദ്യതയും ഉണ്ടായിട്ടില്ല. സൗകര്യമുള്ള സ്ലീപ്പിംഗ് പൊസിഷന്‍ സാധ്യമല്ലാത്തതു കൊണ്ട് ഉറക്കം പോലും ശെരിയാകില്ല ആ ദിവസങ്ങളില്‍. ശാരീരികപ്രശ്നങ്ങളേക്കാള്‍ അലമ്പാണ് അതിനോട് കൂടെ പൊട്ടിപ്പുറപ്പെടുന്ന മൂഡ്‌സ്വിംഗ്സും ആങ്ങ്സൈറ്റിയും പോലുള്ള മാനസികപ്രശ്നങ്ങള്‍. കണ്ണില്‍കണ്ടതിനോടൊക്കെ ദേഷ്യം, ക്ഷമ ഇല്ലായ്മ, പെട്ടെന്ന് സങ്കടം വരല്‍ എന്ന് തുടങ്ങി എല്ലാത്തിന്റെയും എക്സ്ട്രീം അവസ്ഥകള്‍ ആണ്. പ്രിയപ്പെട്ടവരോട് വഴക്കിട്ട് കഴിഞ്ഞ് മൂഡ്‌ ഒന്ന് ഓക്കെ ആകുമ്പോള്‍ തോന്നുന്ന ചടപ്പുണ്ടല്ലോ. പെണ്ണുങ്ങള്‍ക്ക് കാര്യം മനസ്സിലാകുമെങ്കില്‍ കൂടി ആര്‍ത്തവത്തിന്റെ ഇത്തരം ചൊടിപ്പിക്കലുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന/ശ്രമിക്കുന്ന എത്ര ആണുങ്ങള്‍ ഉണ്ടാകും. സൗഹൃദവലയത്തില്‍ ഉള്ള ആണുങ്ങളില്‍ കുറച്ചുപേരോട് ഇത്തിരി സ്നേഹക്കൂടുതല്‍ ഉള്ളത് അവര്‍ ഈ അവസ്ഥകളെ കുറച്ചെങ്കിലും ഉള്‍ക്കൊള്ളുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട് എന്ന കാരണത്താല്‍ ആണ്. ഏഴു ദിവസങ്ങളുടെ ആര്‍ത്തവകാലങ്ങള്‍ക്കിടയില്‍ 21 മുതല്‍ 23 ദിവസങ്ങളുടെ ഇടവേളയേ ഉള്ളൂ. പല കാര്യങ്ങളും ഇതിന്റെ വരവിനേയും കൂടി ചേര്‍ത്ത് പരിഗണിച്ചുകൊണ്ട് കൊണ്ടാണ് പ്ലാന്‍ പോലും ചെയ്യേണ്ടി വരുന്നത്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ബുദ്ധിമുട്ടിച്ചു കടന്നു പോകുന്ന എന്‍റെ ആര്‍ത്തവനാളുകളെ നോക്കി എനിക്ക് പറയാന്‍ സാധിക്കില്ല ഹാപ്പി റ്റു ബ്ലീഡ് എന്ന്. എന്‍റെ യോനീചോര്‍ച്ചയുടെ പേരില്‍ ഒരിക്കലും പുളകം കൊള്ളാന്‍ സാധിക്കില്ല. അതൊരു ശാരീരികപ്രക്രിയയായി ഉള്‍ക്കൊള്ളുന്നു, അതിന്‍റെ ബുദ്ധിമുട്ടുകളോട് കൂടി തന്നെ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here