നടയടച്ച തന്ത്രിയുടെ നടപടി തെറ്റ്: ദേവസ്വം കമ്മിഷണർ

ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. മകരവിളക്കിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേര്‍ന്ന ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം .ശബരിമലയിൽ നട അടയ്ക്കണമെങ്കിൽ ബോർഡിന്റെ അനുമതി വേണം. യുവതികൾ വന്നത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. ആചാര ലംഘനമുണ്ടായാൽ പോലും ബോർഡിന്റെ രേഖാമൂലമുള്ള മറുപടി വേണം. അത് കൊണ്ട് തന്നെ തന്ത്രിയുടെ നിലപാട് തെറ്റാണ്. തന്ത്രിയെ മാറ്റാനുള്ള അധികാരം ബോർഡിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റമറ്റ രീതിയിൽ മകരവിളക്ക് നടത്താനാണ് തീരുമാനമെന്നും ദേവസ്വം കമ്മിഷണർ എൻ.വാസു യോഗത്തില്‍ വ്യക്തമാക്കി.തന്ത്രിക്ക് 15 ദിവസത്തെ സാവകാശം നൽകിയത് സ്വാഭാവിക നീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായിമകരജ്യോതി ദർശിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. കഴിഞ്ഞ അഞ്ച് ദിവസമായി ഭക്തരുടെ വൻതിരക്കാണ്. ഭക്ത ജനങ്ങൾക്ക് നടപ്പന്തലിൽ വിരിവയ്ക്കാൻ നിയന്ത്രണമില്ല. തടസങ്ങളുണ്ടെങ്കിൽ പോലീസുമായി ചർച്ച ചെയ്യും പരിഹരിക്കും. നിരീക്ഷണ സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കും അരവണയിലും കാണിക്കയിലും വർധനയുണ്ട്. മകരവിളക്ക് കാലത്ത് മുൻ വർഷത്തേക്കാൾ വരുമാനം വർധിച്ചു. മണ്ഡല കാലത്തു വരുമാനത്തിലുണ്ടായ കുറവ് പരിഹരിച്ചു വരുന്നു.
ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് ഇനിയും സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. യുവതികള്‍ ശബരിമലയിലേക്ക് വരണമെന്ന് ബോർഡ് പറയില്ലെന്ന് ബോർഡ് അംഗം എന്‍ വിജയകുമാർ പറഞ്ഞു. പോലീസ് ചെയ്യുന്ന കാര്യത്തിന് മറുപടി പറയേണ്ട ബാധ്യത ബോർഡിനില്ല. ബോർഡിന്റെ മുന്നിൽ എല്ലാവരും ഭക്തരാണ്. ബോർഡിന്റെ ഒരു ക്ഷേത്രത്തിലും ആരെയും സ്വാഗതം ചെയ്യുന്നില്ല. ബോർഡിന് മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണ്. തന്ത്രിക്ക് നൽകേണ്ട നോട്ടീസ് എക്സിക്യുട്ടീവ് ഓഫീസർക്ക് കൈമാറി. തന്ത്രി ദേവസ്വം ബോർഡിന് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here