Advertisement

ഞങ്ങള്‍ക്ക് മുന്നില്‍ സമയം ഇല്ലെന്ന തിരിച്ചറിവായിരുന്നു ആ വീഡിയോ; സേവ് ആലപ്പാടിന് പിന്നിലെ വൈറല്‍ വീഡിയോയിലെ പെണ്‍കുട്ടി

January 10, 2019
Google News 1 minute Read
kavya

സേവ് ആലപ്പാട്  പോരാട്ടങ്ങളുടെ മുഖമാണ് ഇന്ന്  കാവ്യ. അഴീക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി ശാന്തന്റേയും സുജയുടേയും മകള്‍.ജനിച്ച മണ്ണില്‍ തന്നെ മരിക്കണം, അത് ഞങ്ങളുടെ ആഗ്രഹമാണ്, അതിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത് എന്ന കാവ്യയുടെ വാക്കുകള്‍ കേള്‍വിക്കാരുടെ ഹൃദയത്തിലാണ് വന്ന് വീണത്. ലക്ഷക്കണക്കിന് പേരാണ് കാവ്യയുടെ ഈ വീഡിയോ ഷെയര്‍ ചെയ്തത്.

ആലപ്പാട്ടെ ഖനനത്തിന് എതിരെ ഒരു ജനത നടത്തുന്ന സമരത്തിന് വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ പിന്തുണ ലഭിക്കുന്നത്. കാവ്യയുടെ ഈ വീഡിയോ സോഷ്യല്‍ ക്യാമ്പെനിങ്ങുകള്‍ക്ക്  നല്‍കിയ ഊര്‍ജ്ജം വളരെ വലുതാണ്. ആലപ്പാട് വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരാന്‍ ഇടയാക്കിയതും കാവ്യയുടെ ഈ വീഡിയോയാണ്.

കരുനാഗപ്പള്ളി ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് കാവ്യ. ചേച്ചി ആദര്‍ശയുടെ ഫോണിലാണ് കാവ്യ ഈ വീഡിയോ എടുക്കുന്നത്. ചേച്ചിയുടെ സുഹൃത്തിനാണ് ഈ വീഡിയോ ആദ്യം അയച്ചത്. സുഹൃത്ത് ആ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. അവിടെ നിന്നാണ് ആലപ്പാട് വിഷയത്തെ ചൂട് പിടിപ്പിച്ച് കാവ്യയുടെ വീഡിയോ കത്തി പടരുന്നത്.


പ്രതികരിക്കേണ്ട സമയം കഴിഞ്ഞു എന്ന തോന്നലിലാണ് ആ വീഡിയോ ചെയ്തതെന്ന് കാവ്യ ട്വന്റിഫോറിനോട് പറഞ്ഞു. എനിക്ക് അറിയുന്ന കാര്യങ്ങള്‍ പങ്കുവച്ചു എന്നതിനപ്പുറം മറ്റൊന്നും ചിന്തിച്ചില്ല. ഈ നാട് തന്നെ ഇല്ലാതായിപ്പോകുമെന്ന ചിന്തയില്‍ പിറന്ന വീഡിയോ എന്നല്ലാതെ ആ വീഡിയോയെ കുറിച്ച് ഇപ്പോള്‍ എനിക്ക് ഒന്നും പറയാനില്ല. കേരളത്തിന്റെ പല പ്രദേശങ്ങളും ഇത് പോലെ ഇല്ലാതായാലോ എന്ന ഭീതിയായിരുന്നു. ഇവിടെ വന്ന് കാണുമ്പോളേ മനസിലാകൂ ഇനി എത്രത്തോളം ഭാഗം കടലെടുക്കാനുള്ളൂ കടലും കായലും തമ്മിലുള്ള ദൂരം കുറഞ്ഞ് വരികയാണ്. ഭീതി നിറയ്ക്കുന്ന കാഴ്ചയാണ് ഇവിടമാകെ. ആ ഭയമാണ് വാക്കുകളായി വീഡിയോയില്‍ പറഞ്ഞത്- കാവ്യ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമല്ല. വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞതിന് ശേഷം ഒരു ഫെയ്സ് ബുക്ക് അക്കൗണ്ട് തുടങ്ങി. ഹാഷ് ടാഗുകള്‍ ഇട്ട് ഞങ്ങള്‍ ആദ്യം ഒരു ക്യാമ്പെയിന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ആരും അത് ശ്രദ്ധിച്ചില്ലെന്നും എന്നാല്‍ വീഡിയോയ്ക്ക് ശേഷം ക്യാമ്പെയ്ന്‍ വ്യാപകമായി പ്രചരിക്കപ്പെട്ടെന്നും കാവ്യ പറയുന്നു.

അഴീക്കല്‍ സ്വദേശിനിയാണ് കാവ്യ. ആലപ്പാടിനെ പോലെ കരിമണല്‍ ഖനനം അഴീക്കലിന് വലിയ ഭീഷണി ഉയര്‍ത്തിയിട്ടില്ല. എങ്കിലും സ്ക്കൂളില്‍ പോലും പോകാതെ കാവ്യ ഈ നാടിനും നാടിന് വേണ്ടി സമരം ചെയ്യുന്നവര്‍ക്കും കൂടെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here