‘ഒരു ഗുണനിലവാര പരിശോധനയും കൂടാതെ മരുന്നുകൾക്ക് വിപണന അനുമതി; ജനങ്ങളുടെ ജീവൻ കൊണ്ട് ആയുഷ് മന്ത്രാലയം കളിയ്ക്കുന്നു’ :പാർലമെന്ററി സമിതി

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താത്പര്യം നൽകുന്ന ആയുഷ് വകുപ്പിനെതിരെ ഗുരുതര ആക്ഷേപങ്ങളുമായ് പാർലമെന്ററി സമിതി. ഗുണനിലവാരമില്ലാത്ത ആയുർവേദമരുന്നുകളുടെ വിപണനം തടയുന്നതിൽ കുറ്റകരമായ വീഴ്ചയാണ് ആയുഷ്മന്ത്രാലയം വരുത്തുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിമർശനം. രാജ്യത്തെ ജനങ്ങളുടെ ജീവൻ സാമ്പത്തിക ലാഭത്തിന് വേണ്ടി മരുന്നു കമ്പനികൾ പന്താടുന്നത് മന്ത്രാലയം നോക്കി നിൽക്കുകയാണെന്ന് സമിതി വിലയിരുത്തി. 24 എക്‌സ്‌ക്ലൂസീവ്.
രാജ്യസഭാഅംഗം രാംഗോപാൽ യാദവിന്റെ അദ്ധ്യക്ഷതയിലുള്ള പാർലമെന്ററി സമിതി നൽകിയ റിപ്പോർട്ടിനെ ആയുഷ് മന്ത്രാലയത്തിനെതിരെയുള്ള കുറ്റപത്രം എന്ന് വിളിയ്ക്കാം. അത്രമാത്രം ഗുരുതരമായ വിമർശനങ്ങളാണ് പാർലമെൻററിസമിതി ഉന്നയിച്ചിട്ടുള്ളത്. എറ്റവും പ്രധാനം രാജ്യത്തെ ജനങ്ങളെ സാമ്പത്തിക താത്പര്യങ്ങൾക്ക് വേണ്ടി ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകി കബളിപ്പിയ്ക്കുന്നതിനെ മന്ത്രാലയം നോക്കുകുത്തിയായ് വീക്ഷിയ്ക്കുന്നു എന്നത് തന്നെ. ആയുർവേദത്തിന് പുറമേ സിദ്ധ യുനാനി ഹോമിയോപ്പതി മേഖലയിലും മന്ത്രാലയത്തിന്റെ വീഴ്ച മൂലം ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് വിതരണം ചെയ്യപ്പെടുന്നത്. ഗുണനിലവാരമില്ലാത്ത മരുന്നുകൾക്ക് അനുമതി നൽകുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശനമായ നടപടികൾ എടുക്കാത്തതിനെയും റിപ്പോർട്ട് കർശനമായ് വിമർശിയ്ക്കുന്നു.
സാമ്പിളുകളുടെ പരിശോധനകളിൽ വലിയ വീഴ്ചകളാണ് ഉണ്ടാകുന്നത്. ഒരു ഗുണനിലവാര പരിശോധനയും കൂടാതെ മരുന്നുകൾക്ക് വിപണന അനുമതി ലഭിയ്ക്കുന്നു. ജനങ്ങളുടെ ജീവൻ കൊണ്ടാണ് മന്ത്രാലയം കളിയ്ക്കുന്നതെന്നാണ് പാർലമെന്ററി സമിതിയുടെ വിലയിരുത്തൽ. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് പ്രസിദ്ധികരിയ്ക്കുന്ന പരസ്യങ്ങൾ തടയുന്നതിലെ വീഴ്ചയും ഗുരുതരാമാണ്. 2015 നും 2018 മാർച്ചിനും ഇടയിൽ 809 വിവരങ്ങൾ പരസ്യവുമായ് ബന്ധപ്പെട്ട് ലഭിച്ചു. എന്നാൽ കർശനമായ നടപടികൾ എടുക്കാനോ പരസ്യം തടയാനോ മന്ത്രാലയം ഇപ്പോഴും താത്പര്യം കാട്ടുന്നില്ല. അസുഖങ്ങളോ വേദനയോ ഭേഭമാക്കാം എന്നോ ഭേഭമാക്കിയെന്നോ പരസ്യം നൽകുന്നത് കുറ്റകരമാണ്. ഇതിനെതിരെ പോലും മന്ത്രാലയം ഇതുവരെയും പരാതികൾ ലഭിച്ചിട്ടും നടപടികൾ എടുക്കാത്തത് എത് സാഹചര്യത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും പാർലമെന്ററി സമിതി കുറ്റപ്പെടുത്തുന്നു. ഭലത്തിൽ ആയുഷ്മന്ത്രാലത്തിൽ നടക്കുന്നത് വലിയ ക്രമക്കെടും അഴിമതിയും ആണെന്ന് പരോക്ഷമയ് സൂചിപ്പിയ്ക്കുന്നതാണ് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here