Advertisement

‘സ്ത്രീ ശരീരം ലൈംഗികമല്ലാത്ത സാഹചര്യത്തില്‍ എത്രമാത്രം പരിചിതമാണ്?’

January 14, 2019
Google News 2 minutes Read

‘സ്ത്രീ ശരീരം ലൈംഗികമല്ലാത്ത സാഹചര്യത്തില്‍ എത്രമാത്രം പരിചിതമാണ്?’ ചോദ്യം പുരുഷന്‍മാരോടാണ്. ചോദിക്കുന്നത് സ്ത്രീയാണ്. നഗ്നത പലരൂപത്തില്‍ പ്രതിനിധാനം ചെയ്യപ്പെടേണ്ട ആവശ്യകതയെ കുറിച്ച് അധ്യാപികയായ റസീന എഴുതിയ കുറിപ്പ് ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നു.

ലൈംഗികതക്കപ്പുറം സ്ത്രീ ശരീരം പുരുഷ ലോകത്തിന് പരിചിതമാവേണ്ടതിനെ കുറിച്ചാണ് റസീന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നത്. ഒരേസമയം പുരുഷ മാറിടത്തിലേക്കും സ്ത്രീയുടെ മാറിടത്തിലേക്കും നോക്കുന്നതിന്റെ പച്ചയായ രാഷ്ട്രീയം പറയുന്നതാണ് റസീന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്. ലൈംഗികമല്ലാത്ത സാഹചര്യത്തില്‍ സ്ത്രീ ശരീരം പുരുഷന് എത്രമാത്രം പരിചിതമാണ് എന്ന ചോദ്യമാണ് റസീന തന്റെ കുറിപ്പിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ പ്രവേശന കവാടം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും മോശമായ രീതിയില്‍ അപഹസിക്കപ്പെടുന്ന സാഹചര്യത്തിലാണ് റസീനയുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

നഗ്നത പലരൂപത്തിൽ സമൂഹത്തിൽ പ്രതിനിധാനം ചെയ്യ പെടേണ്ടതുണ്ട്. അടിവസ്ത്രങ്ങളുടെ പരസ്യത്തിൽ, മാംസളമായി മാത്രമല്ല. ചുക്കി ചുളിഞ്ഞതും, തൂങ്ങിപോയതും നീരുവെച്ചതും, രോഗം ബാധിച്ചതും ആയ സ്ത്രീമേനി പുരുഷലോകത്തിന് പരിചിതമാവേണ്ടത് സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്തിന്റെ കൂടി ആവിശ്യമാണ്.

പുരുഷന്റെ രോമാവൃതമായ വിരിഞ്ഞമാറിടം വല്യേ ആനയാണ് ചേനയാണ് സ്ത്രീകളിൽ ഉത്തേജനം ഉണ്ടാകുന്നുണ്ട് എന്നൊക്കെ ആണല്ലോ വെപ്പ്. നിരന്തരം അനാവൃതമായിരുന്നിട്ടും കണ്ടമാത്രയിൽ കേറിപ്പിടിക്കാനുള്ള ത്വര സ്ത്രീകൾക്ക് തുലോം കുറവാണ്. അവളൊരു നന്മമരം ആയതുകൊണ്ടോഅവൾക്കു വികാരങ്ങൾ കുറവായതോ അല്ല അതിനുകാരണം. ആ അടക്കി വെക്കലിന് പിറകിൽ ഒരു പരിശീലനം നടന്നിട്ടുണ്ട്. പിതാവിന്റെ, സഹോദരന്റെ, അടുത്ത വീട്ടിലുള്ള സകല പുരുഷൻ മാരുടെയും, പറമ്പിലും പാടത്തും പണിയെടുക്കുന്നോരുടെ, തോട്ടിലും കുളത്തിലും കുളിക്കുന്നോരുടെ, പിന്നെ സിനിമയിൽ ചിത്രത്തിൽ, അങ്ങിനെ യങ്ങിനെ ലൈംഗികത യുമായി ചേർന്നല്ലാതെ, അതിസാധാരണ മായ ജീവിതസാഹചര്യങ്ങളിൽ പുരുഷമാറിടം/ശരീരം സ്ത്രീകൾ കണ്ടു പരിചയിച്ചിട്ടുണ്ട്. രോമാവൃതവും ആകർഷണീയവും ആയത് മാത്രമല്ല, നരച്ചരോമങ്ങളും, കൂനികൂടിയതും ശ്വാസം മുട്ടൽ കൊണ്ട് തിരുമ്മി തീർന്നതും ഒക്കെയുമാണ് പുരുഷമാറിടം. അതുകൊണ്ട് തന്നെ ഒറ്റകാഴ്ചയിൽ അത് സ്ത്രീയിൽ ഉണ്ടാക്കുന്നത് കാമം മാത്രം അല്ല.

മറിച്ചു സ്ത്രീ ശരീരം പുരുഷന് ലൈംഗിക മല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്? സ്ത്രീ ശരീരത്തിന് ലൈഗിക മല്ലാത്ത എത്രയോ ധർമ്മങ്ങൾ ഉണ്ട്, ഭാവങ്ങളും തലങ്ങളും ഉണ്ട് ! അത്‌ എന്തുമാത്രം പരിചിതമാണ് പുരുഷലോകത്തിന്? സ്വന്തം മാതാവിന്റെ ശരീരം പോലും നാലാം വയസ്സോടെ അപ്രാപ്യമാവുന്ന പുരുഷൻ സമൂഹത്തിന്റെ ബാധ്യത യാണ്. ആ ബാധ്യത ഏറ്റെടുക്കുന്നുണ്ട് കലകക്ഷി ഡിസൈൻ ചെയ്ത ആർപ്പോ ആർത്തവ പ്രവേശന കവാടം.

പ്രവേശനകവാടം കണ്ടു കുരു പൊട്ടി തീർന്നങ്കിൽ കൂടെ യുള്ള ചിത്രം കൂടി കണ്ടേക്കു. 
2008 ൽ ബ്രിട്ടീഷ് കലാകാരനായ Jamei MacCartaney മുപ്പത് അടി നീളത്തിൽ പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്ത the great wall Of vagina എന്ന ശില്പമാണ് ചിത്രത്തിൽ.

നാനൂറ് സ്ത്രീകൾ ആണ് ഈ ശില്പത്തിനായി മോഡൽ ആയത്. അതായത് ശരീരത്തിന്റെ വ്യവഹാരങ്ങൾ, സാധ്യതകൾ അനന്തമാണ്. ചിലർക്ക് ഇരുട്ടത്തു മാത്രമേ അത് ശീലമുള്ളൂ എന്നുമാത്രം.

‘ആര്‍പ്പോ ആര്‍ത്തവം’ പ്രവേശനകവാടം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here