ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാമതൊരു സീറ്റുകൂടി ചോദിച്ച് മുസ്ലീം ലീഗ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലെ രണ്ട് സീറ്റിന് പുറമെ മൂന്നാമതൊരു സീറ്റു കൂടി ചോദിക്കാൻ ഉറച്ച് മുസ്ലീം ലീഗ്. ലോക്സഭാ സീറ്റ് ചർച്ചകൾക്ക് സമയമുണ്ടെന്നും അതേ പറ്റി അപ്പോൾ ആലോചിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്തലാഖ്, സംവരണ വിഷയങ്ങളിൽ ലീഗ് എതിർത്ത് വോട്ട് ചെയ്തത് ഇന്ത്യയാകെ ചർച്ച ചെയ്യുന്നുവെന്നും ഇത് മോദിയുടെ നെഞ്ചത്ത് കൊണ്ടെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം ലീഗ് നേതാക്കൾ പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുക, കെ.എ.എസ് സംവരണം, ശരിയത്ത് ആക്ട് ഭേദഗതി, സാമ്പത്തിക സംവരണം, മുത്തലാഖ്, പൗരത്വ ബിൽ തുടങ്ങിയ വിഷയങ്ങളാണ് ലീഗ് സംസ്ഥാന സമിതി ചർച്ച ചെയ്തതെന്ന് നേതാക്കൾ വ്യക്തമാക്കി. എന്നാൽ മുത്തലാഖ് ബിൽ വോട്ടെടുപ്പ് വേളയിൽ പാർലമെന്റിൽ നിന്ന് വിട്ട് നിന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ഒരു ചെറു സ്വരം പോലും സംസ്ഥാന സമിതിയിലുയർന്നില്ല. അതേ പറ്റിയുയർന്ന ചോദ്യങ്ങളിൽ നിന്ന് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി.
മലപ്പുറവും, പൊന്നാനിയും കൂടാതെ മൂന്നാമതൊരു സീറ്റിനായി ലീഗിനുളളിൽ ചരട് വലി നടക്കുന്നുണ്ട്. എന്നാൽ അത്തരം ചർച്ചകൾക്ക് സമയമുണ്ടല്ലോ എന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുത്തലാഖ് – സംവരണ വിഷയങ്ങളിൽ പാർലമെന്റിലെ ലീഗിന്റെ പ്രതിഷേധം ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുകയാണ്. ഇത് ചെന്ന് കൊണ്ടത് മോദിയുടെ നെഞ്ചിലാണെന്ന് പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം വ്യക്തമാക്കുന്നുവെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here