ബാര്‍കോഴക്കേസ്: ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണമാകാമെന്ന് വിജിലന്‍സ്

ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണമാവാമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേതഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.
ബാര്‍കോഴക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിനെതിരെ കെ എം മാണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വിജിലന്‍സ് കോടതി നിര്‍ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനും പരാതിക്കാരനായ ബിജു രമേശും ഹര്‍ജി നല്‍കി. തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ നിലപാടെടുത്തു. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. വിചാരണക്കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണ്. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്നും അതിനായുള്ള അനുമതി നല്‍കണമെന്നും വിജിലന്‍സ് സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.
കോഴ വാങ്ങിയെന്നാണ് മുന്‍ മന്ത്രി കെ എം മാണിക്കെതിരായ കേസ്. കോഴ വാങ്ങല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ അഴിമതി
നിരോധന നിയമത്തിലെ വകുപ്പ് 17 എ യുടെ സംരക്ഷണം മാണിക്കില്ലന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമ ഭേതഗതി 2018 ലാണെന്നും ബാര്‍ക്കോഴക്കേസ് 2014ലാണ് രജിസ്റ്റര്‍ ചെയ്തതെന്നും സത്യവാങ്മൂലം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here