ഉപയോഗിച്ച ടിഷ്യൂ പേപ്പർ വിൽപ്പനയ്ക്ക്; വില 5700 രൂപ !

ആരോഗ്യകാരണങ്ങൾ കൊണ്ടും വൃത്തി പരിഗണിച്ചും മറ്റൊരാൾ ഉപയോഗിച്ച് ടിഷ്യൂപേപ്പർ ഒന്ന് തൊടാൻ പോലും മടിക്കുന്നവരാണ് നമ്മൾ. അപ്പോൾ ജലദോഷമുള്ള ഒരാൾ ഉപയോഗിച്ച ടിഷ്യൂ ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ ? എന്നാൽ അത്തരത്തിലൊരു ടിഷ്യു വിൽപ്പനയ്ക്ക് വെച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വെയ്വ് ടിഷ്യു എന്ന സ്ഥാപനം.
2017 ൽ കോപ്പൻഹാഗൻ ആസ്ഥാനമാക്കി പ്രവർത്തിച്ച് തുടങ്ങിയ ഈ കമ്പനിയാണ് ജലദോഷത്തിൽ നിന്നും രക്ഷിക്കാനായി ഈ ‘പ്രത്യേക’ ടിഷ്യു പുറത്തിറക്കിയിരിക്കുന്നത്. ജലദോഷം വരിക എന്നത് സർവ്വസാധാരണമാണ്. ജലദോഷം ഉണ്ടാക്കുന്ന വൈറസ് നിറഞ്ഞ ഈ ടിഷ്യു ഉപയോഗിച്ചാൽ പിന്നെ ജലദോഷം ബാധിക്കില്ലെന്ന് കമ്പനി പറയുന്നു. ‘മനരുന്നിനെയും സൂചിയേക്കാളും നല്ലതാണ് ഈ ടിഷ്യു ഉപയോഗിക്കുന്നത്’ കമ്പനി പറയുന്നു. ഈ ‘സ്‌നീസ് ഫിൽഡ് ടിഷ്യു’ (മൂക്കള നിറഞ്ഞ ടിഷ്യു) വിന് കമ്പനി നൽകിയിരിക്കുന്ന വില $79.99 ആണ്. ഏകദേശം 5,700 രൂപ !
എന്നാൽ കമ്പനിയുടെ ജലദോഷം തടയാനുള്ള ഈ മാർഗം ഫലപ്രദമല്ലെന്നാണ് അരിസോണ സർവ്വകലാശാലയിലെ മൈക്രോബയോളജി ആന്റ് എൻവയോൺമെന്റൽ സയൻസസ് പ്രൊഫസർ ചാൾസ് ഗർബ ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് 200 വ്യത്യസ്തമായ ജലദോഷം പരത്തുന്ന വൈറസുകളുണ്ട്. ജലദോഷം വരാതിരിക്കണമെങ്കിൽ 200 വൈറസുകളുള്ള 200 ടിഷ്യു ഉപയോഗിക്കേണ്ടി വരും. ജലദോഷം തടയാൻ സാധിക്കുമായിരുന്നുവെങ്കിൽ ഒരു വാക്‌സിൻ കണ്ടുപിടിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here