പോക്‌സോ കേസ്: മുന്‍കൂര്‍ ജാമ്യം തേടി ഇമാം ഹൈക്കോടതിയില്‍

പോക്‌സോ കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നാണ് ഖാസിമി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കള്ളക്കേസാണിതെന്നും എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാല്‍ സിപിഐഎമ്മുകാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും ഖാസിമി പറയുന്നു. കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരാട്ടുപേട്ട സ്വദേശിയായ ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ കേസെടുത്തത്. ഇതിനിടെ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി പുറത്തുവന്നു. ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്‍സിലിങിനൊടുവില്‍ പീഡനം നടന്നതായി പെണ്‍കുട്ടി തുറന്നുപറയുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞുവെന്നാണ് ശിശുക്ഷേമ സമിതി നല്‍കുന്ന വിവരം.
Read more: ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി; ലൈംഗികാതിക്രമം നടന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു
നിലവില്‍ ഒളിവില്‍ കഴിയുന്ന ഖാസിമിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാസിമിയുടെ ഈരാട്ടുപേട്ടയിലുള്ള വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതോടെ അത് കേസിന് നിര്‍ണ്ണായക തെളിവാകും. പെണ്‍കുട്ടി നേരിട്ട് മൊഴി നല്‍കിയതും കേസ് ബലപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.
Read more: ഇമാമിനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് പോലീസ്
കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here