അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു : ഐക്യരാഷ്ട്ര സഭ

അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ. കുട്ടികൾ ഇരകളാകുന്ന ദുരന്തങ്ങളുടെ നിരക്കിൽ 82 ശതമാനത്തിന്റെ വർധനവുണ്ടായതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 14000 നിയമലംഘനങ്ങളാണ് കുട്ടികൾക്കെതിരെ കഴിഞ്ഞ നാലു വർഷക്കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്തത്.
അഫ്ഗാനിസ്ഥാനിലെ സുരക്ഷാവീഴ്ചകളാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കാൻ കാരണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നത്. 3500 കുട്ടികൾ കഴിഞ്ഞ നാല് വർഷത്തിനിടെ കൊല്ലപ്പെട്ടതായും 9000 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
18 വർഷമായി അഫ്ഗാനിൽ നടക്കുന്ന യുദ്ധത്തിന്റെ പരിണിതഫലങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണെന്നത് ദുഖകരമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. 274 കുട്ടികൾ ലൈംഗികചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here