Advertisement

സംസ്ഥാനത്ത് 57 അതിവേഗ പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

November 7, 2019
Google News 1 minute Read

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനായുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്ത് 57 അതിവേഗ പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്തും. കേരള ഹയര്‍ ജൂഡീഷ്യല്‍ സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നൂറിലധികം പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ജില്ലകളില്‍ 60 ദിവസത്തിനകം പ്രത്യേക കോടതി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ 42.75 കോടി ചെലവ് കണക്കാക്കുന്നു.

അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള ചെലവ് സാമൂഹ്യ നീതിവകുപ്പു വഹിക്കാനും ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനം 17 കോടി രൂപ ഇതിനായി വകയിരുത്തി. 60 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 -2021 കാലയളവിലേക്കു പരീക്ഷണാടിസ്ഥാനത്തിലാണു ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിക്കുന്നത്. നിലവില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് സ്ത്രീകളുടേയും കുട്ടികളുടേയും കേസുകള്‍ കൈകാര്യം ചെയ്യുന്ന ഒരോ പ്രത്യേക കോടതി ഉള്ളത്. ഇതില്‍ പോക്‌സോ കോടതി എന്ന പേരുള്ളത് എറണാകുളത്തെ കോടതിക്കു മാത്രമാണ്. മറ്റു 11 ജില്ലകളില്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതികളാണ് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് പോക്‌സോ കേസുകള്‍ക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here