Advertisement

‘സെൻകുമാർ കയ്യേറ്റം ചെയ്യാൻ നിർദ്ദേശിച്ചു’; മാധ്യമപ്രവർത്തകൻ പരാതി നൽകി

January 16, 2020
Google News 1 minute Read

വാർത്താ സമ്മേളനത്തിനിടെ മോശമായി പെരുമാറിയ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ മാധ്യമപ്രവർത്തകൻ കടവിൽ റഷീദ് പരാതി നൽകി. സെൻകുമാർ കയ്യേറ്റം ചെയ്യാൻ നിർദ്ദേശം നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകൻ തിരുവനന്തപുരം കൻ്റോണ്മെൻ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ ടിപി സെൻകുമാർ മാപ്പു പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഗുണ്ടകളുമായാണ് സെൻകുമാർ വാർത്താ സമ്മേളനത്തിനെത്തിയതെന്നാണ് പത്ര പ്രവർത്തക യൂണിയൻ്റെ ആരോപണം. അവർ റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും യൂണിയൻ ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്നും യൂണിയൻ പറഞ്ഞു. അനാരോഗ്യം മറന്ന് മാധ്യമപ്രവർത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകുന്നു എന്നും യൂണിയൻ കൂട്ടിച്ചേർത്തു.

നേരത്തെ, എസ്എൻഡിപിയുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. ചെന്നിത്തലയുടെ പ്രസ്താവന സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു സെൻകുമാർ പ്രകോപിതനായത്. നിങ്ങൾ മാധ്യമപ്രവർത്തകനാണോ എന്ന് ചോദിച്ച ശേഷം മുന്നോട്ടുവരണമെന്നും നിങ്ങൾ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.

അർബുദ രോഗ ബാധിതനായ റഷീദ് തൻ്റെ അക്രഡിറ്റേഷൻ കാർഡ് ഉയർത്തിക്കാട്ടി സെൻകുമാറിനു മറുപടി നൽകി. തുടർന്ന് മുൻ ഡിജിപിക്ക് ഒപ്പമെത്തിയവർ റഷീദിനെ പുറത്താക്കാൻ ശ്രമിച്ചു എങ്കിലും മാധ്യമപ്രവർത്തകർ പ്രതിരോധം തീർക്കുകയായിരുന്നു.

Story Highlights: TP Senkumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here