Advertisement

കൃത്രിമ ബീജ സങ്കലനത്തിലൂടെ രണ്ട് ചീറ്റകൾക്ക് ജന്മം നൽകി ശാസ്ത്രലോകം; നാഴികക്കല്ലെന്ന് നിരീക്ഷണം: വീഡിയോ

February 25, 2020
Google News 3 minutes Read

കൃത്രിമ ബീജ സങ്കലനത്തിലൂടെ രണ്ട് ചീറ്റകൾക്ക് ജന്മം നൽകി ശാസ്ത്ര ലോകം. ഫെബ്രുവരി 19ന് അമേരിക്കയിലെ ഒഹായോയിലുള്ള കൊളംബസ് മൃഗശാലയിലാണ് ശാസ്ത്രത്തിലെ നാഴികക്കല്ലായ സംഭവം നടന്നത്. 3 വയസ്സുകാരിയായ ഇസ്സി ചീറ്റകളുടെ വാടക അമ്മയും ആറര വയസ്സുകാരി കിബിബി ജൈവിക അമ്മയുമാണ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കൊളംബസ് മൃഗശാല ഇതിൻ്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സ്മിത്സോണിയൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാരാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ടെക്സാസ് വൈൽഡ്ലൈഫ് സെൻ്ററിലുള്ള ആൺ ചീറ്റയിൽ നിന്ന് ബീജം എടുത്ത് കിബിബിയുടെ അണ്ഡവുമായി കൂട്ടി യോജിപ്പിച്ചു. തുടർന്ന് ഈ ഭ്രൂണം ഇസ്സിയിൽ നിക്ഷേപിച്ചു. 3 മാസങ്ങൾ നീണ്ട ഗർഭകാലത്തിനു ശേഷമാണ് രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ ജനിച്ചത്.

കഴിഞ്ഞ 15 വർഷങ്ങളായി ശാസ്ത്രജ്ഞർ ചീറ്റകളിലെ കൃത്രിമ ബീജ സങ്കലനത്തെപ്പറ്റി പഠിക്കുകയാണ്. ഇത് മൂന്നാം തവണയാണ് കൃത്രിമ ബീജ സങ്കലനം പരീക്ഷിക്കുന്നത്. ആദ്യമായാണ് ഇതിൽ ശാസ്ത്രജ്ഞന്മാർ വിജയിക്കുന്നത്.

കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ 13 രാജ്യങ്ങളിൽ നിന്ന് ചീറ്റകൾക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. വേട്ടയാടൽ, വനം കയ്യേറ്റം തുടങ്ങിയ കാര്യങ്ങളിലൂടെ വംശനാശം സംഭവിച്ച ചീറ്റകൾ ഇനി ഏതാണ്ട് 7500 എണ്ണം കൂടിയേ ലോകത്ത് അവശേഷിക്കുന്നുള്ളൂ. ചീറ്റകളെ വംശനാശഭീഷണി നേരിടുന്ന ജീവി വർഗത്തിൻ്റെ പട്ടികയിൽ പെടുത്താൻ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്.

ചീറ്റകളിൽ ബീജ സങ്കലനം നടത്തി വിജയിച്ചത് ശാസ്ത്ര ലോകത്തിന് പുതിയ ഉണർവ് നൽകിയിട്ടുണ്ട്. ചീറ്റകളുടെ വംശം നിലനിർത്തുന്നതിനായി ഇനി കൃത്രിമ ബീജ സങ്കലനം നടത്താനാവുമെന്ന് ശാസ്ത്രം കണക്കുകൂട്ടുന്നു.

Story Highlights: Two cheetah cubs were born for the first time by IVF The breakthrough offers hope for the threatened species

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here