Advertisement

യുവരാജിന്റെ ബയോപിക്കിൽ നിന്ന് കരൺ ജോഹർ പിന്മാറിയെന്ന് റിപ്പോർട്ട്

October 7, 2021
Google News 3 minutes Read
Karan Johar Yuvraj Singh

ഇന്ത്യയുടെ മുൻ താരം യുവരാജ് സിംഗിൻ്റെ ബയോപിക്കിൽ നിന്ന് പ്രമുഖ നിർമാതാവും സംവിധായകനുമായ കരൺ ജോഹർ പിന്മാറിയെന്ന് റിപ്പോർട്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളെ തൻ്റെ വേഷത്തിൽ അഭിനയിപ്പിക്കണമെന്ന യുവരാജിൻ്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നറിയിച്ചുകൊണ്ടാണ് കരൺ ജോഹർ പിന്മാറിയത്. (Karan Johar Yuvraj Singh)

ഋതിക് റോഷനെയോ രൺബീർ കപൂറിനെയോ തൻ്റെ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യണമെന്നായിരുന്നു യുവി ആവശ്യപ്പെട്ടത്. എന്നാൽ, 2019ൽ പുറത്തിറങ്ങിയ ‘ഗള്ളി ബോയ്’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത സിദ്ധാർത്ഥ് ചതുർവേദിയാണ് കരണിൻ്റെ മനസ്സിലുണ്ടായിരുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ‘ഇൻസൈഡ് എഡ്ജ്’ എന്ന വെബ് സീരീസിലും മികച്ച പ്രകടനം കാഴ്ചവച്ച സിദ്ധാർത്ഥിന് യുവരാജിൻ്റെ വിദൂരഛായയുണ്ടെന്നതും കരണിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. യുവി ഒരു ദേശീയ ഹീറോ ആണെന്നും സിനിമ ആളുകൾ സ്വീകരിക്കാൻ വലിയ താരങ്ങൾ വേണ്ടെന്നും കരൺ വാദിച്ചു. എന്നാൽ, യുവരാജ് ഇതിനു സമ്മതിച്ചില്ല.

Read Also : സൗരവ് ഗാംഗുലിയുടെ ബയോപിക്ക് ഒരുങ്ങുന്നു

ഒട്ടേറെ ഉദ്വേഗജനകവും നാടകീയവും ആവേശോജ്ജ്വലവുമായ ക്രിക്കറ്റ് കരിയറാണ് യുവരാജിന് ഉണ്ടായിരുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകാരിൽ ഒരാളായി ടീമിലെത്തിയ യുവി വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ ടീമിൻ്റെ നട്ടെല്ലായി മാറി. നാറ്റ്‌വെസ്‌റ്റിലെ പ്രകടനമാണ് യുവിയുടെ സാന്നിധ്യം ലോക ക്രിക്കറ്റിൽ അടയാളപ്പെടുത്തിയത്. പ്രഥമ ടി-20 ലോകകപ്പിൽ നേടിയ ഒരു ഓവറിലെ ആറ് സിക്സും 12 ബോൾ ഫിഫ്റ്റിയും ഇപ്പോഴും തകർക്കപ്പെടാതെ നിൽക്കുകയാണ്. അതേ ലോകകപ്പിൽ തന്നെ ഓസ്ട്രേലിയക്കെതിരെ 30 പന്തിൽ നേടിയ 70 റൺസ് മറ്റൊരു നാഴികക്കല്ലാണ്. 2011 ലോകകപ്പിൽ മാൻ ഓഫ് ദി സീരീസായത് അടുത്ത ചരിത്രം. ക്യാൻസർ രോഗബാധയുമാണ് താരം ലോകകപ്പിൽ കളിച്ചതെന്ന വെളിപ്പെടുത്തൽ ലോക ക്രിക്കറ്റിനെയാകമാനം ഞെട്ടിച്ചു. ക്യാൻസറിനെ തോൽപിച്ച് കളിക്കളത്തിലേക്ക് തിരികെയെത്തിയ യുവി വീണ്ടും വാർത്തകളിൽ നിറഞ്ഞു. പിന്നീട് പഴയ വീര്യം ലഭിച്ചില്ലെങ്കിലും 2014 ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയും 2017 ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെയും നടത്തിയ പ്രകടനങ്ങൾക്കും ശേഷമാണ് യുവി ക്രിക്കറ്റിൽ നിന്ന് പാഡഴിക്കുന്നത്.

Story Highlights: Karan Johar backs out of Yuvraj Singh’s biopic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here