Advertisement

‘കേരളം 20,000 മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു’; കേന്ദ്രം കൊവിഡ് മരണസംഖ്യ മറച്ചുവെച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

February 8, 2022
Google News 1 minute Read

കേന്ദ്രം കൊവിഡ് മരണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. മരണങ്ങള്‍ കണക്കാക്കുന്നത് സംസ്ഥാനങ്ങളാണെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നത് സംസ്ഥാനങ്ങള്‍ നല്‍കുന്ന കണക്കാണെന്നുമാണ് രാജ്യസഭയില്‍ മന്ത്രി വിശദീകരിച്ചത്. കേരളം 20,000 മരണങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തതായി പാര്‍ലമെന്റില്‍ ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ നല്‍കിയ കണക്ക് പ്രകാരം ആകെ 533000 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും അവര്‍ക്ക് നല്‍കിയ നഷ്ടപരിഹാര തുകയുടേയും കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ എന്ന ചോദ്യം കെ സി വേണുഗോപാല്‍ എം പിയാണ് സഭയില്‍ ഉന്നയിച്ചത്. കൊവിഡ് മരണങ്ങള്‍ കേന്ദ്രം നേരിട്ട് കണ്ടെത്തുന്നതല്ലെന്നും സംസ്ഥാനങ്ങള്‍ നല്‍കുന്ന വിവരങ്ങളെ അവലംബിച്ചാണ് അവ തയ്യാറാക്കുന്നതെന്നും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു. മരണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രകോപിതരാകേണ്ടതില്ല എന്ന് കൂടി സൂചിപ്പിച്ചായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ മറുപടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,597 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 19.4 ശതമാനത്തിന്റെ കുറവാണ് പ്രതിദിന കേസുകളിലുണ്ടായത്. ദൈനംദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള പരിശോധന കണക്കും കൂടി ചേര്‍ത്ത് മരണസംഖ്യ 1,188 ആണ്. 24 മണിക്കൂറിനിടെ 1,80,456 പേര്‍ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 170.21 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രികളില്‍ കാലാവധി കഴിയാറായ 52 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ കെട്ടിക്കിടക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, കേരളത്തില്‍ ഇന്നലെ 22,524 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 78,682 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,033 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 170 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.ഇന്നലെ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 113 മരണങ്ങളും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 733 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,115 ആയി.

Story Highlights: kerala added 20000 more covid deaths says health ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here