Advertisement

മരുന്നിനും കുടിവെള്ളത്തിനും വില കൂടും; നാളെ മുതല്‍ ജനജീവിതത്തില്‍ വരുന്ന മാറ്റങ്ങളറിയാം

March 31, 2022
Google News 2 minutes Read
New Income Tax Rules

പുതിയ സാമ്പത്തിക വര്‍ഷം നാളെ ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് നാളെ മുതല്‍ തുടക്കമാകുന്നത്. കുടിവെള്ളം മുതല്‍ ആവശ്യമരുന്നുകള്‍ക്ക് വരെ വില കൂടുമ്പോള്‍ വഴി തടയാന്‍ ടോളുകളും നിരവധിയാണ്. കേന്ദ്ര ബജറ്റിന്റെ ഭാഗമായുള്ള പുതിയ നികുതി നിര്‍ദേശങ്ങളും ഒന്നു മുതല്‍ നിലവില്‍ വരും. ( New Income Tax Rules )

ഭൂമിയ്ക്ക് വിലയേറും

ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള ബജറ്റ് തീരുമാനം നാളെ മുതല്‍ നടപ്പാകുന്നതിനൊപ്പം ഭൂനികുതിയും ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ആര്‍ അഥവാ 2.47 സെന്റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വര്‍ധിക്കും. ഇതിന് അനുസൃതമായി രജിസ്‌ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിക്കും.

വാഹനങ്ങളുടെ വിലയും രജിസ്‌ട്രേഷന്‍ പുതുക്കല്‍ നിരക്കും കൂടും

ഡീസല്‍ വാഹനങ്ങളുടെ വിലയും രജിസ്‌ട്രേഷന്‍ പുതുക്കല്‍ നിരക്കും കൂടും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി നടപ്പിലാകുന്നതോടെയാണ് ഡീസല്‍ വാഹനങ്ങള്‍ക്കും വില ഉയരുന്നത്. ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കാണ് ഹരിത നികുതി ബാധകമാകുക. ചെറു കാറുകള്‍ക്ക് ആയിരവും ഇടത്തരം വാഹനങ്ങള്‍ക്ക് 1500 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 2000 രൂപയുമാണ് ഹരിത നികുതി. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള നിരക്കും കൂടും.

കുടിവെള്ളത്തിന് വിലയേറും

കുടിവെള്ളത്തിന് വലിയ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ മാസ ബജറ്റ് താളംതെറ്റിക്കും. ആയിരം ലിറ്റര്‍ മുതല്‍ പതിനയ്യായിരം ലിറ്റര്‍ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് വിലവര്‍ധനവ് കൂടുതല്‍ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസ നല്‍കണം.

മരുന്നിന് കൈപ്പേറും

സാധാരണക്കാരെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വില വര്‍ധന. ഏകദേശം നാല്‍പ്പതിനായിരത്തോളം മരുന്നുകള്‍ക്കാണ് ഏപ്രില്‍ ഒന്നു മുതല്‍ വില കൂടുന്നത്. പനി വന്നാല്‍ കഴിക്കുന്ന പാരസെറ്റമോള്‍ മുതല്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂട്ടിയിട്ടുണ്ട്.

ടോള്‍ നിരക്ക് വര്‍ധിക്കും

വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്ക് വര്‍ധിക്കും. എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വര്‍ധനയുണ്ടാകും. മാര്‍ച്ച് ഒമ്പതുമുതല്‍ ടോള്‍ പിരിവ് ആരംഭിച്ച പന്നിയങ്കരയില്‍ പ്രതിഷേധങ്ങള്‍ക്കിടയിലാണ് വീണ്ടും വര്‍ധിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേശീയപാത അതോറിറ്റിയാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വാളയാര്‍ പാമ്പാംപള്ളത്തം ടോള്‍ നിരക്ക് വര്‍ധിക്കും.

വാളയാറിലെ പുതിയ നിരക്ക് ഇങ്ങനെ

വാഹനം ഒരിക്കല്‍ ടോള്‍ കടന്നുപോകാനുള്ള തുക, മടക്കയാത്രയും ചേര്‍ത്തത്, മാസത്തുക (50 ഒറ്റയാത്ര) എന്ന ക്രമത്തില്‍.
കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍: 75 രൂപ. 110 രൂപ 2425 രൂപ.
ചെറിയ വാണിജ്യ വാഹനങ്ങള്‍, ചെറിയ ചരക്കുവാഹനങ്ങള്‍, ചെറിയ ബസ്: 120, 175, 3920.
ബസ്, ട്രക്ക് (രണ്ട് ആക്‌സില്‍): 245, 370 8,215.
വ്യാവസായിക ആവശ്യത്തിനുള്ള വലിയ വാഹനം, മണ്ണുമാറ്റാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍: 385, 580, 12,880.
ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങള്‍: 470, 705, 15,685.

ക്രിപ്‌റ്റോയ്ക്കും ഡിജിറ്റല്‍ അസറ്റുകള്‍ക്കും നികുതി

2022 ലെ കേന്ദ്ര ബജറ്റിന്റെ ഭാഗമായി ക്രിപ്‌റ്റോകറന്‍സിയ്ക്കും ഡിജിറ്റര്‍ അസറ്റുകള്‍ക്കും 30ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാച്ചിരുന്നു. ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ചുമത്തുന്നതിന് 1961ലെ ആദായനികുതി നിയമത്തില്‍ തന്നെ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതു പ്രകാരമുള്ള നികുതി വര്‍ധന നാളെ മുതല്‍ നിലവില്‍ വരും.

അധിക നികുതി അടയ്ക്കുന്നതിന് ഐടിആര്‍ പുതുക്കാം

ഏപ്രില്‍ 1 മുതല്‍ ആദായനികുതി റിട്ടേണുകളില്‍ (ഐടിആര്‍) എന്തെങ്കിലും പൊരുത്തക്കേടുകളോ ഒഴിവാക്കലുകളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള അവസരം ലഭിക്കും. ഐടിആര്‍ ഫയല്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ തിരുത്താന്‍ നികുതിദായകരെ അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഒറ്റത്തവണ ജാലകമായിരിക്കും. ഇതു പ്രകാരം മുമ്പ് വെളിപ്പെടുത്താത്ത വരുമാനത്തിനും 25 ശതമാനം അധിക നികുതി നല്‍കി ഒടുക്കുന്നതിനും സാധിക്കും.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്. നാളെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.
ആദ്യം പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് പലപ്പോഴായി തീയതി നീട്ടി നീട്ടി 2021 ജൂണ്‍ 30 വരെയാക്കി. തുടര്‍ന്ന് കൊവിഡ് വ്യാപനം ഉള്‍പ്പടെയുള്ള പല കാരണങ്ങളാല്‍ വീണ്ടും തീയതി നീട്ടിയിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഐടിആര്‍ ആവശ്യമില്ല

2022-23 സാമ്പത്തിക വര്‍ഷത്തില്‍, 75 വയസും അതില്‍ കൂടുതല്‍ പ്രായമുള്ളതുമായ മുതിര്‍ന്ന പൗരന്മാര്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യേണ്ടതില്ല. ഇതിനായി ബാങ്കിന് ഡിക്ലറേഷന്‍ നല്‍കേണ്ടിവരും.

പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെ പലിശ പണമായി നല്‍കില്ല

സേവിംഗ്‌സ് സ്‌കീമുകള്‍, ടൈം ഡെപ്പോസിറ്റുകള്‍ തുടങ്ങിയ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിന്ന് ലഭിക്കുന്ന പലിശ നാളെ മുതല്‍ പണമായി നല്‍കില്ല. പകരം, അവ പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടിലേക്കോ സ്‌കീമുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. അതിനാല്‍, ഒരു സേവിംഗ്‌സ് അക്കൗണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുമായി ബന്ധിപ്പിക്കണം.

Story Highlights: New Income Tax Rules from April 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here