Advertisement

ടോകിയോയുടെ ഐതിഹാസിക കെട്ടിടം; ജപ്പാനിലെ നകാഗിന്‍ കാപ്‌സ്യൂള്‍ ടവര്‍ ഓര്‍മയാകുന്നു

April 10, 2022
Google News 2 minutes Read
japan's Nakagin Capsule Tower

ജപ്പാനിലെ സമകാലീന വാസ്തുവിദ്യയുടെ ഏറ്റവും സവിശേഷ സൃഷ്ടികളിലൊന്നായ ടോക്കിയോയിലെ നകാഗിന്‍ കാപ്‌സ്യൂള്‍ ടവര്‍ ഓര്‍മയാകുന്നു. ടവര്‍ വൈകാതെ പൊളിച്ചുനീക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നകാഗിന്‍ കാപ്‌സ്യൂള്‍ ടവറിന്റെ കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ ഘടനയും അതിനെ ചുറ്റിപറ്റി വര്‍ഷങ്ങളായി പ്രചരിക്കുന്ന കഥകളും ഇതോടെ നാമാവശേഷമാകാന്‍ പോകുകയാണ്. കെട്ടിടത്തിന്റെ തകരാര്‍ തന്നെയാണ് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിന് പിന്നില്‍.(japan’s Nakagin Capsule Tower)

1972ലാണ് നകാഗിന്‍ കാപ്‌സ്യൂള്‍ ടവര്‍ നിര്‍മിക്കപ്പെടുന്നത്. ‘ക്യാപ്‌സൂള്‍ റൂമുകള്‍’ എന്ന രീതിയില്‍ നിര്‍മിച്ച ഈ ടവറിലെ ഓരോ റൂമുകളുടെയും ഘടനയും ഏറെ വ്യത്യസ്തമാണ്. വീട്ടില്‍ എവിടെയും ഒഴിഞ്ഞുകിടക്കുന്ന മുറിയെയോ സ്ഥലത്തെയോ തീര്‍ത്തും മറ്റൊരു ഘടനയിലേക്ക് മാറ്റാനുള്ള കഴിവുള്ള പോര്‍ട്‌ഹോള്‍ വിന്‍ഡോ ആണ് ഇത്തരം ക്യാപ്‌സൂള്‍ വീടുകളുടെ പ്രത്യേകത.

രണ്ടാം ലോക മഹായുദ്ധത്തോടെ ജപ്പാനില്‍ സമൂലമായ ഒരു പുതിയ കാഴ്ചപ്പാടോടെ ഉയര്‍ന്നുവന്ന വാസ്തുവിദ്യാ പ്രസ്ഥാനമായ മെറ്റബോളിസത്തിന്റെ ഒരു പ്രധാന ഉദാഹരണമായി ഈ കെട്ടിടം കണക്കാക്കപ്പെടുന്നു. നകാഗിന്‍ കാപ്‌സ്യൂള്‍ ടവറിന്റെ നിര്‍മാതാവായ കിഷോ കുറോകോവ, ഓരോ 25 വര്‍ഷവും ‘ക്യാപ്‌സൂളുകള്‍’ പുനര്‍നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളും കാലഹരണപ്പെട്ട് ജീര്‍ണിച്ച അവസ്ഥയിലാണ്. റൂമുകളില്‍ പലതും വാടകയ്ക്കും ഓഫിസ് മുറികള്‍ക്കും മറ്റുമായി വിട്ടുകൊടുത്തിരിക്കുകയാണിപ്പോള്‍.

Read Also : രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ മിഡ്എയര്‍ റോപ്‌വാക്ക്; ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് റാഫേല്‍ സുഗ്‌നോ; വിഡിയോ

മരിക്കുന്നതിന് മുന്‍പ്, 2007ല്‍, കിഷോ കുറോകോവ ടവര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജപ്പാന്റെ വാസ്തുവിദ്യാ പൈതൃകത്തിന്റെ ഉദാഹരണമായ ഘടനയുള്ള ഈ കെട്ടിടം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം പല കോണുകളില്‍ നിന്നുമുയര്‍ന്നു. നകാഗിന്‍ ക്യാപ്‌സ്യൂള്‍ ടവര്‍ ബില്‍ഡിംഗ് പ്രിസര്‍വേഷന്‍ ആന്‍ഡ് റീജനറേഷന്‍ പ്രോജക്റ്റ് ആണ് ഇപ്പോള്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കെട്ടിടത്തിന്റെ സംരക്ഷണത്തിനായി പല തവണ അധികാരികളോട് ഇടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. യുനെസ്‌കോയുടെ പൈതൃക പട്ടികയിലേക്ക് അപേക്ഷിക്കുന്നത് പോലും പരിഗണിച്ചു. എന്നാല്‍ ഒരു സമീപനവും വിജയിച്ചില്ല. ഇതോടെയാണ് ടവര്‍ പൊളിച്ചുമാറ്റാന്‍ പോകുന്നത്.

Story Highlights: japan’s Nakagin Capsule Tower

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here