Advertisement

60 കഴിഞ്ഞവരും കൊവിഡ് മുന്നണി പ്രവർത്തകരും കരുതൽഡോസ് വാക്സിൻ എടുക്കണം; മുഖ്യമന്ത്രി

December 30, 2022
Google News 1 minute Read

60 വയസുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കൊവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗം നിർദേശിച്ചു.

7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്.

ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഐ. ഇ. സി ബോധവൽക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.

ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.

Read Also: കൊവിഡ് : പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ

പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം. കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Story Highlights: Covid 19 vaccine kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here