Advertisement

അഞ്ച് മക്കളെ ക്രൂരമായി കൊലപ്പെടുത്തി; 16 വര്‍ഷത്തെ ശിക്ഷയ്ക്കിടയില്‍ ദയാവധത്തിലൂടെ ജീവിതമവസാനിപ്പിച്ച് അമ്മ

March 5, 2023
Google News 2 minutes Read
Belgian mother who killed her 5 children euthanised

അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും അതിന് ശിക്ഷയായി 16 വര്‍ഷത്തെ തടവ് ജീവിതം അനുഭവിക്കുകയും ചെയ്ത സ്ത്രീ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചു. ബെല്‍ജിയം പൗരയായ ജെനിവീവ് ലെര്‍മിറ്റ് ആണ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ദയാവധം സ്വീകരിച്ചത്.(Belgian mother who killed her 5 children euthanised )

2007 ഫെബ്രുവരി 28നായിരുന്നു രാജ്യത്തെ ഒന്നാകെ നടുക്കിയ ആ സംഭവം. ബെല്‍ജിയത്തെ നിവല്‍സ് പട്ടണത്തിലെ വീട്ടിലായിരുന്നു ജെനിവീവും ഭര്‍ത്താവ് ബൗച്ചൈബ് മൊഖാഡെമും അവരുടെ അഞ്ച് മക്കളും ജീവിച്ചിരുന്നത്. മറ്റ് പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തിനുണ്ടായിരുന്നില്ല. ആയിടെയാണ് ബൗച്ചൈബ് മൊറോക്കോയിലുള്ള തന്റെ മാതാപിതാക്കളെ കാണാന്‍ തനിച്ച് വീട്ടില്‍ നിന്ന് പുറപ്പെടുന്നത്. ഭാര്യയെയും മക്കളെയും കൊണ്ടുപോയിരുന്നില്ല.

തുടര്‍ന്ന് ദിവസങ്ങളോളം വീട്ടില്‍ മക്കളുമൊത്ത് തനിച്ച് കഴിഞ്ഞിരുന്ന ജെനിവീവ് കടുത്ത നിരാശയിലേക്ക് വീണു. ഭര്‍ത്താവ് ഇനി തിരികെ വന്നില്ലെങ്കില്‍ അഞ്ച് മക്കളും താനും ഒറ്റപ്പെട്ടുപോകും എന്ന ചിന്തയായിരുന്നു ജെനിവീവിനെ അലട്ടിയിരുന്നത്. അതോടെ ജെനി കടുത്ത മാനസിക സംഘര്‍ഷത്തിലേക്കെത്തി.

ഒരു ദിവസം ജീവിതം അവസാനിപ്പിക്കാന്‍ ജെനിവീവ് തീരുമാനിച്ചു. മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു പദ്ധതി. അതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആദ്യം ജെനിവീവ് രണ്ട് കത്തികള്‍ മോഷ്ടിക്കുകയാണ് ചെയ്തത്. വീട്ടിലെത്തിയ ജെനിവീവ് മുന്‍വശത്തെ വാതിലുകളെല്ലാം പൂട്ടി കൊലപാതകം ആസൂത്രണം ചെയ്തുതുടങ്ങി. പിന്നാലെ ഓരോ കുട്ടിയെയും കഴുത്തുമുറിച്ച് കൊലപ്പെടുത്തി. ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അത്യാഹിത വിഭാഗത്തില്‍ വിവരമറിയിച്ചു. യാസ്മിന്‍ (14), നോറ (12), മിറിയം (10), മിന (ഏഴ്), മെഹ്ദി (3) എന്നിവരാണ് കൊല്ലപ്പെട്ടത്.

2008ല്‍ ജെനിവീവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഇതിനോടകം കടുത്ത മാനസിക വിഭ്രാന്തിയിലേക്ക് പോയ ജെനിവിവിനെ 2019ല്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ക്രൂരമായ കൊലപാതകം നടന്ന് കൃത്യം പതിനാറാം വര്‍ഷമാണ് ജെനിവീവ് തന്റെ ദയാവധത്തിനായി തെരഞ്ഞെടുത്തത്. ജെനിയുടെ അഭിഭാഷകനായിരുന്ന നിക്കോളാസ് കോഹന്‍ ആണ് ജെനിവീവ് ദയാവധം സ്വീകരിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിനിടെ ഭര്‍ത്താവുമായി നിയമപരമായി ജെനി വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു.

Read Also: സ്ത്രീകൾ അടിവസ്ത്ര മോഡലാകുന്നത് തടഞ്ഞ് ചൈന; പകരം മോഡലുകളായി പുരുഷന്മാർ

മോണ്ടിഗ്‌നി-ലെ-ടില്ലെലിലെ ലിയോനാര്‍ഡ് ഡി വിഞ്ചി ആശുപത്രിയിലാണ് ലെര്‍മിറ്റ് മരിച്ചതെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ ജെനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തില്‍ ദയാവധം വഴി 2,966 പേരാണ് മരിച്ചത്. 2021 നെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനവാണുണ്ടായത്.

Story Highlights: Belgian mother who killed her 5 children euthanised

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here