Advertisement

വളര്‍ത്തുനായ ചാടിപ്പോയി; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ഡല്‍ഹി ഹൈക്കോടതി ജഡ്ജി

July 23, 2023
Google News 4 minutes Read
High court judge loses pet dog, lets out anger on police, letter goes viral

ഒരു ന്യായാധിപന് എല്ലാ അര്‍ത്ഥത്തിലും സുരക്ഷ ഒരുക്കണം എന്ന് പറഞ്ഞാല്‍ അതില്‍ എന്തെല്ലാം ഉള്‍പ്പെടും? ഈ ചോദ്യം കഴിഞ്ഞ ദിവസം ചര്‍ച്ചയായത് ഒരു ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജ് ജസ്റ്റിസ് ഗൗരംഗ് കാന്ത് പൊലീസ് ജോയിന്റ് കമ്മിഷണര്‍ക്ക് അയച്ച കത്ത് വൈറലായതോടെയാണ്. തന്റെ വളര്‍ത്തുനായയെ കാണാതായത് തനിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയ്ക്ക് വീഴ്ച സംഭവിച്ചുകൊണ്ടാണെന്ന് സൂചിപ്പിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അദ്ദേഹം പരാതി നല്‍കിയത്. സംഭവം പൊലീസിന്റെ കൂറില്ലായ്മയും കഴിവുകേടുമാണ് തെളിയിക്കുന്നതെന്ന് കത്തില്‍ പരാമര്‍ശിക്കുക കൂടി ചെയ്തതോടെ കത്തിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വാദ പ്രതിവാദങ്ങള്‍ പുകഞ്ഞു. (High court judge loses pet dog, lets out anger on police, letter goes viral)

സുരക്ഷയ്ക്കായി വന്ന ഉദ്യോഗസ്ഥന്‍ വീടിന്റെ ഗേറ്റ് അടയ്ക്കാതിരുന്നത് കൊണ്ട് വളര്‍ത്തുനായ ചാടിപ്പോയെന്ന് പറഞ്ഞാണ് ജസ്റ്റിസിന്റെ പരാതി. സുരക്ഷാ ഉദ്യോഗസ്ഥനെതിരെ പൊലീസ് നടപടി എത്രയും പെട്ടെന്ന് വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഈ വീഴ്ച തന്റെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് കത്തില്‍ പറയുന്നു.

തീവ്രവേദനയോടെയാണ് ഈ കത്ത് എഴുതേണ്ടി വരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കഴിലില്ലായ്മയും കൂറില്ലായ്മയും കാരണം എനിക്കെന്റെ വളര്‍ത്തുനായയെ നഷ്ടമായി. എപ്പോഴും ഗേറ്റ് അടച്ചുതന്നെ ഇടണമെന്ന് ഞാന്‍ അവരോട് പലവട്ടം പറഞ്ഞിരുന്നതാണ്. അവരുടെ പ്രൊഫഷണല്‍ ഡ്യൂട്ടി പാലിക്കാനോ എന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാനോ അവര്‍ക്ക് സാധിച്ചില്ല. ഇത്തരം വീഴ്ചകള്‍ എന്റെ സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ മനോഭാവം എനിക്കും എന്റെ കുടുംബത്തിനും ഭീഷണിയാകുകയാണ്. ഈ സംഭവത്തിന് ഉത്തരവാദികളായ സുരക്ഷാ ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ നടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. ജസ്റ്റിസ് ഗൗരംഗ് കാന്തിന്റെ കത്തിലെ വാക്കുകളാണ് ഇത്.

Read Also: ചാണ്ടി ഉമ്മന്‍ യോഗ്യന്‍, പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് പാര്‍ട്ടി തീരുമാനിക്കും: അച്ചു ഉമ്മന്‍

കത്തില്‍ ജൂണ്‍ 12 എന്നാണ് തിയതി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സമൂഹ മാധ്യമങ്ങളില്‍ കത്ത് ചര്‍ച്ചയായത്. എന്നാല്‍ വിഷയത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും സിആര്‍പിഎഫിനാണ് സുരക്ഷയുടെ ഉത്തരവാദിത്തമെന്നും ഡല്‍ഹി പൊലീസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. വളര്‍ത്തുനായ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത് ഉള്‍പ്പെടെ സുരക്ഷ നല്‍കുന്നതിലെ ചുമതലകളില്‍ ഉള്‍പ്പെടുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്നത്.

ഈ സംഭവത്തിന് ഈ മാസം തുടക്കത്തില്‍ നടന്ന മറ്റൊരു സംഭവവുമായി ഉള്ള സാമ്യവും പലരും ഓര്‍മിപ്പിക്കുന്നുണ്ട്. ഈ മാസം തന്നെയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗൗതം ചൗധരി തന്റെ ട്രെയിന്‍ മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയോട് വിശദീകരണം തേടിയത്.

വ്യക്തിപരമായ അസൗകര്യങ്ങള്‍ക്ക് സംവിധാനത്തെയും ഉദ്യോഗസ്ഥരേയും ബുദ്ധിമുട്ടിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും ബ്യൂറോക്രാറ്റുകളേയും പെരുമാറ്റങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ കത്തും പുറത്തെത്തുന്നത്. ഛത്തീസ്ഗഡില്‍ ജലസംഭരണിയില്‍ വീണ തന്റെ ഫോണ്‍ ഫോണ്‍ വീണ്ടെടുക്കുന്നതിനായി ഫുഡ് ഇന്‍സ്‌പെക്ടര്‍ രാജേഷ് വിശ്വാസ് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ പറഞ്ഞത് വിവാദമായിരുന്നു. ഖേര്‍ക്കട്ട ഡാമിലെ പരോല്‍ക്കോട്ട് ജലസംഭരണിയിലെ വെള്ളമാണ് വറ്റിച്ചത്. പിന്നീട് വെള്ളംവറ്റിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുമുണ്ടായിരുന്നു. എന്നാല്‍ ഫോണില്‍ ചില ഔദ്യോഗിക രേഖകള്‍ ഉണ്ടായിരുന്നതിനാലാണ് വെള്ളം വറ്റിക്കാന്‍ പറഞ്ഞതെന്നായിരുന്നു രാജേഷ് വിശ്വാസിന്റെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം മെയ് 27ന് നടന്ന ഒരു സംഭവവും ന്യായാധിപന്റെ കത്ത് ഓര്‍മിപ്പിക്കുന്നുണ്ട്. വളര്‍ത്തുനായയ്‌ക്കൊപ്പം സായാഹ്ന സവാരി നടത്തുന്നതിന് ഡല്‍ഹിയിലെ ത്യാഗരാജ രാജ്യാന്തര സ്റ്റേഡിയം ഒഴിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ്് ഖിര്‍വാര്‍ ശ്രമിച്ചതായിരുന്നു വിവാദമായത്. നായയുമായി സവാരി നടത്താന്‍ കായിക താരങ്ങളോട് ഉള്‍പ്പെടെ നേരത്തേ പരിശീലനം നിര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐഎഎസ് ദമ്പതികള്‍ക്കെതിരെ സ്ഥലമാറ്റം ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സ്ഥലങ്ങളിലും അധിക പരിഗണന നല്‍കേണ്ടതുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുകയും ജുഡീഷ്യറിയെ പൊതുപരിഹാസത്തിന് പാത്രമാക്കുകയും ചെയ്യുന്ന തരത്തില്‍ പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിര്‍ദേശിച്ചിരുന്ന വിവരവും സോഷ്യല്‍ മീഡിയ ഈ അവസരത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

Story Highlights: High court judge loses pet dog, lets out anger on police, letter goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here