Advertisement

ഗാന്ധിയുടെ സബർമതി ആശ്രമത്തിൻ്റെ മുഖം മിനുക്കാൻ മോദി സർക്കാർ; 1200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

March 13, 2024
Google News 1 minute Read

ഉപ്പ് സത്യാഗ്രഹത്തിൻ്റെ 94-മത് വാർഷികദിനമായ മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സബർമതി ആശ്രമ പുനരുദ്ധാരണത്തിൻ്റെ മാസ്റ്റർപ്ലാൻ അനാച്ഛാദനം ചെയ്തു. ഇക്കഴിഞ്ഞ ബജറ്റിൽ ആസൂത്രണം ചെയ്ത പദ്ധതിക്ക് 1200 കോടി രൂപയാണ് അനുവദിച്ചത്. മാസ്റ്റർപ്ലാൻ പ്രകാരം അഹമ്മദാബാദിലെ സബർമതി നദീതീരത്തുള്ള ആശ്രമത്തിൻ്റെ അഞ്ചേക്കർ സ്ഥലം 55 ഏക്കറായി വികസിപ്പിക്കും. കൂടാതെ നിലവിലുള്ള 36 കെട്ടിടങ്ങളും നവീകരിക്കും. ഗാന്ധിയുടെ തത്വചിന്തകളിലുലും മൂല്യങ്ങളിലും അധിഷ്ഠിതമായ നവീകരണപ്രവർത്തനങ്ങളാണ് മാസ്റ്റർപ്ലാനിൽ നിർദ്ദേശിച്ചിരിക്കുന്നത്. 

ആശ്രമഭൂമിയിൽ നിലവിലുള്ള 3700 മരങ്ങൾക്കും കുറ്റിച്ചെടികൾക്കും പുറമെ 3000 മരങ്ങൾ കൂടി നട്ടുപിടിപ്പിക്കും. ഗാന്ധിജിക്ക് പ്രിയപ്പെട്ട മരങ്ങളും രുദ്രാക്ഷം പോലെയുള്ള അപൂർവ്വയിനം മരങ്ങളും ഇതിൽ ഉൾപ്പെടും. 323 തനതും തദ്ദേശീയവുമായ ചെടികളും താമരക്കുളവും മഴവെള്ളം സംഭരിക്കാനുള്ള തടാകവുമുൾപ്പെടുന്ന ജൈവവൈവിധ്യ മേഖലയും പദ്ധതിയിലുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ടിനാണ് വനനിർമ്മാണത്തിൻ്റെ ചുമതല. ധ്യാനകേന്ദ്രം, ചെടികൾക്കായുള്ള നഴ്സറിയും തൈകൾ വിതരണം ചെയ്യാനുള്ള വിൽപനശാലകളും പദ്ധതിയുടെ ഭാഗമാണ്. 

നിർദ്ദിഷ്ഠ സ്മാരകത്തിനായി മഹാത്മ ഗാന്ധി സബർമതി  ആശ്രമം മെമ്മോറിയൽ ട്രസ്റ്റ് 48.79 ഏക്കർ സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ആശ്രമ പരിസരത്ത് താമസിച്ചിരുന്ന 310 കുടുംബങ്ങൾക്ക് നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പാക്കിയിട്ടുണ്ട്. 375 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആശ്രമ പുനരുദ്ധാരണത്തിന്  550 കോടിയും സമീപപ്രദേശങ്ങളുടെ വികസനത്തിന്  275 കോടിയുമാണ് കണക്കാക്കിയിരിക്കുന്നതെന്നും മാസ്റ്റർപ്ലാനിലുണ്ട്. പുനരുദ്ധാരണത്തിൻ്റെ ഭാഗമായി പുതിയ റോഡുകളും  ഓടകളും ജലവിതരണ സംവിധാനങ്ങളും നിർമ്മിക്കും.  

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here