Advertisement

ഇന്ത്യ ബഹുമത രാജ്യമായി നിലകൊള്ളണമെന്ന് 79% പേർ, ഹിന്ദുരാജ്യമാണെന്ന് 11%

April 13, 2024
Google News 2 minutes Read

ചരിത്ര, രാഷ്ട്രീയ ഇടപെടലുകളെ അതിജീവിച്ച് മതപരമായ ബഹുസ്വരത നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ചില സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നതിന് കാരണമായി. മതത്തേച്ചൊല്ലിയുള്ള സംഘർഷങ്ങളും രാജ്യത്തിപ്പോൾ നിത്യസംഭവങ്ങളാണ്. എന്നാൽ ഇതിതരം ബാഹ്യ ഇടപെടലുകൾക്ക് ആളുകളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മതസഹിഷ്ണുതയെ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ടോ? ഇന്ത്യയുടെ മതേതര അടിത്തറയിലൂന്നിയ സാമൂഗിക ഘടനയുടെ നിലനിൽപ്പ് അപകടത്തിലാണോ?

സെൻ്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് (സിഎസ്‌ഡിഎസ്) ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രീ പോളിൽ പങ്കെടുത്ത 79 % ആളുകളും ഇന്ത്യ മതേതര, ബഹുമത രാജ്യമായി നിലകൊള്ളണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല, ഇവിടെയുള്ള എല്ലാ മതവിഭാഗങ്ങളുടേതുമാണ്. എല്ലാവർക്കും രാജ്യത്തിനുമേൽ തുല്യാവകാശമാണുള്ളത്. ഏതു മതത്തിലും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യവും രാജ്യത്ത് നിലനിൽക്കണമെന്നും ഇവർ അഭിപ്രായപ്പെട്ടു. മതേതരത്വവും മതപരമായ ബഹുസ്വരതയും രാജ്യത്തിൻ്റെ സാമൂഹിക ഘടനയെ നിർവചിക്കുന്ന ഘടകമായി തുടരുന്നു.

മതന്യൂനപക്ഷങ്ങൾ സ്വാഭാവികമായും മതപരമായ ബഹുസ്വരതയ്ക്ക് പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ ഇന്ത്യ എല്ലമതവിശ്വാസികളുടെയുമാണെന്ന കാഴ്ചപ്പാടാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിപക്ഷ മതത്തിൽപ്പെട്ടവരും പുലർത്തുന്നത്. ഓരോ 10 ഹിന്ദുക്കളിലും ഏകദേശം എട്ട് പേർ മതപരമായ ബഹുസ്വരതയിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞു. 11% ഹിന്ദുക്കൾ മാത്രമാണ് ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് കരുതുന്നത്.

Read Also: ബുദ്ധമതം വേറിട്ട മതം: ഹിന്ദുക്കൾ മതം മാറാൻ അനുമതി തേടണമെന്ന് ഗുജറാത്ത് സർക്കാരിൻ്റെ സർക്കുലർ

81% യുവാക്കൾ മതപരമായ ബഹുസ്വരതയിൽ വിശ്വസിക്കുകയും അനുകൂലിക്കുകയും ചെയ്യുമ്പോൾ 73% പ്രായമായവരും ഇതേ നിലപാട് പുലർത്തുന്നവരാണ്.ഭൂരിപ്കഷം പേരും മതസഹിഷ്ണുത പുലർത്തുന്നവാരാണെങ്കിലും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ചിന്താഗതിയിലും മാറ്റമുണ്ടെന്നും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. സ്കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത 72% പേരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉന്നത വിദ്യാഭ്യാസമുള്ളവരിൽ 83% പേരും തങ്ങൾ എല്ലാ മതങ്ങൾക്കും തുല്യപദവി കൽപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു.

സാമുദായിക സംഘർഷങ്ങളും സംഘട്ടനങ്ങളും സാധാരണയായി ഒരു നഗര പ്രതിഭാസമായി കാണപ്പെടുമ്പോൾ ഡാറ്റ മറ്റൊരു സൂചനയാണ് നൽകുന്നത്. നഗര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ മതപരമായ ബഹുസ്വരതയെയും സഹിഷ്ണുതയെയും പിന്തുണയ്ക്കുന്നതായിട്ടാണ് കാണപ്പെടുന്നത്.

തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാന വിഷയങ്ങൾ

തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് വോട്ടർമാരിൽ ആശങ്കയുണ്ടാക്കുന്ന പ്രധാന വിഷയം. അഴിമതിയും അയോധ്യയിലെ രാമക്ഷേത്രവും വോട്ടർമാർക്ക് വലിയ വിഷയമല്ല. ഡൽഹിയിലെ പുതിയ വോട്ടർമാർക്കിടയിൽ നടത്തിയ സർവ്വേയിൽ കേന്ദ്രസർക്കാർ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് ആറിലൊരാൾ വീതം അഭിപ്രായപ്പെട്ടു. കർഷകസമരം കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി നടത്തിയതാണെന്ന് 59% പേർ മനസിലാക്കിയപ്പോൾ 16% പേരാകച്ചെ ഇത് സർക്കാരിനെതിരെയുള്ള ഗൂഢാലോചനയാണെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. 11% ആളുകൾക്ക് കർഷകരുടെ ആവശ്യങ്ങളെക്കുറിച്ചോ, സമരത്തേക്കുറിച്ചോ അറിവില്ല.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഴിമതി വർദ്ധിച്ചതായി 55% ആളുകളും കുറഞ്ഞതായി 19% ആളുകളും വിശ്വസിക്കുന്നു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട നടപടി ഏതാണ് എന്ന ചോദ്യത്തിന്, സർവേയിൽ പങ്കെടുത്തവരിൽ 22 ശതമാനം പേർ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചും 48 ശതമാനം പേർ അത് ഹിന്ദുക്കളുടെ വ്യാക്തിത്വം ഏകീകരിക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.

Story Highlights : 79% people want India to be a multi-religious country, says CSDS survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here