Advertisement

ചെകുത്താനും കടലിനും ഇടയിൽ ഇന്ത്യ

April 16, 2024
Google News 4 minutes Read

ഇറാൻ ഇസ്രായേലിനെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന വാർത്ത കേട്ടാണ് ഏപ്രിൽ 14 പുലർന്നത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം കാരണം മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഉടനടി സംഘർഷം കുറയ്ക്കാനും സംയമനം പാലിക്കാനും അക്രമത്തിൽ നിന്ന് പിന്മാറാനും നയതന്ത്രത്തിൻ്റെ പാതയിലേക്ക് മടങ്ങാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിതായിരിക്കാനും ഇന്ത്യൻ എംബസി വഴി വിദേശ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ലെന്ന് വിദേശ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. കൂടാതെ നിലവിൽ ഈ രാജ്യങ്ങളിലുള്ളവർ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു.(The role of India in Iran-Israel conflict)

ഏപ്രിൽ ഒന്നിന് സിറിയയിലെ ദമാസ്കസിലെ ഇറാൻ എംബസിക്കുമേൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ മുതിർന്ന ജനറൽ ഉൾപ്പടെ 12 പേരാണ് കൊല്ലപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ തിരിച്ചടിക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഏപ്രിൽ 12ന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്ക മുന്നറിയിപ്പ് നൽകാൻ മറ്റൊരു കാരണം കൂടിയുണ്ട്. 2020 ജനുവരിയിൽ മുൻ ഖുദ്‌സ് ഫോഴ്‌സ് മേധാവി ഖാസിം സുലൈമാബോർനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ പടിഞ്ഞാറൻ ഇറാഖിലെ അൽ-അസാദ് എയർ ബേസിൽ നിലയുറപ്പിച്ചിരുന്ന യുഎസ് സൈന്യത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്താണ് ഇറാൻ തിരിച്ചടിച്ചത്. ഇറാഖിലെ രണ്ട് സൈനിക താവളത്തിനുനേരെയാണ് അന്ന് ഇറാൻ ആക്രമണം നടത്തിയത്. അക്ഷരാർഥത്തിൽ സൈനിക താവളത്തിന് നേരെ മിസൈൽമഴ തന്നെയായിരുന്നു. 22 മിസ്സൈലുകളാണ് അമേരിക്കൻ സൈന്യതാവളത്തിന് മേൽ വർഷിച്ചതെന്നാണ് ഇറാഖി സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. എന്നാൽ ആക്രമണത്തിൽ അമേരിക്കയുടെയോ ഇറാഖിൻ്റെയോ പക്ഷത്ത് അത്യാഹിത സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നാണ് മുതിർന്ന ഇറാഖി സൈനികവൃത്തങ്ങൾ വ്യക്തമാക്കിയത്.

Read Also: ഇസ്രയേലി കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് സന്ദർശിക്കും

ഇറാൻ 2024 ഏപ്രിലിൽ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രുയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ മിലിറ്ററി വക്താവ് ഡാനിയേൽ ഹാഗാറി വെളിപ്പെടുത്തിയിരുന്നു. ബോർഡറിന് വെളിയിൽ നിന്ന് തന്നെ ഇവയെ തടുക്കാൻ ഇസ്രായേലിന് സാധിച്ചിരുന്നു. എന്നാൽ സതേൺ ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ ഏഴുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇസ്രായേലിൻ്റെ ആരോപണം ശരിവെയ്ക്കുന്ന രീതിയിൽ സർക്കാരിൻ്റെ അധീനതയിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി ഇറാൻ റവല്യൂഷനറി ഗാർഡിനെ ഉദ്ധരിച്ച് വാർത്ത കൊടുത്തിരുന്നു.

ഇറാൻ-ഇസ്രായേൽ പ്രശ്നത്തിൽ കുടുങ്ങി ഇന്ത്യയും

ഇറാനുമായും ഇസ്രായേലുമായും ഏറെക്കാലമായി നയതന്ത്ര സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ദശാബ്ദങ്ങളായുള്ള ഈ സൗഹൃദം ഇരു രാജ്യങ്ങളോടും ഏറെക്കുറെ ഒരേപോലുള്ളതുമാണ്. അതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം കൂടുതൽ രൂക്ഷമായാൽ സമദൂരമെന്ന നയം ഇന്ത്യക്ക് ബാധ്യതയാവുക തന്നെ ചെയ്യും.

ഇറാനെതിരെ ഇസ്രയേൽ ഇനിയൊരു നീക്കം നടത്തിയാൽ ഇപ്പോഴത്തെ സ്ഥിതി മാറും. അത് ഇന്ത്യയും ആഗ്രഹിക്കുന്നില്ല. 2023 ഒക്ടോബറിൽ ഹമാസ് ദക്ഷിണ ഇസ്രയേലിൽ ആക്രമണം തുടങ്ങിയപ്പോൾ തന്നെ ആ സംഘർഷം വ്യാപിക്കാതിരിക്കാൻ ഇന്ത്യ ഇടപെട്ടിരുന്നു. സൗദി അറേബ്യ, ഇറാൻ, ഇസ്രയേൽ, ഈജിപ്ത്, ജോർദാൻ, പലസ്തീൻ തുടങ്ങിയ ഇടങ്ങളിലെ ഭരണാധികാരികളുമായി ഇന്ത്യ നയതന്ത്ര ചർച്ച നടത്തിയിരുന്നു.

ഒക്ടോബർ 29 ന് നരേന്ദ്ര മോദി ഈജിപ്ഷ്യൽ പ്രസിഡൻ്റ് അബ്ദേൽ ഫത്തേ എൽ-സിസിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ജനുവരി മാസാവസാനം ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഈ പ്രശ്നങ്ങൾ സംസാരിക്കുകയും മേഖലയിൽ, ചെങ്കടലിലടക്കം, യുദ്ധസാഹചര്യം ശക്തമാകുന്നതിൽ ഇരുനേതാക്കളും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Read Also: ഇന്ത്യക്കാരുടെ കാര്യത്തിൽ ആശങ്ക; ഇസ്രായേലിലേക്ക് രണ്ടാം ബാച്ചിനെ ഉടനെ അയക്കില്ല

പ്രതിരോധം, സുരക്ഷാ കാര്യങ്ങളിൽ ഇസ്രയേലുമായി അടുത്ത ബന്ധമാണ് ഇന്ത്യക്കുള്ളത്. മോദി സർക്കാർ അധികാരമേറ്റ ശേഷം അത് ഒന്നുകൂടി ശക്തിപ്പെട്ടു. മാത്രമല്ല, ആ സൗഹൃദം പരസ്യമായി തന്നെ പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. മുൻകാലങ്ങളിൽ അത്തരമൊരു നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നില്ല. ഇതാണ് ഹമാസ് ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ, ഒക്ടോബർ ഏഴിന് ഇസ്രയേലിന് സഹായവാഗ്ദാനവുമായി ഇന്ത്യ രംഗത്ത് വരാൻ കാരണമായത്.

തീവ്രവാദവും ഭീകരവാദവും ഇന്ത്യക്കും ഇസ്രയേലിനും വളരെയേറെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യക്കും ഇസ്രയേലിനും വലിയ നഷ്ടം സംഭവിച്ചത് ഇതിനൊരു ഉദാഹരണമാണ്. ഇതിന് പുറമെ ഇന്ത്യയ്ക്ക് പ്രതിരോധ ആയുധങ്ങളും സാങ്കേതിക വിദ്യയും എത്തിക്കുന്നതിൽ അമേരിക്ക, ഫ്രാൻസ്, റഷ്യ, ഇസ്രയേലും മുന്നിലാണ്. കാർഗിൽ യുദ്ധമടക്കം ഇന്ത്യ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം ഇസ്രയേൽ സഹായമെത്തിച്ചിരുന്നു എന്നതും ഇന്ത്യ നന്ദിയോടെയാണ് ഓർക്കുന്നത്.

അതേസമയം ഇറാനുമായുള്ള ഇന്ത്യയുടെ സൗഹൃദവും പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നവരിൽ പ്രധാനിയാണ് ഇറാൻ. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇറാനുമേൽ നിരോധനം ഏർപ്പെടുത്തിയത് ഈ വ്യാപാര ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ ശത്രുതയില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരവാദ വെല്ലുവിളിയിലും ഇരു രാജ്യങ്ങളും സമാനമായ ആശങ്ക പങ്കുവെക്കുന്നുണ്ട്.

താലിബാൻ ന്യൂനപക്ഷ വിഭാഗങ്ങളോട് കാട്ടുന്ന സമീപനത്തിലും കാബൂളിൽ ജനപ്രാതിനിധ്യ ഭരണമില്ലാത്തതിലും ഇറാനുള്ള അതേ നിലപാടാണ് ഇന്ത്യയുടേതും. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ റോഡ് വഴിയുള്ള ചരക്ക് നീക്കത്തിന് പാക്കിസ്ഥാനിൽ നിരോധനം ഉള്ളതിനാൽ അഫ്ഗാനിസ്ഥാനെയും മധ്യേഷ്യയെയും ബന്ധിപ്പിക്കുന്ന ചാബഹാർ പദ്ധതിയിൽ ഇരു രാജ്യങ്ങളും തുല്യ താത്പര്യം കാട്ടുന്നുണ്ട്. കാര്യങ്ങളിങ്ങനെയാണെന്നിരിക്കെ, ഇന്ത്യയെ സംബന്ധിച്ച്, ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ആർക്കൊപ്പം നിലപാടെടുക്കുമെന്നത് വെല്ലുവിളിയാവും. തങ്ങളെ പിന്തുണച്ചില്ലെങ്കിൽ ഇരു വിഭാഗത്തിൻ്റെയും അതൃപ്തിയും ഉറപ്പാണ്.

ഇസ്രായേൽ-ഇറാൻ തർക്കങ്ങൾ പതിവ്

എന്നാൽ ഈ സാഹചര്യം ആദ്യമായി ഉണ്ടാവുന്നതല്ല. 2012 ഫെബ്രുവരിയിലാണ് ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥൻ്റെ ഭാര്യ ഡൽഹിയിൽ വച്ച് കൊല്ലപ്പെട്ടത്. അന്ന് ഇസ്രയേൽ ആരോപിച്ചത് ഇറാനാണ് കൊലപാതകത്തിന് പിന്നിലെന്നാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഡൽഹിയിലെ ഇറാൻ്റെയും ഇസ്രയേലിൻ്റെയും നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിൽ നേർക്കുനേർ വാക്പോര് തുടർന്ന് വന്നിരുന്നു. 2021 ൽ ഇത്തരത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ വരുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഇസ്രയേൽ നയതന്ത്രജ്ഞൻ നോർ ഗിലണാണ് വിവാദത്തിന് തിരികൊളുത്തിയത്. മധ്യേഷ്യയിൽ അസ്വസ്ഥതയുണ്ടാക്കുന്നതിൻ്റെ ഏറ്റവും വലിയ കാരണക്കാർ എന്ന് ആക്ഷേപിച്ചിരുന്നു. പിന്നാലെ ഇറാൻ എംബസി ഇതിന് മറുപടിയുമായി രംഗത്ത് വന്നു. ദുഷിച്ച മനസുള്ള സയണിസ്റ്റ് നയതന്ത്രജ്ഞൻ്റെ കുട്ടിക്കളിയെന്നായിരുന്നു പരിഹാസം. ഇസ്രയേലിലെ ഭീകരവാദത്തിൻ്റെ കേന്ദ്രമെന്നും ചോരക്കൊതി പൂണ്ട സ്വാർത്ഥ ഭരണ കേന്ദ്രമെന്നും ഇറാൻ കുറ്റപ്പെടുത്തിയിരുന്നു. ഇരുവരോടും ഒരേപോലെ സൗഹൃദമുള്ള രാജ്യമെന്ന നിലയിൽ, ഇന്ത്യ ഇരുവരോടും വിവാദ പ്രതികരണങ്ങളിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയായിരുന്നു.

സംഘർഷം തുടർന്നാൽ ഇന്ത്യയെ നേരിട്ട് ബാധിക്കും

ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടർന്നാൽ അത് ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെ തന്നെയായിരിക്കും. പ്രധാനമായും മൂന്ന് തരത്തിലാണ് ഇത്. ഒന്നാമത്, ഇസ്രയേലിൽ 18000 ത്തോളം ഇന്ത്യാക്കാരും ഇറാനിൽ 5000 മുതൽ 10000 വരെ ഇന്ത്യാക്കാരുമുണ്ട്. ഗൾഫിലും പാശ്ചാത്യ ഏഷ്യൻ രാജ്യങ്ങളിലുമായി 90 ലക്ഷത്തോളം ഇന്ത്യാക്കാരുണ്ട്.

Read Also: ‘കേന്ദ്ര ഏജൻസികളെ നിയന്ത്രിക്കുന്നത് സർക്കാരല്ല’; ദക്ഷിണേന്ത്യയിൽ ഇക്കുറി നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി

രണ്ടാമത്, ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങളാണ്. പാശ്ചാത്യ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള ഇന്ധനത്തിൻ്റെ 90%. യുദ്ധമുണ്ടായാൽ പിന്നെ ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി നിലയ്ക്കുന്ന സ്ഥിതി പോലുമുണ്ടാവും. യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് ഇന്ത്യക്ക് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്കാണ് ഇന്ധം കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ മധ്യേഷ്യയിൽ യുദ്ധമുണ്ടായാൽ റഷ്യയോട് ഉയർന്ന വിലയ്ക്ക് ഇന്ധനം വാങ്ങേണ്ടി വരും. നിലവിൽ മധ്യേഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ഇന്ധനം ലഭിക്കുന്നതും റഷ്യയ്ക്ക് ഇന്ധനം വാങ്ങാൻ ആളില്ലാത്തതുമാണ് ഇന്ത്യയുടെ അനുകൂല ഘടകമെങ്കിൽ ഈ നില ആകെ മാറിമറിയും. അങ്ങനെ വന്നാൽ ഇന്ധന വില കുതിച്ചുയരുകയും ചെയ്യും.

മൂന്നാമതായി അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദമാണ്. ഇന്ത്യയെ സംബന്ധിച്ച് നല്ല അയൽക്കാരാണ് ഇറാനും ഇസ്രയേലും അറബ് രാജ്യങ്ങളും. ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാക്കാനായി ഏറെക്കാലമായി കഠിനാധ്വാനം ചെയ്യുകയാണ് രാജ്യം. ഇതിലൂടെ നയതന്ത്ര സൗഹൃദവും സാമ്പത്തിക നേട്ടവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതൊക്കെയാണ് സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നും അക്രമത്തിൽ നിന്ന് ഇരു രാജ്യങ്ങളും പിന്തിരിയണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് പോകണമെന്നും ഇന്ത്യ ആവശ്യപ്പെടാനുള്ള കാരണവും.

Story Highlights : The role of India in the Iran-Israel conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here