Advertisement

മുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകള്‍ ആഘോഷിക്കുന്നു, അതിനെതിരെ നാടിന്റെ നാവാകുന്നത് സോഷ്യല്‍ മീഡിയ: മുഖ്യമന്ത്രി

April 20, 2024
Google News 2 minutes Read
CM Pinarayi vijayan praises social media

ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകളും വാര്‍ത്തകളും ആഘോഷിക്കുമ്പോള്‍ അതിനെതിരെ നാടിന്റെ നാവാകുന്നത് സോഷ്യല്‍ മീഡിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. അത് ജനങ്ങള്‍ക്ക് വിലക്കും വിധമാണ്, ഏകപക്ഷീയമായി വാര്‍ത്തകളും വിശകലനങ്ങളും അവതരിപ്പിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ പെരുമാറുന്നത്. ശക്തമായ പ്രതിരോധം തീര്‍ക്കുന്ന ബദല്‍ മാധ്യമങ്ങള്‍ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള മുന്‍കൈയാണ് ഇടതുപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. (CM Pinarayi vijayan praises social media )

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ്. പകരം എല്‍ഡിഎഫിനെതിരായ നുണകളും വാര്‍ത്തകളും ആഘോഷിക്കുന്നു. ചെറിയ സംഭവങ്ങള്‍ പോലും പര്‍വ്വതീകരിച്ച് തുടര്‍വാര്‍ത്തകളാക്കുന്നു. വലതുപക്ഷം ഉയര്‍ത്തുന്ന വിലകുറഞ്ഞ ആക്ഷേപങ്ങള്‍ പോലും മുഖ്യവാര്‍ത്തകളായി ചില പ്രധാന മാധ്യമങ്ങളുടെ ഒന്നാം പേജില്‍ സ്ഥാനം നേടുന്നു. എല്‍ഡിഎഫ് നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളോ പ്രസംഗത്തില്‍ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളോ ഈ മാധ്യമങ്ങള്‍ അവഗണിക്കുന്നു.
ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. അത് ജനങ്ങള്‍ക്ക് വിലക്കും വിധമാണ്, ഏകപക്ഷീയമായി വാര്‍ത്തകളും വിശകലനങ്ങളും അവതരിപ്പിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ പെരുമാറുന്നത്. എല്‍ഡിഎഫ് എന്ന മുന്നണിയെ അവര്‍ അപ്രഖ്യാപിതമായി ബഹിഷ്‌കരിക്കുകയാണ്. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാട് മറച്ചു വെക്കുകയാണ്. ഇടതുപക്ഷത്തെ നശിപ്പിക്കാനാഗ്രഹിക്കുന്ന ശക്തികള്‍ക്ക് വ്യാജവാര്‍ത്തകളെന്ന പോലെ സര്‍വ്വേകള്‍ തട്ടിക്കൂട്ടി വടി വെട്ടിക്കൊടുക്കുന്നവരായി മാധ്യമ മുന്നണി മാറിയ ഈ ഘട്ടത്തില്‍, ബദല്‍ മാധ്യമ സംസ്‌കാരത്തിന്റെ അനിവാര്യതയാണ് നമുക്ക് മുന്നില്‍ തെളിയുന്നത്.

ശക്തമായ പ്രതിരോധം തീര്‍ക്കുന്ന ബദല്‍ മാധ്യമങ്ങള്‍ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള മുന്‍കൈയാണ് ഇടതുപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുന്നത്. നുണ പ്രചാരണങ്ങളെ തുറന്നു കാട്ടാനും മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ശരിയായ രാഷ്ടീയ ചര്‍ച്ചകള്‍ നടത്താനും നിശിതമായ മാധ്യമ വിമര്‍ശനത്തിനും ഉള്ള വേദിയായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. മാധ്യമ മേഖലയില്‍ തന്നെ ഉള്ളവരും അല്ലാത്തവരുമായ വ്യക്തികള്‍, കൂട്ടായ്മകള്‍, പ്രത്യക്ഷത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാത്തവര്‍ എന്നിവരടക്കം വലിയൊരു സമൂഹമാണ് ഇങ്ങനെ ശരിയായ പ്രതികരണവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ അണിനിരക്കുന്നത്.


ഇടതുപക്ഷപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പോരാട്ടത്തിന് അങ്ങനെ വലിയ മാനവും വ്യാപ്തിയും കൈവരികയാണ്. ജനങ്ങളാകെ അംഗീകരിക്കുന്ന വ്യക്തിത്വങ്ങളെപ്പോലും ഇടതുപക്ഷത്താണ് എന്നത് കൊണ്ട് മാത്രം ഹീനമായ മാര്‍ഗങ്ങളിലൂടെ ആക്രമിക്കുന്ന സോഷ്യല്‍ മാധ്യമ സംഘങ്ങളെയും വലതുപക്ഷം പോറ്റി വളര്‍ത്തുന്നുണ്ട്. അവരുടെ സംസ്‌കാര ശൂന്യമായ കടന്നാക്രമങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാന്‍ യുഡിഎഫിന്റെ ഉന്നതര്‍ പോലും മടിയില്ലാതെ രംഗത്തു വരുന്നത് നാം കണ്ടു.

സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ തന്നെ സംഘപരിവാറിനെ വിമര്‍ശിക്കുന്ന ഉള്ളടക്കമോ പരാമര്‍ശമോ വിലക്കപ്പെടുകയാണ്. അതിനു പുറമെ വന്‍തുക മുടക്കി പിആര്‍ സംഘങ്ങളെയും ‘വാര്‍ റൂമുകളെയും’ വലതുപക്ഷ പാര്‍ട്ടികള്‍ കയറൂരി വിട്ടിരിക്കുന്നു. അവയെ എല്ലാം ചെറുത്താണ്, സ്വയം സന്നദ്ധരായി ഇടതുപക്ഷ രാഷ്ട്രീയം പറയാന്‍ പതിനായിരക്കണക്കിനാളുകള്‍ മുന്നോട്ടു വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷ വേട്ടയ്ക്കിറങ്ങിയതാണ്. സംഘപരിവാറിന്റെയും യുഡിഎഫിന്റെയും നാവുകളായി, വാര്‍ത്തയിലൂടെയും വിശകലനങ്ങളിലൂടെയും നുണക്കഥകളിലൂടെയും വ്യാജ സര്‍വ്വേകളിലൂടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയം പ്രവചിച്ച ആ മാധ്യമങ്ങള്‍ക്ക് എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാക്കിയതിലൂടെ അര്‍ഹിക്കുന്ന മറുപടി ജനങ്ങള്‍ നല്‍കി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ആ വിജയത്തിന് ചാലക ശക്തിയായി പ്രവര്‍ത്തിച്ചവരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടെപെടുന്നവര്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. ‘കടന്നലുകള്‍’ എന്ന ആക്ഷേപം കേട്ടപ്പോഴും ഏകപക്ഷീയമായി അധിക്ഷേപിക്കപ്പെട്ടപ്പോഴും മാന്യതയുടെയും മര്യാദയുടെയും അതിരുകള്‍ ലംഘിക്കാതെ രാഷ്ട്രീയബോധത്തോടെ ഇടതുപക്ഷമാണ് ശരി എന്ന് വിളിച്ചുപറയാന്‍ കേരളത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും കേരളീയര്‍ തയാറാകുന്നത്, ഈ നാടിന്റെ സവിശേഷമായ മാതൃകയാണ്. മണ്‍തരികള്‍ ഒന്നുചേര്‍ന്നൊരു കോട്ടമതിലാകുന്ന പോലെ, വെള്ളത്തുള്ളികള്‍ ചേര്‍ന്നൊരു സമുദ്രമാകുന്ന പോലെ, കോടിക്കണക്കിനു സാധാരണ മനുഷ്യര്‍ തോളോട് തോള്‍ ചേര്‍ന്നാല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും കടപുഴകി വീഴുമെന്ന ചരിത്രത്തിലാണ് നമ്മുടെ ജനാധിപത്യത്തിന്റെ വേരുകളുള്ളത്. അതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് നാടിനായുള്ള പോരാട്ടത്തില്‍ നിര്‍ഭയം പങ്കുചേരുന്നവര്‍ ജനാധിപത്യ സങ്കല്‍പ്പത്തിന്റെ തന്നെ കാവലാല്‍മാലാഖമാരായി മാറുകയാണ്.

ഏതു മാധ്യമ കുത്തകയെയും സംഘടിത പ്രചാരണങ്ങളെയും തടഞ്ഞു നിര്‍ത്തി ജനമനസ്സുകളിലേക്ക് നേരിന്റെ വെളിച്ചം എത്തിക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ അന്തഃസത്തയെ സംരക്ഷിക്കുക എന്ന ചരിത്ര ദൗത്യമാണ് നിറവേറ്റപ്പെടുന്നത്. ആ പടയണിയില്‍ അണിചേര്‍ന്ന് കൂടുതല്‍ ജാഗ്രതയോടെ ബദല്‍ മാധ്യമ സംസ്‌കാരം ശക്തിപ്പെടുത്തുന്ന പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നുണക്കോട്ടകളെ തകര്‍ത്ത് നേരിന്റെ പതാക പാറിക്കാന്‍ സ്വയം സന്നദ്ധരായി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ മുന്നോട്ടുവരുന്ന എല്ലാ വ്യക്തികളെയും കൂട്ടായ്മകളെയും അഭിവാദ്യം ചെയ്യുന്നു.

Story Highlights :CM Pinarayi vijayan praises social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here