Advertisement

രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശി മുസ്ലിങ്ങളെന്ന് മൻമോഹൻ സിം​ഗ് പറഞ്ഞോ? സത്യമിതാണ്

April 30, 2024
Google News 3 minutes Read
Narendra Modi, Manmohan Singh

വികസനവും സർക്കാരിൻ്റെ ഭരണ നേട്ടങ്ങളും മുൻനിർത്തിയുള്ള പ്രചാരണത്തിൻ്റെ ഗതി മാറ്റുന്ന നിലയിലാണ് ഏപ്രിൽ 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബനസ്വരയിൽ സംസാരിച്ചത്. കോൺഗ്രസിൻ്റെ പ്രകടന പത്രികയെയും മുൻ നയങ്ങളെയും വിമർശിച്ച പ്രസംഗത്തിൽ, കോൺഗ്രസ് അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറിയവർക്കും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്കും രാജ്യത്തെ പാവങ്ങളുടെ സമ്പത്ത് മുഴുവൻ ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിങ്ങളാണെന്ന് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്നും ആ പ്രസംഗത്തിൽ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാൽ ഒറ്റ റാലിയിൽ മാത്രമായി അദ്ദേഹം ഇത് അവസാനിപ്പിച്ചില്ല. ഇന്ന് ന്യൂസ് 18 പുറത്തുവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള എക്സ്ക്ലുസീവ് അഭിമുഖത്തിലടക്കം അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. രാജസ്ഥാനിലും ബിഹാറിലും മഹാരാഷ്ട്രയിലുമടക്കം നിരവധി സംസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പ്രസംഗിച്ച വേദികളിലാകെ ഈ ആരോപണം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചർച്ചകളുടെ ഫോക്കസ് തന്നെ ഈ ആരോപണത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്.

രാജസ്ഥാനിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കാര്യങ്ങൾ പറയുന്ന ഭാഗം ഈ ലിങ്കിൽ 28:45 മിനിറ്റ് മുതൽ കാണാം.

സംഭവം വലിയ വിവാദമാവുകയും പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും സുപ്രീം കോടതിയിലും വരെ പരാതി എത്തുകയും ചെയ്തു. എന്നാൽ അതിന് ശേഷവും താൻ ആരോപിച്ച കാര്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറകോട്ട് പോയില്ല. എന്നുമാത്രമല്ല, മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തിൻ്റെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിങ്ങളാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പിന്നീട് ബിഹാറിലും രാജസ്ഥാനിലും മറ്റ് പലയിടങ്ങളിലും പ്രസംഗങ്ങളിൽ ആവർത്തിച്ചു.

എന്താണ് സത്യം?

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ആരോപണത്തിൻ്റെ വസ്തുതയാണ് പരിശോധിച്ചത്. കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2006 ഡിസംബർ ഒൻപതിന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വാർത്ത കണ്ടെത്താനായി. ഇതിൽ പറയുന്നത് പിന്നോക്ക വിഭാഗങ്ങളിൽ വിഭവങ്ങളുടെ ആദ്യ ഗുണഭോക്താക്കൾ മുസ്ലിങ്ങൾ ആകണമെന്നും എങ്കിൽ മാത്രമേ വികസനത്തിന്റെ ഗുണഫലം തുല്യമായി വീതിക്കപ്പെടുകയുള്ളൂവെന്നുമാണ്. ഓൺലൈൻ വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ.

52ാമത് ദേശീയ വികസന കൗൺസിൽ യോഗത്തിലാണ് പ്രധാനമന്ത്രി അന്ന് ഈ പ്രസ്താവന നടത്തിയതെന്നും വാർത്തയിൽ പറഞ്ഞിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഇത് സംബന്ധിച്ച വിശദീകരിക്കുന്ന വാർത്താക്കുറിപ്പ് ഇവിടെ കാണാം. 2006 ഡിസംബർ പത്തിന് പ്രസിദ്ധീകരിച്ച ഈ വാർത്താക്കുറിപ്പ് archivepmo.nic.in എന്ന വെബ്സൈറ്റിലാണ് ലഭ്യമായിട്ടുള്ളത്.

കൃഷി, ജലസേചനം, ജലവിഭവം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ വികസന സംബന്ധിച്ചാണ് പ്രധാനമന്ത്രി മൻമോഹൻസിങ് അന്ന് സംസാരിച്ചത്. ‘കൃഷി, ജലസേചനം, ജലവിഭവം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും വികസനത്തിനുള്ള ഇടപെടൽ വേണം. എസ്‌സി-എസ്‌ടി, പിന്നോക്ക വിഭാഗങ്ങൾ, സ്ത്രീകളും കുട്ടികളും എന്നിവരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾക്കും ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലിം ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾക്കും വിഭവ വിനിയോഗത്തിൽ പ്രഥമ പരിഗണന നൽകണം. ഇവർക്ക് വികസനത്തിൻ്റെ ഫലങ്ങൾ തുല്യമായി തന്നെ വീതിക്കപ്പെടേണ്ടതുണ്ട്- എന്നും മൻമോഹൻ സിങ് പറഞ്ഞു.

ഇതിൽ നിന്ന് തന്നെ മുൻ പ്രധാനമന്ത്രി പറഞ്ഞത് രാജ്യത്തെ എസ്‌സി-എസ്ടി വിഭാഗങ്ങളെയും പിന്നാക്ക ജാതികളെയും സ്ത്രീകളെയും കുട്ടികളെയും ന്യൂനപക്ഷങ്ങളെയും കുറിച്ചാണെന്നും അല്ലാതെ മുസ്ലിങ്ങളെ മാത്രം ബന്ധപ്പെടുത്തിയല്ലെന്നും വ്യക്തമാണ്.

കോൺഗ്രസ് പ്രകടന പത്രിക പറയുന്നത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ന്യായ് പത്രിക എന്ന പേരിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. വരുമാന അസമത്വം, ഇന്ത്യയുടെ സമ്പത്ത്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, സർക്കാർ ഭൂമിയുടെ വിതരണം, വിഭവ വിനിയോഗം തുടങ്ങി വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ് ഈ പ്രകടന പത്രിക. ഇതിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നിരവധി പദ്ധതികളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് വേർതിരിവില്ലാതെ വായ്പ ലഭിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഈ പത്രികയിൽ പരാമർശിച്ചിട്ടുണ്ട്.

ഇതിന് പുറമെ രാജ്യത്താകെ സാമൂഹികവും സാമ്പത്തികവും ജാതീയവുമായ സെൻസസ് നടത്തുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നുണ്ട്. ഇതിലൂടെ രാജ്യത്തെ വിവിധ ജാതി സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി മനസിലാക്കുകയാണ് ലക്ഷ്യം.

മറ്റൊന്ന് രാജ്യത്തെ സർക്കാർ ഭൂമി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേമ പദ്ധതികളുടെ ഗണത്തിലാണ് പ്രഥമ പരിഗണന എന്നത് കോൺഗ്രസ് പരാമർശിച്ചിരിക്കുന്നത്. 22 കോടി ആളുകൾ രാജ്യത്ത് ദരിദ്രരാണെന്നും ഈ വിഭാഗത്തിൻ്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായിരിക്കും സർക്കാർ വിഭവങ്ങളിൽ ആദ്യ പരിഗണന നൽകുകയെന്നുമാണ് പ്രകടന പത്രിക പറയുന്നത്.

Read Also: ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

രാജ്യത്ത് ദരിദ്രരും സമ്പന്നരും തമ്മിലെ അസമത്വം വളരുന്ന സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നും മാറ്റം വരുത്തുന്നതിന് വേണ്ട നയങ്ങൾ കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്.

എന്നാൽ രാജ്യത്ത് സ്ത്രീകളുടെ പക്കലുള്ള സ്വർണം എത്രയെന്ന് കണക്കെടുക്കുമെന്നോ, സമ്പത്ത് മുസ്ലിങ്ങൾക്കോ നുഴഞ്ഞുകയറ്റക്കാർക്കോ കൂടുതൽ കുട്ടികളുള്ളവർക്കോ നൽകുമെന്നോ റിപ്പോർട്ട് പറയുന്നില്ല.

മുസ്ലിം സമൂഹവും ജനസംഖ്യാ പെരുപ്പവും

വിവാദ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരാമർശിച്ചതാണ് മുസ്ലിം വിഭാഗത്തിലാണ് കൂടുതൽ കുട്ടികളുണ്ടാവുന്നതെന്ന വാദം. ഇത് രാജ്യത്തെ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ രണ്ട് വർഷം മുൻപ് പിടിഐയോട് സംസാരിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്‌വൈ ഖുറേഷി പറഞ്ഞത് രാജ്യത്ത് കുടുംബാസൂത്രണത്തിൽ ഏറെ പിന്നിലുള്ളത് മുസ്ലിങ്ങളെന്നാണ്, 45.3%. എന്നാൽ ഹിന്ദുക്കൾ അധികം ദൂരെയൊന്നുമല്ല. ഹിന്ദു വിഭാഗത്തിൽ കുടുംബാസൂത്രണ തോത് 54.4% ആണ്. ഒരു സ്ത്രീക്ക് ജനിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണം സംബന്ധിച്ച ടോട്ടൽ ഫെർട്ടിലിറ്റി റേറ്റിലും മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിൽ വലിയ വ്യത്യാസമില്ല. മുസ്ലിം വിഭാഗത്തിൽ ഫെർട്ടിലിറ്റി നിരക്ക് 2.61% വും ഹിന്ദു വിഭാഗത്തിൽ ഫെർട്ടിലിറ്റി നിരക്ക് 2.13% എന്നുമാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവെ -4 ലെ കണ്ടെത്തലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉദ്ധരിച്ചത്.

എന്നാൽ 2019-2021 കാലത്ത് നടത്തിയ അഞ്ചാം നാഷണൽ ഫാമിലി ഹെൽത്ത് സർവെയിൽ പറയുന്ന കാര്യങ്ങൾ ഇതിനോട് ഏറെക്കുറെ സമാനമാണ്. മുസ്ലിം സ്ത്രീകൾ ശരാശരി 2.36 കുട്ടികളെ പ്രസവിക്കുന്നു. അതേസമയം ഹിന്ദു സ്ത്രീകൾ 1.96 കുട്ടികൾക്ക് ജന്മം നൽകുന്നുവെന്നുമാണ് കണക്ക്.

നിഗമനം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യത്തെ വിഭവങ്ങളുടെ ആദ്യത്തെ ഗുണഭോക്താവ് മുസ്ലിങ്ങളായിരിക്കണം എന്നല്ല പറഞ്ഞത്, മറിച്ച് എസ്‌സി-എസ്‌ടി, ഒബിസി, സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷം എന്നിവർക്കായുള്ള പദ്ധതികൾക്ക് സർക്കാർ വിഭവങ്ങളിൽ പ്രഥമ പരിഗണന നൽകണമെന്നാണ്. അതിന് സമാനമായി 2024 ലെ കോൺഗ്രസ് പ്രകടന പത്രിക രാജ്യത്ത് സ്ത്രീകളുടെ കൈവശമുള്ള സ്വർണത്തിൻ്റെ മുഴുവൻ കണക്കെടുക്കുമെന്നോ അവർ പിടിച്ചെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്നോ പറയുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

Story Highlights : Fact-Check: Did Manmohan Singh propose ‘first right’ to resources for Muslims as claimed by PM Modi?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here