Advertisement

ഒരു ചിരി കൂടി മായുമ്പോള്‍…

March 24, 2016
Google News 1 minute Read

വി ഡി രാജപ്പന്‍ പോവാത്ത നാടില്ല,രാജപ്പനെ കേള്‍ക്കാത്ത മലയാളിയുമില്ല. ഹാസ്യകഥാപ്രസംഗങ്ങളിലൂടെ മലയാളിമനസ്സുകളില്‍ നിറഞ്ഞിനില്‍ക്കുന്ന വിഡി രാജപ്പന്‍ ഒരു കാലത്ത് ഇങ്ങനെയായിരുന്നു. മലയാളികള്‍ എവിടെയുണ്ടോ,അവിടെയെല്ലാം അദ്ദേഹത്തിന് പരിപാടികളുണ്ടായിരുന്നു. കേരളം മുതല്‍ അമേരിക്ക വരെ നീണ്ടു ആ പട്ടിക.

ഹാസ്യരംഗത്തെ മുടിചൂടാമന്നനായി കഥാപ്രസംഗവും സിനിമയുമൊക്കെയായി കലാരംഗത്ത് നിറഞ്ഞുനിന്ന രാജപ്പന്റെ ജീവിതകഥ ഫഌഷ് ബാക്കില്‍ ദുരിതപൂര്‍ണമായിരുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛനെയും അമ്മയെയും നഷ്ടമായി. സഹോദരിയുമൊത്ത് വല്യച്ഛന്റെ ഒപ്പമായി പിന്നെയുള്ള ജീവിതം. അദ്ദേഹത്തിന്റെ ബാര്‍ബര്‍ ഷോപ്പില്‍ സഹായിയായി ജീവിക്കുമ്പോഴും പാരമ്പര്യമായി കിട്ടിയ സംഗീതമായിരുന്നു രാജപ്പന്റെ മനസ്സില്‍ നിറയെ. പാരഡി ഗാനങ്ങളായി ആ കലാവൈഭവം പുറത്തുവന്നു. പിന്നീടത് കഥാപ്രസംഗത്തിന്റെ അന്ന് വരെ കാണാത്തൊരു രൂപത്തിലെത്തി.

എഴുപതുകളിലാണ് തമാശയില്‍ ചാലിച്ചെടുത്ത കഥാപ്രസംഗങ്ങളുമായി രാജപ്പന്‍ വേദികള്‍ കീഴടക്കുന്നത്.വി.സാംബശിവന്‍ പോലെയുള്ള കരുത്തരോടായിരുന്നു കഥാപ്രസംഗരംഗത്ത് ഏറ്റുമുട്ടേണ്ടി വന്നത്. പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള തന്റെ കഥാപ്രസംഗങ്ങളിലൂടെ അദ്ദേഹം ജനകീയനായി. ചികയുന്ന സുന്ദരി,മാക്മാക്,പോത്തുപുത്രി,കുമാരി എരുമ തുടങ്ങിയ കഥകള്‍ കേരളത്തെ പൊട്ടിച്ചിരിപ്പിച്ചു.ഇക്കാലയളവില്‍ സിനിമാരംഗത്തും സജീവമായി.

1982ല്‍ കക്ക എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.തുടര്‍ന്ന് കുയിലിനെത്തേടി,എങ്ങനെ നീ മറക്കും,ആട്ടക്കലാശം,പഞ്ചവടി പാലം,ആനയ്‌ക്കൊരുമ്മ,മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത,കുസൃതിക്കാറ്റ്,ആലിബാബയും ആറരക്കള്ളന്മാരും തുടങ്ങി ഒരുപാട് ചിത്രങ്ങള്‍.

vd-rajappan-last-days

 

 

 

 

 

 

വ്യക്തിപരമായ പ്രശ്‌നങ്ങളും അനാരോഗ്യവും മനസ്സിനെ തളര്‍ത്തിയതോടെ കലാരംഗത്ത് നിന്ന് പിന്‍മാറിയ വിഡി രാജപ്പന്‍ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് രോഗക്കിടക്കയിലെ ദൈന്യതയുടെ മുഖവുമായി ആയിരുന്നു. ചെസ്റ്റ് ഇന്‍ഫക്ഷനില്‍ തുടങ്ങി പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെയായി ദുരിതപൂര്‍ണമായ ജീവിതം.

പതുക്കെ ഓര്‍മ്മയും അദ്ദേഹത്തെ വിട്ടകന്നു. ഏവരെയും ചിരിപ്പിച്ച കലാകാരന്‍ സ്വന്തം ജീവിതം കണ്ണീര് കൊണ്ട് എഴുതേണ്ടി വരുന്ന അവസ്ഥയായിരുന്നു പിന്നീട്.ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുമ്പോള്‍ താന്‍ ഏറെ ചിരിപ്പിച്ച മലയാളിമനസ്സുകളിലെ നിറയോര്‍മ്മ മാത്രമാണ് വിഡി രാജപ്പന്റെ സമ്പാദ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here