Advertisement

സംഗീതലോകത്തെ പാമരനാം പാട്ടുകാരന്‍

March 29, 2016
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട്ടങ്ങാടിയിലും,ട്രെയിനിലും ഉപജിവനമാര്‍ഗ്ഗത്തിനായി പാട്ടു പാടി നടന്ന ബാല്യം മുതല്‍ മലയാള സിനിമയില്‍ വലിയ പാട്ടുകാരനായി പേരെടുത്തപ്പോള്‍ പോലും ബാബുരാജ് എന്ന മലയാളികളുടെ ബാബുക്ക പാമരനായ പാട്ടുകാരന്‍ തന്നെയായിരുന്നു. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും കെട്ടുറപ്പ് കൊണ്ട് മലയാള സിനിമയെ സംഗീത സമ്പന്നമാക്കിയപ്പോഴും ഈ ഭാവഗായകന്റെ ഭാവന മാത്രമാണ് സമ്പന്നതയില്‍ രമിച്ചത്. ഓര്‍ക്കാന്‍ ഒട്ടും സുഖമില്ലാത്ത ജീവിതചുറ്റുപാടില്‍ നിന്നാണ് ഓര്‍മ്മകളുടെ തംബുരുമീട്ടി ഈ ഗായകന്‍ മലയാളികളുടെ മനസ്സില്‍ പ്രണയത്തിന്റേയും, വിരഹത്തിന്റേയും നോവു പടര്‍ത്തിയ പാട്ടിന്റെ രാഗമാല തീര്‍ത്തത്.

1921 മാര്‍ച്ച് 29 നാണ് ബാബുരാജ് ജനിക്കുന്നത്. ബംഗാളി ഹിന്ദുസ്ഥാനി ഗായകനായിരുന്ന ജാന്‍ മുഹമ്മദ് സാഹിബായിരുന്നു ഇദ്ദേഹത്തിന്‍രെ അച്ഛന്‍. അവരുടെ ആഢംബരജിവിതത്തില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ആ പിതാവ് അപ്രത്യക്ഷനായതോടെ അനാഥമായതാണ് ആ കുടുംബം. ബാബുരാജിന്റെ ആറാം വയസ്സില്‍ അമ്മയും മരണപ്പെട്ടതോടെ ബാബുരാജിന്റയെും അനിയന്‍ മജീദിന്റെയും ജീവിതം പൂര്‍ണ്ണമായും ഇരുളടഞ്ഞുപോയി .പിന്നിങ്ങോട്ട് പാട്ടിന്റെ തണലിലാണ് ഈ ബാലഗായകര്‍ ജീവിതം മുന്നോട്ട് നയിച്ചത്. കോഴിക്കോട്ടെ തെരുവുകളും,ട്രെയിനുമൊക്കെയായരുന്നു ആയിരുന്നു വേദി.

baburaj-abhayadev-and-p-leela-in-an-undated-recording-sessionപ്രശസ്തനായഒരു അച്ഛന്റെ മക്കള്‍ ഇങ്ങനെ തെരുവില്‍ അലയുന്നത് ശ്രദ്ധയില്‍ പെട്ട കുഞ്ഞുമുഹമ്മദ് എന്ന കലാസ്‌നേഹിയായ പോലീസുകാരനാണ് ബാബുരാജിന്റെ പ്രശസ്തിയിലേക്കുള്ള ആദ്യപടിയായത്. അദ്ദേഹത്തിന്റെ ഇടപെടലോടെ ബാബുരാജിന്റെ സംഗീത വേദികള്‍ തെരുവില്‍ നിന്ന് കോഴിക്കോട്ടെ കല്യാണ വീടുകളിലേക്കുയര്‍ന്നു. മംഗളഗാനങ്ങള്‍ക്ക് നിമിഷനേരം കൊണ്ട് ഇദ്ദേഹം ഉണ്ടാക്കുന്ന ഈണം, പതുക്കെ അദ്ദേഹത്തെ എല്ലാ കല്യാണവീടുകളുടേയും അവിഭാജ്യഘടകമാക്കി മാറ്റി.

ഈ സംഗീതസദസ്സുകളാണ് നാടറിയുന്ന ഒരു സംഗീതസംവിധായകനിലേക്ക് ഇദ്ദേഹത്തെ ഉയര്‍ത്തുന്നത്. പ്രശസ്തരുമായുള്ള സുഹൃദ് വലയങ്ങള്‍ ഇവിടെനിന്നാണ് ബാബുരാജിനോടൊപ്പം കൂടുന്നത്. തിക്കോടിയന്‍, കെ പി ഉമ്മര്‍, കെ. ടി മുഹമ്മദ് എന്നിവരുമായുള്ള സമ്പര്‍ക്കം പതുക്കെ നാടകമേഖലയിലേക്ക് വഴിതെളിച്ചു.. 1951 ല്‍ ഈക്വിലാബിന്റെ മക്കള്‍ എന്ന നാടകത്തിലൂടെ അദ്ദേഹം നാടകലോകത്തേക്ക് കടന്നു.കണ്ടം ബച്ച കോട്ട്, നമ്മളൊന്ന് എന്നീ നാടകങ്ങള്‍ ബാബുരാജ് എന്നൊരു ലേബല്‍ ഇദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്തു.

06MPCT-MUSIC_DI_06_1418871ev

പി ഭാസ്‌കരനുമായുള്ള അടുപ്പമാണ് ഇദ്ദേഹത്തെ സിനിമയിലേക്ക് എത്തിക്കുന്നത്. 1953 ല്‍ തിരമാല എന്നചിത്രത്തിലൂടെ സഹസംഗീത സംവിധായകനായി സിനിമാപാട്ടുകളുടെ ലോകത്തേക്ക് ഇദ്ദേഹം ചിറകുവിരിച്ചിറങ്ങി. 1957 ല്‍ മിന്നാ മിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. പിന്നീട് അറുപതുകളുെട കാലഘട്ടത്തില്‍ ബാബുരാജ് സമ്മാനിച്ച ആ പാട്ടിന്റെ മായികലോകത്ത് നിന്നും മലയാളികള്‍ ഇന്നും പുറത്തുകടന്നിട്ടില്ല. ഈ പാട്ടുകളുടെ തണലില്‍ ഇരുന്ന് മനസു തണുപ്പിക്കാത്ത ഒരു സംഗീത സായാഹ്നമോ, ഒരു ടെലിവിഷന്‍ പരിപാടിയോ ഇന്നും മലയാളികള്‍ക്കില്ല. ഇദ്ദേഹത്തിന്റെ വരവോടെ മലയാള സിനിമാ ഗാനശാഖയ്ക്ക് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നറുമണം കൈവന്നു.

 

1964 ലെ ഭാര്‍ഗ്ഗവീനിലയത്തിലെ പാട്ടുകളിലൂടെ പാട്ടിന്റെ വഴിയില്‍ ഇദ്ദേഹം അജയ്യനായി. കേവലം 18 വര്‍ഷമാണ് സിനിമാലോകം ഈ പാട്ടിന്റെ കിനാവില്‍ തളിരിട്ടത്. ഈ സനിമയിലെ താമസമെന്തേ വരുവാന്‍, വാസന്ത പഞ്ചമി നാളില്‍, പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടോരു, അറബിക്കടലൊരു മണവാളന്‍, ഏകാന്തതയുടെ അപാരതീരം എന്നീ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായി.
ആഘോഷങ്ങള്‍ക്കും പാട്ടിനും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പാട്ടുസല്‍ക്കാരത്തില്‍ സ്ഥാനം നല്‍കിയത്. ആഘോഷരാവുകളില്‍ സംഗീതത്തോടൊപ്പം പതഞ്ഞു പൊന്തിയ ലഹരി ബാബുരാജിന്റെ ജീവിതത്തിലേക്ക് ഒരു കറുത്ത സത്യമായി കടന്നെത്തി. ആ സംഗീത സാന്ദ്രമായ ജീവിതം തട്ടിയെടുക്കും വരെ അത് ഒപ്പമുണ്ടായിരുന്നു, 1978 ഒക്ടോബര്‍ ഏഴിനാണ് ഈ സംഗീത മാന്ത്രികന്‍ ഏകാന്തതയുടെ അപാരതീരത്തേക്ക് മടങ്ങിപ്പോയത്. പൊട്ടിത്തകര്‍ന്ന കിനാവുപോലെ തന്നയായിരുന്നു ആ ജിവിതവും. പാട്ടുകളുെട പ്രതിഫലം വാങ്ങാന്‍ ഒരുബാങ്ക് അക്കൗണ്ട് പോലും മരിക്കുന്നത് വരെ ഇദ്ദേഹത്തിന്‍ ഉണ്ടായിരുന്നില്ല.

ബാബുരാജിന്റെ ഭൂരിഭാഗം ഗാനങ്ങളുടയേയും രചയിതാവ് പി. ഭാസ്‌കരന്‍ മാഷായിരുന്നു. വയലാര്‍, ഒഎന്‍വി, പൂവ്വച്ചല്‍ ഖാദര്‍, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ടിലും മനംമയക്കുന്ന ഗാനങ്ങള്‍ പിറവികൊണ്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement