ചൂടോടെ ഒരു ഇഡ്ഡലി എടുക്കട്ടേ…
അമ്മ ഉണ്ടാക്കുന്ന നല്ല മാര്‍ദ്ദവമുള്ള ഇഡ്ഡലി, ഒപ്പം ചൂടുള്ള ചട്‌നി, ഇനി സാമ്പാറും കൂടി ആയാലോ ഒരെണ്ണമല്ല പത്തെണ്ണമെങ്കിലും കഴിച്ചു പോകും അല്ലേ…
എങ്കില്‍ എല്ലാവരും ഇന്ന് ഇഡ്ഡലി ഉണ്ടാക്കണം. കാരണം നമ്മുടെ പ്രിയപ്പെട്ട ഇഡ്ഡലിയുടെ ദിവസമാണിന്ന്. ലോക ഇഡ്ഡലി ദിനം.
പാശ്ചാത്യര്‍ അവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ക്കായി ഓരോ ദിനം മാറ്റി വെക്കാറുണ്ട്. തക്കാളി ദിനം, ആപ്പിള്‍ ദിനം ഇങ്ങനെ പോകുന്നു അവ. എന്നാല്‍ ഇതാ ഇപ്പോള്‍ ഇഡ്ഡലിക്കുമൊരു ദിനം. കഴിഞ്ഞ വര്‍ഷം മുതലാണ് ഇഡ്ഡലിക്ക വേണ്ടിയും ആഘോഷം ആരംഭിച്ചത്. തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി ഹരിഭാസ്‌കര്‍ കഴിഞ്ഞ വര്‍ഷമാണ് മാര്‍ച്ച് 30 ഇഡ്ഡലി ദിനമെന്ന് പ്രഖ്യാപിച്ചത്.
ഇഡ്ഡലി ഉണ്ടായതിനെക്കുറിച്ച് നിരവധി കഥകള്‍ ഉണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ഏത് വിശേഷ ദിവസങ്ങളിലും പൂ പോലുള്ള ഇഡ്ഡലികള്‍ പാത്രം നിറയെ ചിരിച്ചിരിക്കും. എങ്കില്‍ ആഘോഷിക്കൂ ഇഡ്ഡലി ദിനം ഇഡ്ഡലി ഉണ്ടാക്കിതന്നെ…
കുറച്ച് ഇഡ്ഡലി കഥ കൂടി…
ഇഡ്ഡലി ദിവസമായിട്ട് രാമേശ്ലേരി ഇഡ്ഡലിയെ കുറിച്ച് എങ്ങനെ പറയാതിരിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കുടിയേറ്റ കഥ, യഥാര്‍ത്ഥത്തില്‍ അതാണ് രാമശ്ശേരി ഇഡ്ഡലി കഥ.
മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് കുടിയേറിപ്പാര്‍ത്തവര്‍ കൊണ്ടുവന്നതാണ് ഈ രുചിക്കൂട്ട്. പട്ടിന്റെ നാടായ കാഞ്ചീപുരത്തുനിന്ന് പാലക്കാടന്‍ മണ്ണിലേക്ക് കുടിയേറിപ്പാര്‍ത്ത മുതലിയാര്‍ കുടുംബത്തിലെ ചിറ്റൂരി മുത്തശ്ശിയാണ് വായില്‍ വെള്ളമൂറുന്ന, രസമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന രാമശ്ശേരി ഇഡ്ഡലിയുടെ രുചിപ്പെരുമ സമ്മാനിച്ചത്.
ദോശയ്ക്ക് കട്ടികൂടിയാല്‍ നമ്മള്‍ കളിയാക്കി വിളിക്കും ദൊഡ്ഡിലി എന്ന് എന്നാല്‍ രാമശ്ശേരി ഇഡ്ഡലി ദോശപോലെ വലുതും മൃദുവുമാണ്. ദോശപോലൊരു ഇഡ്ഡലി. പക്ഷേ കഴിച്ചാല്‍ ദൊഡ്ഡിലിയെന്ന് വിളിച്ച് കളിയാക്കാന്‍ തോന്നുകയേ ഇല്ല.
പാലക്കാട് ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ രമശ്ശേരി എന്ന സ്ഥലം. ഇഡ്ഡലി എന്ന് പറഞ്ഞാല്‍ ആരും ആദ്യം ഓര്‍ക്കുന്ന പേര്. അവിടെ മന്നത്ത് ഭഗവതീ ക്ഷേത്രത്തിനടുത്ത് സരസ്വതീ ടീ സ്റ്റാള്‍. ഇതാണ് ഏറ്റവും ശ്രേഷ്ഠമായ ഇഡ്ഡലികിട്ടുന്ന ഇഡ്ഡലിക്കട.
മുതലിയാര്‍ കുടുംബം തന്നെയാണ് ഇന്നും ഈ കട നടത്തുന്നത്. ഇവിടെ ഉണ്ടാക്കുന്ന ഇഡ്ഡലിയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. പൊന്നിയരി മാത്രമാണ് ഇതിനായി ഉപയോഗിക്കുക. . പത്തുകിലോ പൊന്നി അരിയ്ക്ക് ഒന്നര കിലോ ഉഴുന്ന് പരിപ്പ് എന്നതാണ് കണക്ക്. അല്‍പ്പം ഉലുവയും ചേര്‍ത്ത് മൂന്നും പൊടിച്ചെടുക്കണം. തലേന്നാള്‍തന്നെ പൊടിച്ച് അരയ്ച്ച് വെക്കും. ഇത് ഇഡ്ഡലി മാവിന്റെ കൂട്ട്.
ഇഡ്ഡലി ഉണ്ടാക്കുന്നതിലും ഉണ്ട് രാമശ്ശേരി ടച്ച്. വിറകടുപ്പില്‍ പുളിമരത്തിന്റെ വിറക് മാത്രം ഉപയോഗിച്ച് തീ കൂട്ടിയാണ് ഇത് ഉണ്ടാക്കുക. അടുപ്പില്‍ വെള്ളം നിറച്ച കലം വെച്ച് അതിന് മുകളില്‍ ഒരു തട്ട് വെക്കുന്നു. മണ്‍കലത്തിന്റെ കഴുത്ത് മാത്രം ഉപയോഗിച്ച് അതില്‍ നൈലോണ്‍ നൂല്‍ കെട്ടിയാണ് ഈ തട്ട് ഉണ്ടാക്കുന്നത്.
ഈ തട്ടില്‍ തുണി വിരിച്ച് ഇഡ്ഡലി മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുത്താല്‍ രാമശ്ശേരി ഇഡ്ഡലി തയ്യാര്‍. തിളച്ചവെള്ളത്തിന് മുകളില്‍ വെക്കുന്നതുകൊണ്ട് 3 മിനിറ്റിനുള്ളില്‍ ഇഡ്ഡലി തയ്യാര്‍… ഒരേ സമയം ഒരു അടുപ്പില്‍ 5 ഇഡ്ഡലി വരെ ഉണ്ടാക്കാം. വാഴയിലയിലാണ് ഇഡ്ഡലി നല്‍കുക.ചൂടന്‍ ഇഡ്ഡലിക്കൊപ്പം സാമ്പാര്‍, ചട്‌നി, ചമ്മന്തിപ്പൊടി. ഇതില്‍ അല്‍പ്പം എണ്ണകൂടി ചേര്‍ത്താല്‍ സ്വാദ് പിന്നെയും കൂടും.
രാമശ്ശേരി ഭാഗങ്ങളിലെ ഹോട്ടലുകളെല്ലാം ഇഡ്ഡലി വാങ്ങുന്നത് മുതലിയാര്‍ കുടുംബങ്ങളില്‍നിന്നാണ്. ഇവര്‍ ഇന്നും ഈ രുചി പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്നു.
ഇനിയുമുണ്ട് നല്ല നാടന്‍ പെരുമയുള്ള വിഭവങ്ങള്‍…
തലശ്ശേരി ബിരിയാണി, കോഴിക്കോടന്‍ ഹല്‍വ, അങ്ങിനെയങ്ങെനിനെ.
ഈ സ്ഥലപ്പേരുകള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതും ഈ വിഭവങ്ങള്‍ തന്നെയല്ലേ. ഒരു നാടിന്റെ ചരിത്രം അവിടുത്തെ രുചിക്കൂട്ടുകളുടേതുകൂടിയാകുന്നതും ഇങ്ങനെയൊക്കെയാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here