ചാടിപ്പൊങ്ങി ഞെരിഞ്ഞമർന്ന് ഒരു ഉമ്മൻ കളരിക്കുതിപ്പ്

ഇതാണ് ഉമ്മൻ ചാണ്ടിയുടെ പുതിയ അവതാരം. കരുണാകരന്റെ ശൈലി മോശമെന്ന് പരസ്യമായിപ്പറഞ്ഞു ആ യുഗത്തിന് അന്ത്യംകുറിച്ച ‘ആദർശ പുണ്യാത്മൻസേന’യുടെ തലവൻ. പിന്നീട് ആദർശം എന്ന വാക്കിന്റെ അർത്ഥം മാറ്റിയെഴുതി പുണ്യാത്മനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കി ആന്റണി കോൺഗ്രസിന്റെ തലവനായി ഉമ്മൻ ചാണ്ടി അവരോധിതനായി. ‘എ’ നഷ്ടപ്പെട്ട ആന്റണി ഡൽഹിയിൽ ചേക്കേറി. ‘എ’ ‘ഉ’ ആക്കാതെ തന്നെ ഉമ്മൻ പിടി മുറുക്കി കൊണ്ടേയിരുന്നു. ഒടുവിൽ സമസ്ത ആദർശ വിരുദ്ധരെയും ഒരു ചേരിയിൽ എത്തിച്ച റിംഗ് മാസ്റ്റർ മെയ് വഴക്കത്തിൽ ഉമ്മൻ ചാണ്ടി കരുണാകരന്റെ അതെ ശൈലിയുടെ അഭിനവ അവതാരമായി നിൽക്കുന്നു. സരിതയും സരിതയുടെ കത്തും ഇടയ്ക്കും മുറയ്ക്കും വന്നു പോകുന്ന എരിവും പുളിയും മാത്രമായ ഒരു ത്രില്ലർ എന്ന നിലയിൽ പുശ്ചിക്കാനും ഉമ്മൻ ചാണ്ടിയ്ക്ക് സമർത്ഥമായി കഴിഞ്ഞു. ആശ്രിത വത്സലൻ എന്ന് കരുണാകരനെ കളിയാക്കിയ ഉമ്മൻ ചാണ്ട്യ്ക്ക് ഇപ്പോൾ ആ പേരെ ചേരൂ.

ummenchandit SUPREMO

ഡെക്കറേഷൻ നഷ്ടമായ രമേഷ്

ഐ, തിരുത്തൽ , അഖിലേന്ത്യാ തുടങ്ങി ‘വിശാല ഐ’യുടെ കമാണ്ടർ ഇന് ചീഫ് പദവി വരെ നീണ്ട രമേഷ് ചെന്നിത്തലയുടെ തലയും വാലും മുറിഞ്ഞു പോയ നീക്കമാണ് ഉമ്മൻ ചാണ്ടി നടത്തിയത്. പേരിന്റെ കൂടെയുണ്ടായിരുന്ന ഡെക്കറേഷൻ ഒക്കെ പോയി മദ്ധ്യസ്ഥന്റെ വേഷത്തിലേക്ക് ഇടിഞ്ഞു വീണ രമേഷിന്റെ ആകെയുള്ള പിടിവള്ളി ഒരു സീറ്റ് കിട്ടി എന്നത് മാത്രമാണ്.

ഐ ഗ്രൂപ്പിലെ അടുർ പ്രകാശിനെ സംരക്ഷിച്ച ഉമ്മൻ ചാണ്ടിയുടെ നീക്കം ഗ്രൂപ്പ് ഭേദമെന്യേ പാർടിക്കുള്ളിൽ ശക്തനാവുന്ന തലത്തിലേക്ക് കാര്യങ്ങളെ വഴി മാറ്റി. ഒന്നുകിൽ ഗ്രൂപ്പുകളാകെ ഉമ്മനിലെക്ക് ; അല്ലങ്കിൽ എല്ലാ നേതാക്കളും അണികളും എ ഗ്രൂപ്പിലേക്ക്. ഇവിടെയാണ്‌ ചെന്നിത്തലയുടെ അലങ്കാരങ്ങളാകെ ഉമ്മൻ ചാണ്ടി അഴിച്ചു വാങ്ങിയത്. ഐ എന്നൊരു ഗ്രൂപ്പ് തന്നെ ഇല്ലാതാക്കിക്കളഞ്ഞു ഉമ്മൻ ചാണ്ടി .

മുനയൊടിഞ്ഞ ആദർശം

ഗ്രൂപ്പ് ഭേദമന്യേ കോൺഗ്രസ്‌ നേതാക്കളുടെയും അണികളുടെയും സംരക്ഷണ റോൾ ഏറ്റെടുക്കാൻ സാമ്പത്തികമായും ആയുധപരമായും പിടിപ്പില്ലാത്തടത്തോളം കാലം ഉമ്മൻ ചാണ്ടിയ്ക്ക് ബദലാവാൻ സുധീരനും ആവില്ല. കളങ്കിതരെ മത്സരിപ്പിക്കില്ലെന്ന വി.എം. സുധീരന്റെ നിലപാടിനെ ഒരു പൂഴിക്കടകനിലൂടെ ചുഴറ്റിയടിച്ചാണ് ഉമ്മൻ ചാണ്ടി ആ ആദർശക്കുരു പൊട്ടിച്ചത്. കോൺഗ്രസ്‌ പാർട്ടിയിൽ അപ്പോൾ ആളുകൾ വേണ്ടന്നാണോ എന്ന ഒറ്റ ചോദ്യം മതി സുധീരന്റെ തല താഴാൻ. കളങ്കിതരല്ലാത്ത എത്ര പേർ കോൺഗ്രസിലുണ്ടെന്ന പ്രസക്തമായ ചോദ്യം ഒരിക്കലും ഉത്തരമില്ലാത്ത ഒരു അന്തംവിട്ട ചോദ്യം തന്നെയാണ്.

കെ പി സി സി പ്രസിഡന്റ്‌ പദവിയിലുള്ളവരെ തനിക്കു രുചിച്ചില്ലങ്കിൽ അവിടെനിന്നും ഇറക്കി വിടുന്നതിൽ ഒരു ശൈലി തന്നെ ഉമ്മൻ ചാണ്ടി വികസിപ്പിച്ചിട്ടുണ്ട്. കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്തിറക്കിയതും , രമേഷ് ചെന്നിത്തലയെ പുറത്തിറക്കിയതും ഒരേ വഴിയിൽ ; ഒരേ മയത്തിൽ ! രണ്ടു പേരെയും മന്ത്രിമാരാക്കി സ്നേഹിച്ചു. എന്നിട്ട് കൊന്നു. കൊന്നു എന്ന് പറഞ്ഞാൽ മുഖ്യമന്ത്രി വരെയാകാൻ പോന്ന വിധം വളർന്നു പടർന്നു നിന്ന മുരളിയെ ചെയ്ത ചെയ്തത് കേരളരാഷ്ട്രീയ ചരിത്രത്തിൽ കീറിക്കളഞ്ഞാലും കീറിപ്പോകാത്ത അദ്ധ്യായമാണ്‌. രമേഷിനെ ആദ്യം മന്ത്രിയാക്കി അദ്ധ്യക്ഷ പദവിയിൽ നിന്നും താഴെയെത്തിച്ചു. പോലീസ്സിനെ ഒന്ന് സ്ഥലം മാറ്റാൻ പോലും മുഖ്യമന്ത്രിയുടെ അനുമതിക്കു കാത്തു കിടക്കുന്ന വെറുമൊരു പോലീസ്സ് മന്ത്രിയാക്കി ചെന്നിത്തലയെ ഒതുക്കി ചുരുട്ടിക്കളഞ്ഞു കുഞ്ഞൂഞ്ഞ് . സുധീരന്റെ വിധി മറ്റൊന്നാകില്ലന്ന് ഈ ചരിത്രം പറയുന്നു.

മന്ത്രി ആക്കുമെന്ന ദാക്ഷണ്യം പോലും ഉമ്മനിൽ നിന്ന് സുധീരൻ പ്രതീക്ഷിക്കാൻ വകയില്ല. വേദനിപ്പിക്കാതെ കൊല്ലുന്ന യുത്തനെഷ്യ അഥവാ ദയാവധത്തിന് കാത്തുകിടക്കുന്ന സുധീരനെ ഓർത്ത്‌ സഹതാപിച്ച് കെ പി സി സി യിലെ ചുവരിൽ തൂങ്ങുന്ന ഇന്ദിര ഗാന്ധിയുടെ ചിത്രം വരെ കണ്ണീർ പൊഴിക്കുന്നുവത്രെ !

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top