20 ലക്ഷം കൊലപാതകങ്ങൾ, മൂന്ന് വർഷത്തെ ഭരണം, പോൾ പോട്ടിന്റെ സ്‌കോർ ചെറുതല്ല.

ജിതി രാജ്
മനുഷ്യത്വ രഹിതമായ പ്രവർത്തികളിലൂടെ മനുഷ്യ ജീവനും മനുഷ്യ കുലത്തിന് തന്നെയും വെല്ലുവിളി ആയ ഭരണാധികാരികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ജർമ്മനിയിലെ ഹിറ്റ്‌ലർ, ഇറ്റലിയിലെ മുസോളിനി, റഷ്യയിലെ സ്റ്റാലിൻ, ഉഗാണ്ടയിലെ ഇദി അമീൻ, എത്യോപ്യയിലെ മെങ്ങിസ്തു ഹൈലെ മറിയം, സ്‌പെയിനിലെ ഫ്രാൻസിസ് ഫ്രാങ്കോ, ചിലിയൻ ഭരണാധികാരി ആഗസ്‌റ്റോ പിനോഷെ, മാവോ സെ തൂങ്, സദ്ദാം ഹുസൈൻ…. ഈ ശ്രേണിയിലേക്ക് ചേർത്ത് വായിക്കപ്പെടുന്ന പേരാണ് കമ്പോഡിയയിലെ പോൾ പോട്ടിന്റേത്.
കമ്പോഡിയയിലെ ഖമർ റൂഷ് ഭരണകൂടത്തെ 1976 മുതൽ 1979 വരെ നയിച്ചത് പോൾ പോട്ടാണ്. ഹിറ്റ്‌ലർ, മുസോളിനി, സ്റ്റാലിൻ എന്നിവർ ആഘോഷിക്കപ്പെട്ടപ്പോൾ വാർത്തകളിലും ചർച്ചകളിലും പോൾ പോട്ട് അധികം ഉണ്ടായിരുന്നില്ല. എന്നാൽ ഏഷ്യയിലെ ഹിറ്റ്‌ലർ എന്നാണ് പോൾ പോട്ട് വിശേഷിപ്പിക്കപ്പെടുന്നത്.
കോടിക്കണക്കിന് ജനങ്ങളാണ് ഈ സ്വേഛാധിപത്യ ഭറണാധികാരികളുടെ സ്വാർത്ഥ ഭരണത്തിന്റെ ഇരകളായി നരകിച്ച് മരിച്ചതും മരിച്ച് ജീവിച്ചതും.
രാജ വാഴ്ചയിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കംബോഡിയയെ ചൈനയുടെ സഹായത്തോടെയാണ് പോൾ പോട്ട് പിടിച്ചെടുക്കുന്നത്.
1975 ൽ പോൾ പോട്ട് ഭരണം ആരംഭിച്ചു. 1979 വരെ കംബോഡിയൻ പ്രധാനമന്ത്രിയായിരുന്നു. 1981 വരെ ഖമർ റൂഷ് പ്രസ്ഥാനത്തിന്റെ സെക്രട്ടറിയും. മാർകിസ്റ്റ് ചിന്തയുടെ പേര് പറഞ്ഞ് പോൾ പോട്ട് കൊന്നൊടുക്കിയത് കംബോഡിയയിലെ ആകെ ജനസംഖ്യയുടെ 25 ശതമാനത്തെ ആയിരുന്നു. കംബോഡിയൻ ചരിത്രത്തിലെ കറുത്ത അധ്യായമായാണ് പോൾ പോട്ടിന്റെ ഖമർ റൂഷ് ഭരണ കാലം വിലയിരുത്തപ്പെടുന്നത്.
കർഷകർക്ക് മാത്രമായിരുന്നില്ല പോൾ പോട്ട് വെല്ലുവിളി ഉയർത്തിയിരുന്നത്. റഷ്യയിൽ സ്റ്റാലിൻ നടപ്പിലാക്കിയ സിനിമാ നാടക നിരോധനം പോൾപോട്ടും നടപ്പിലാക്കിയിരുന്നു. ഖമർ റൂഷ് ഭരണ കാലത്ത് 300 ലേറെ സിനിമകൾ നിർമ്മിക്കപ്പെട്ടിരുന്നെന്നാണ് പറയുന്നത്. സകലതും ചാമ്പലാക്കിയ പോൾ പോട്ട് സിനിമയേയും വെറുതെ വിട്ടില്ല. എന്നാൽ അതിൽ നിന്ന് 30 ഓളം സിനിമകൾക്കും കുറച്ച് മനുഷ്യർക്കും രക്ഷ ലഭിച്ചു.
ലോകം കീഴടക്കാൻ പുറപ്പെട്ട് ജനങ്ങളെ ക്രൂരമായി കൊന്നൊടുക്കിയ ചെങ്കിസ് ഖാനെക്കുറിച്ച് ചരിത്രം പറയുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴും പിന്നീടുവന്ന തലമുറകളും സ്വേഛാധിപത്യം ആവർത്തിക്കുന്നു. ഇന്നും തുടരുന്ന ഉത്തര കൊറിയൻ ഭരണവും ഈ ശ്രേണിയിലേക്ക് എത്തിക്കഴിഞ്ഞു.
പോൾ പോട്ട് കാലത്തെ കമ്പൂച്ചിയ
കംബോഡിയയെ കമ്പൂച്ചിയ എന്ന് പുനർ നാമകരണം ചെയ്തത് പോൾ പോട്ടായിരുന്നു. പിന്നീട് പോൾ പോട്ടിന്റെ മരണത്തോടെ കംബൂച്ചിയ കംബോഡിയ തന്നെയായി. രാജ വാഴ്ചയിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീങ്ങിയ കംബോഡിയയിൽ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ അധികാരം പിടിച്ചു വാങ്ങിയ പോൾ പോട്ട് എന്ന ആധുനിക ഹിറ്റ്‌ലരിന്റെ ഭരണത്തിൽ കൊലചെയ്യപ്പെട്ടതിൽ കൂടുതലും കർഷകരായിരുന്നു. കാർഷിക സോഷ്യലിസം ആയിരുന്നു അവരുടെ ലക്ഷ്യം. നഗരത്തിൽ നിന്ന് എല്ലാവരെയും നാട്ടിന്പുറത്തേക്ക് ബലം പ്രയോഗിച്ചു നീക്കി, തടസ്സം നിന്നവരെ കൈ പുറകിൽ കെട്ടി, കയറിൽ തൂക്കി കെട്ടി നിർദയം മർദിച്ചു. ബോധം നശിക്കുമ്പോൾ അഴുക്കു വെള്ളത്തിൽ തല മുക്കി താഴ്ത്തി ബോധം വരുമ്പോൾ വീണ്ടും മർദിച്ചു. ബുള്ളറ്റുകൾ ലാഭിക്കാൻ ധാരാളം കിട്ടുന്ന പനയുടെ മടലുകൾ കൊണ്ടു തലയറുത്തു കൊന്നു. കൊച്ചു കുട്ടികളെ നിഷ്‌കരുണം മരത്തിൽ അടിച്ചു കൊന്നു, 300 450 വീതം മൃതദേഹങ്ങൾ ആയിരത്തിലധികം കുഴികളിൽ തള്ളി. ഈ ശവകുഴികളിൽ നിന്നും കിട്ടിയ അവരുടെ തലയോട്ടികളും എല്ലിൻ കഷണങ്ങളും പഴയ വസ്ത്രങ്ങളും ഏഴു നിലയുള്ള കൂട്ടക്കൊല മ്യൂസിയത്തിൽ ഇന്ന് പ്രദർശിപ്പിചിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here