അജിത്തും വിശാലും ഏറ്റുമുട്ടുന്നു; താരങ്ങളുടെ പിന്തുണ അജിത്തിന്
തമിഴകത്ത് നടികർസംഘം വീണ്ടും വിവാദത്തിൽ. തിരഞ്ഞെടുപ്പ് കയ്യാങ്കളിയോളമെത്തിയത് മുമ്പേ വാർത്തയായിരുന്നു. ഇക്കുറി വിവാദമായത് നടികർ സംഘം നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് അജിത്ത് വിട്ടുനിന്നതാണ്. രജനീകാന്തും കമൽഹാസനും ഉൾപ്പടെയുള്ള താരനിര അണിനിരന്ന ചടങ്ങിൽ വിജയും അജിത്തും എത്തിയിരുന്നില്ല. വിജയ് എത്തില്ലെന്ന് മുമ്പേ അറിയിച്ചിരുന്നു. എന്നാൽ നടികർ സംഘം ഭാരവാഹികളുമായി അടുപ്പം പുലർത്തുന്ന അജിത്ത് വരാതിരുന്നത് നടികർ സംഘം ജനറൽ സെക്രട്ടറിയും നടനുമായ വിശാലിനെ ചൊടിപ്പിച്ചു. ചടങ്ങിനൊപ്പം സംഘടിപ്പിച്ച പാർട്ടിയിൽ അജിത്തിന്റെ യെന്നൈ അറിന്താലിലെ ഗാനത്തിനൊപ്പം ഡാൻസ് ചെയ്യാനുള്ള താരങ്ങളുടെ നീക്കം വിശാൽ ഇടപെട്ട് തടയുകയായിരുന്നു. ഡിജെ പാർട്ടി വിലക്കുകയും അജിത്തിന്റെ ഗാനം ഓഫ് ചെയ്യുകയും ചെയ്ത വിശാലിനെതിരെ ചില താരങ്ങൾ പരസ്യമായി പ്രതിഷേധിച്ചതായാണ് വിവരം. അജിത്ത് ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിശാലിന്റെ നേതൃത്വത്തിലുള്ള പാനൽ, നടികർ സംഘം തെരഞ്ഞെടുപ്പിൽ മുമ്പോട്ട് വച്ച വാഗ്ദാനം താരസംഘടനയ്ക്ക് സ്വന്തമായി കെട്ടിടം പണിയുക എന്നതായിരുന്നു. എന്നാൽ കെട്ടിടം പണിയാൻ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കാനുള്ള തീരുമാനത്തെ അജിത്ത് എതിർത്തു. ചടങ്ങിനായി അജിത്തിനെ ക്ഷണിക്കാൻ ചെന്നപ്പോൾ ഇക്കാരം ചർച്ചയായതായാണ് സൂചന. താരങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് കെട്ടിടം നിർമ്മിക്കുകയാണ് വേണ്ടതെന്ന് അജിത്ത് കർശന നിർദേശം വച്ചതായും റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here