രാജ്യസ്‌നേഹത്തിന് തെളിവ് നൽകേണ്ടി വരുന്നത് ദയനീയം: ഷാരൂഖ് ഖാൻ

ഒരാൾ രാജ്യ സ്‌നേഹിയാണെന്നു മറ്റുള്ളവരുടെ മുൻപിൽ തെളിവ് നൽകേണ്ടി വരുന്നത് ദയനീയ അവസ്ഥയാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇന്ത്യൻ പൗര നാണെന്നും ദേശസ്‌നേഹിയാണെന്നും ആവർത്തിക്കേണ്ടി വരുന്നതോർത്ത് കരച്ചിൽ വരാറുണ്ടെന്നും അദ്ദേഹം ഇന്ത്യാ ടീ .വീ യുടെ ‘ആപ് കീ അദാലത്ത് ‘ഷോയിൽ അഭിപ്രായപ്പെട്ടു.

തീർച്ചയായും ഞാൻ ദേശ സ്‌നേഹിയാണ്.യുവ തലമുറ അസഹിഷ്ണുത പുലർത്തുന്നവരും രാജ്യത്തെ മുന്നോട്ടു നയിക്കാൻ പ്രയത്‌നിക്കുന്നവരുമാകണം. അസഹിഷ്ണുത വർദ്ധിക്കുന്നു എന്ന ഷാരൂഖിൻറെ പരാമർശത്തിന് എതിരെ ആർ.എസ് .എസ് , ബി.ജെ.പി.നേതാക്കൾ രംഗത്തെത്തിയിരുന്നു.

തൻറെ കുടുംബം ഈ രാജ്യത്തിൻറെ ചെറിയ ഒരു മാതൃകയാണ്. താൻ മുസ്ലിമായി ജനിച്ചു. ഭാര്യ ഹിന്ദുവും. മൂന്നു മക്കൾ ഉണ്ട്. മൂന്നു പേരും മൂന്നു മതങ്ങളാണ് പിന്തുടരുന്നത്. ഈ സാഹചര്യത്തിൽ എൻറെ രാജ്യ സ്‌നേഹത്തെ അളക്കേണ്ട കാര്യമില്ല. തൻറെ പിതാവ് താജ് മുഹമ്മദ് ഖാൻ പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമരസേനാനികളിൽ ഒരാളായിരുന്നു. രാജ്യത്തെക്കുറിച്ച് താൻ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. തൻറെ ചില പരാമർശങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി വിവാദം ആക്കുകയായിരുന്നു. തനിക്കും കുടുംബത്തിനും എല്ലാ അംഗീകാരങ്ങളും സൗഭാഗ്യങ്ങളും തന്നത് ഈ രാജ്യമാണ്. നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ്‌ നേതാക്കളുടെ പിന്തുണയോടെയാണ് താൻ വിവാദ പരാമർശങ്ങൾ നടത്തിയതെന്ന ബി.ജെ.പി.നേതാക്കളുടെ വാദം അടിസ്ഥന രഹിതമാണ്. താൻ ഏതെങ്കിലും പാർട്ടിയേയോ നേതാക്കളെയോ പിന്തുണച്ചതായി ഇതുവരെ വാർത്തകളൊന്നും വന്നിട്ടില്ല. എല്ലാ പാർട്ടികളിലും തനിക്കു സുഹൃത്തുക്കൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷാരൂഖ് ഖാൻ അഭിനയിച്ച സിനിമകൾ കൂട്ടത്തോടെ ബഹിഷ്‌കരിക്കാനും അദ്ദേഹത്തെ നാട് കടത്തണമെന്നും കേന്ദ്ര മന്ത്രിമാരും ബി.ജെ.പി.-ആർ എസ്എസ്. നേതാക്കളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആദായ നികുതി വകുപ്പ് ഷാരൂഖിൻറെ വസതികളിലും ഓഫീസുകളിലും റെയിഡുകൾ നടത്തുന്നത് ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ തുടങ്ങിയിരുന്നു. സമീപ കാലത്ത് പുറത്തിറങ്ങിയ ഷാരൂഖിന്റെ ‘ദിൽവാലെ’ , ‘ഫാൻ’ തുടങ്ങിയ സിനിമകൾക്കെതിരെ ആർ.എസ്.എസ്. , ബി .ജെ .പി. പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം അഴിച്ചു വിട്ടിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ നടത്തുന്ന ആദ്യ പരസ്യ പ്രതികരണമാണ് ഇത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top