യുഡിഎഫ് സർക്കാർ കാർഷിക മേഖലയെ ദരിദ്രമാക്കി; കാനം

സർക്കാരിന്റെ ജനദ്രോഹ നയങ്ങളാവും എൽ ഡി എഫിന്റെ മുഖ്യ പ്രചരണായുധം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഉമ്മൻ ചാണ്ടി സർക്കാർ കഴിഞ്ഞ അഞ്ചു വർഷ കാലം കൊണ്ട് കേരളത്തിലെ സമ്പദ്ഘടനയെ ദുർബലമാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേരളത്തിനു വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാവും ഈ തെരഞ്ഞെടുപ്പെന്നും കാനം അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയെ ഏറ്റവും ദരിദ്രമാക്കിയ നയങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കാനം രാജേന്ദ്രൻ ആരോപിച്ചു. പാർശ്വവൽകരിക്ക പെടുന്നവരുടെ പ്രശ്നങ്ങൾ ഉയർത്തിപിടിച്ചു, അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഇക്കാലമത്രയും ഇടതു പക്ഷം നടത്തിയിട്ടുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റേത് അക്രമരാഷ്ട്രീയമെന്ന് കുറ്റപ്പെടുത്തിയ കുമ്മനം രാജശേഖരന്റെ പ്രസ്താവനകൾക്കെതിരെയും കാനം തിരിച്ചടിച്ചു. . അക്രമരാഷ്ട്രീയത്തെക്കുറിച്ച് പരാമർശിക്കാൻ ബിജെപിക്ക് എന്താവകാശമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. അക്രമരാഷ്ട്രീയത്തിലൂടെ ഏറെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന പാർട്ടിയാണ് ബിജെപി എന്നും സിപിഐ ഒരുകാലത്തും അക്രമരാഷ്ട്രീയത്തിന് അനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നും കാനം പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന് വികസനത്തിന്റെ സുവർണ്ണ കാലമായിരുന്നു എന്ന് യുഡിഎഫ് അവകാശപ്പെടുന്നത് എന്തിന്റെ അടിസ്താനത്തിലാണെന്ന് കാനം ചോദിച്ചു. വലിയ ഫ്ലൈ ഓവറുകളും അംബരച്ചുംബികളുമാണ് വികസനത്തിന്റെ ലക്ഷണം എന്ന് കരുതാനാവില്ല. മനുഷ്യന്റെ ഭൗതീക ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളെയാണ് വികസനമായി കാണേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോൾ യുഡിഎഫ് സർക്കാരിന് കാര്യമായ മാറ്റം കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here