പാഠപുസ്തക വിവാദത്തിൽ ഡൽഹി സർവകലാശാലയ്ക്ക് നോട്ടീസ് ; ഭഗത് സിങ് തീവ്രവാദിയും ഭീകരപ്രവർത്തകനും എന്ന് പാഠപുസ്തകം
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ച് പരാമർശിക്കുമ്പോൾ ഭീകരവാദികൾ എന്ന് ഉപയോഗിക്കരുതെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കി ഡൽഹി സർവകലാശാലക്ക് മന്ത്രാലയം കത്തയച്ചു. സർവകലാശാലയുടെ പാഠപുസ്തകത്തിൽ സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിങിനെയും ചന്ദ്രശേഖർ ആസാദിനെയും ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നാണ് മന്ത്രാലയം സർവ്വകലാശാലക്ക് കത്തയച്ചത്.
സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരവാദികൾ എന്നു വിശേഷിപ്പിക്കുന്നത് ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തും. ഇക്കാലത്ത് ഭീകരവാദി എന്ന വാക്കിന് വ്യത്യസ്തമായ അർഥമാണുള്ളത്. അതിനാൽ സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരവാദികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കത്തിൽ പറയുന്നു.
ഭഗത് സിങിനെ തീവ്രവാദിയായി ചിത്രീകരിച്ച് ഡൽഹി സർവകലാശാലുടെ പാഠപുസ്തകം പുറത്തിറങ്ങിയിരുന്നു. പരാമർശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചരിത്രകാരൻമാർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അധ്യായത്തിലാണ് ഭഗത് സിങിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നത്.
ചിറ്റഗോംങ് മുന്നേറ്റം ഭീകരപ്രവർത്തനമാണെന്നും ബുക്കിൽ ആരോപിക്കുന്നുണ്ട്. പാഠപുസ്തകത്തിലെ ഇരുപതാം അധ്യായത്തിലാണ് ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്,സൂര്യ സെൻ എന്നിവരെ വിപ്ലവകാരികളായ ഭീകരവാദികൾ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. ഭഗത് സിങിനെ ഭീകരവാദിയായി ചിത്രീകരിച്ചത് ദൗർഭാഗ്യകരമാണെന്ന് ഭഗത് സിങിന്‍റെ ബന്ധു അബെ സിങ് സന്തു പറഞ്ഞു. ബ്രിട്ടീഷുകാർ പോലും ഭഗത് സിങ് യഥാർഥ വിപ്ലവകാരിയാണെന്ന് അംഗീകരിച്ചിട്ടുള്ളതായി അബെ സിങ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here