Advertisement

വിഎസോ പിണറായിയോ ? ഈ ധർമ്മ സങ്കടം പാർടി നേരിടേണ്ടി വരും: സി ഗൗരിദാസൻ നായർ

May 2, 2016
Google News 0 minutes Read

സിപിഎം എന്ന പാർട്ടിക്ക് ആദ്യ കാലങ്ങളിൽ മതസാമുദായിക
സംഘടനകളെയോ അവയിൽനിന്ന് പിളർന്ന് വരുന്ന ചെറുസംഘടനകളെയോ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ ഇന്ന് മറിച്ചാണ്. ഇത് സിപിഎം ന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയമായി വിലയിരുത്തപ്പെടുന്നില്ലേ ?

സിപിഎം കർക്കശമായ നയ സമീപനങ്ങൾ പരമ്പരാഗതമായി സ്വീകരിച്ച് വരുന്ന പാർട്ടി ആണ്. എന്നാൽ ഇത് പ്രായോഗിക രാഷ്ട്രീയത്തിൽ പലപ്പോഴും ഗുണകരമല്ലെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പ്രായോഗിക രാഷ്ട്രീയത്തിനാണോ അതോ പരമ്പരാഗത നയങ്ങൾക്കാണോ പ്രധാന്യം നൽകേണ്ടത് എന്ന ചോദ്യമാണ് ഇപ്പോൾ സിപിഎം നേരിടുന്നത്.

പഴയ സിപിഎം ആയിരുന്നെങ്കിൽ നയം തന്നെയാണ് മുഖ്യം. എന്നാൽ ഇന്നത്തെ സിപിഎം പരമ്പരാഗത സിപിഎം അല്ല. പ്രായോഗികതയാണ് മുഖ്യം എന്ന് തിരിച്ചറിയുന്ന സിപിഎം ആയി മാറിയിട്ടുണ്ട് അത് അപചയമായിട്ട് കാണണോ അതോ യാഥാർത്ഥ്യ ബോധം തെളിയുന്നതായിട്ട് കാണണോ എന്നത് കാണുന്ന ആളുടെ കണ്ണിലാണ്. വിമർശകർ അത് ഒരു അപചയമായിട്ട് കാണും. എന്നാൽ സിപിഎം പ്രായോഗികമായി ചിന്തിക്കേണ്ട പാർട്ടിയാണെന്ന് കരുതുന്നവർ ഈ പ്രായോഗികത ശരി എന്ന് വിലയിരുത്തും. ഏത് നിലപാടിൽ നിന്ന് നോക്കുന്നു എന്നതാണ് വിഷയം.

ദേശീയതലത്തിൽ ഉയർന്നുവന്നിട്ടുള്ള ഭൂരിപക്ഷ വർഗ്ഗീയതയെ ചെറുക്കാൻ സിപിഎം മതപരമായ കാര്യങ്ങളിൽ ഇടപെടുന്നതിനെ എങ്ങനെ കാണുന്നു ?

ഭൂരിപക്ഷ വർഗ്ഗീയതയെ ചെറുക്കാൻ സിപിഎം കൈക്കൊണ്ട നടപടികൾ ആത്യന്തികമായി സിപിഎമ്മിന് തന്നെ ദോഷം ചെയ്യും. സിപിഎമ്മിന്റെ ഉള്ളടക്കത്തെ ഇല്ലായ്മ ചെയ്യും. കരുത്ത് ശോഷിപ്പിക്കും. ഉദാഹരണത്തിന് ശ്രീകൃഷ്ണ ജയന്തി നടത്തുക, ക്ഷേത്രകമ്മിറ്റികളിൽ കയറി പറ്റുക. വിശ്വാസം, ക്ഷേത്രം ഇവയൊക്കെ യാഥാർത്ഥ്യമാണ്. ഇവയൊക്കെ ഉള്ളപ്പോൾതന്നെയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയിട്ടുള്ളതും. അന്ന് ഇത്തരം കളികളൊന്നും കളിക്കേണ്ടി വന്നിട്ടില്ല.

കേരള സമൂഹം ഭ്രാന്തമായ തരത്തിൽ മത വിശ്വാസത്തിൽ വീണ് കിടക്കുകയാണെന്ന ധാരണയിലേക്ക് സിപിഎം കൂടി മാറിക്കഴിഞ്ഞാൽ അത് കേരളീയ സമൂഹത്തിൽ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് ഞാൻ ഭയക്കുന്നു.

വിശ്വാസത്തെ വിശ്വാസത്തിവന്റ വഴിക്ക്‌ വിട്ട് അനാവശ്യമായി അതിനെ കടന്നാക്രമിക്കാതെ ജനാധിപത്യപരമായ ഭരണ രീതികളിലൂടെ പോകുന്ന പാർട്ടിയായി നിലനിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഹൈന്ദവ മത മേധാവിത്വത്തിന് വേണ്ടി നിലകൊള്ളുന്ന ബിജെപി പോലൊരു പാർട്ടിയായിട്ടോ കേരള കോൺഗ്രസ് പോലൊരു പാർട്ടിയായിട്ടോ മുസ്ലീം ലീഗ് പോലൊരു പാർട്ടിയായിട്ടോ മാറും. ശ്രദ്ധിച്ചു കഴിഞ്ഞാൽ ലീഗ് പോലും മതേതരത്വ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടിയാണ്. മുമ്പും ഇപ്പോഴും. അതൊക്കെ കാണാനുള്ള കണ്ണ് വേണം. പുർണ്ണമായും മതത്തിന്റെ കെട്ടുപാടുകളിൽ നിൽക്കുമ്പോഴും പരിമിതികളിൽനിന്നുകൊണ്ട് മതേതരത്വ നിലപാടുകൾ സ്വീകരിക്കാൻ അവർക്കാകുന്നു. അല്ലാതെ കയ്യിലുള്ളത് പൂർണ്ണമായും വലിച്ചെറിഞ്ഞ് അപ്പുറത്തേക്കോടലാണോ ശരി എന്നുള്ള വലിയ ചോദ്യം നിലനിൽക്കുന്നു.

സിപിഎം മുമ്പില്ലാത്ത വിധം രണ്ട് നേതാക്കളെ ഉയർത്തികാണിക്കുന്നു. ഇത് പ്രതിസന്ധി ആകില്ലേ…?

വി.എസ്. അച്യുതാനന്ദനായാലും പിണറായി വിജയനായാലും ഇരുവരും ഈ തെരഞ്ഞെടുപ്പിൽ സജീവമാണ്. അവരുടെ സാന്നിദ്ധ്യം ഏതാണ്ട് തുല്യമാണ്.

അതിലെ ലക്ഷ്യം വളരെ കൃത്യമാണ്. വി.എസ്. ആണ് ജനകീയനായ നേതാവ്. പിണറായി വിജയൻ അങ്ങനെയല്ല, അദ്ദേഹത്തിന്റെ ശക്തി സംഘാടക ശേഷിയാണ്. സംഘാടക ശഷേി വോട്ടായി മാറണമെന്നില്ല. അപ്പോൾ ജനകീയ മുഖമുണ്ടെങ്കിലേ പാർട്ടിയ്ക്ക് വോട്ട് നോടാനാകൂ എന്ന തിരിച്ചറിവ് ഇതിന് പിന്നിലുണ്ട്.

ഈ തിരിച്ചറിവ് ആദ്യം പോളിറ്റ് ബ്യൂറോയേ്ക്ക് ഉണ്ടായി. അത് സംസ്ഥാന നേതൃത്വത്തിന് കൈമാറി. പിന്നീട് 2007 ൽ നിന്നും 2011 ൽനിന്നും വ്യത്യസ്തമായി ഇത്തവണ അത് സ്വീകരിച്ചു. ഏതെങ്കിലും ഒരു ഘട്ടത്തിൽവെച്ച് രണ്ടിൽ ഒരാൾ എന്ന തീരുമാനത്തിലേക്ക് പാർട്ടിക്ക് എത്തേണ്ടി വരും. എന്നാൽ ഇത് എന്ത് ഘടകങ്ങളുടെ അടിസ്ഥാനത്തിലാകുമെന്ന് ഇപ്പോൾ പറയാനാകില്ല. എന്തൊക്കെയാണെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളെ ആകർഷിച്ച് വോട്ടുകൾ നേടി വിഎസ് പാർട്ടിയെ വിജയത്തിലെത്തിച്ചാൽ അത് കണ്ടില്ലെന്ന് നടിക്കാൻ സിപിഎമ്മിനാവില്ല. അതേപോലെ പിണറായിയുടെ ക്ലീൻ, അതും സിപിഎമമ്മിന് മുന്നിൽ ഉണ്ട്. ഈ ധർമ്മ സങ്കടം മെയ് 16 ന് ശേഷം സിപിഎം നേരിടാൻ പോകുന്നു എന്നതിൽ സംശയമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here