പുഷ്പക വിമാനമേറി വൈശ്രവണനെത്തുന്നു
സുൽത്താൻ ബത്തേരി ഉൾപ്പെടെയുള്ള കാട്ടുപ്രദേശങ്ങളിലെ കരിങ്കുരങ്ങുകളെ നേരിൽ കാണാൻ പത്‌നീ സമേതനായി വൈശ്രവണ പ്രഭു പുഷ്പക വിമാനമേറിയെത്തുന്നു. ഒരു കാലത്ത്, ഉന്നത കുലജാതരുടെ കാൽച്ചുവട്ടിൽ ചവിട്ടിയരക്കപ്പെട്ടിരുന്ന ഒരു സമുദായത്തിന്റെ അഭിനവ ഗുരുവിനെ ഇന്ന്, വിമാനത്തിൽ കെട്ടിയെഴുന്നള്ളിക്കാൻ മുന്നിട്ടിറങ്ങുന്നത് ഉന്നതകുലജാത സംഘികളാണെന്നത് കാലത്തിന്റെ മറുപടിയാകാം. എന്നാൽ, പിന്നോക്കക്കാരന്റെ ശിവനെ പ്രതിഷ്ഠിച്ച, ഒരു സമൂഹത്തെയാകെ വെല്ലുവിളിച്ച മഹാഗുരുവിന്റെ മൊത്ത വിൽപ്പനക്കാരനായി മാറിയ വെള്ളാപ്പള്ളി നടേശൻ ഇന്ന് ചവിട്ടിയരക്കുന്നത് തനിക്ക് തൊടാൻ അറപ്പ് തോനുന്ന ചേറിൽ മുങ്ങിനിൽക്കുന്നവരെയാണ്.
കേരളത്തിൽ ഇന്ന് നടക്കുന്നത് ജാതീയമായ ചില തിരുത്തിയെഴുതലുകളാണ്. നിർഭാഗ്യവശാൽ, സമനീതിക്കുവേണ്ടിയുള്ള സമുദായ മുന്നേറ്റങ്ങളെ നയിക്കുന്നത് വെള്ളാപ്പള്ളിയെപ്പോലുള്ള വൈശ്രവണൻമാരാണ്. ഇത്തരം ഒരു മുന്നേറ്റം പിന്നോക്ക സമുദായങ്ങളെ ഒറ്റപ്പെടലിലേക്ക് നയിക്കാനിടവരുന്ന സാഹചര്യവും ഉടലെടുത്തിരിക്കുന്നു. വെള്ളാപ്പള്ളിയുടെ ആകാശ യാത്രയ്ക്ക് എന്തിന് കുടപിടിക്കണമെന്ന് സ്വന്തം സമുദായത്തിലെ ചിന്താശേഷിയുള്ളവർ തീരുമാനിക്കട്ടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here