Advertisement

ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പിണറായി വിജയൻ

May 7, 2016
Google News 0 minutes Read

ഫേസ്ബുക്കിൽ ഉമ്മൻചാണ്ടിയുടെ ഇടപെടൽ ഉത്തരവാദിത്തബോധത്തോടെയാവണമെന്ന് പിണറായിവിജയന്റെ വിമർശനം. ഫേസ്ബുക്ക് പേജിൽ കണ്ണൂർവിമാനത്താവളമെന്ന പേരിൽ വ്യാജചിത്രം ഇട്ടതിനെക്കുറിച്ചുള്ള പ്രതികരണ്തതിലാണ് പിണറായിയുടെ പരാമർശം.സോഷ്യൽ മീഡിയയുടെ ഉപയോഗത്തിനിടെ മനുഷ്യസഹജമായ അബദ്ധങ്ങൾ വരാം. എന്നാൽ,ഇത്തരം അനുഭവം ഉണ്ടാകാതെ നോക്കേണ്ടത് ബന്ധപ്പെട്ട നേതാക്കൾ തന്നെയാണെന്ന് താൻ കരുതുന്നതായും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം…….

സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നത് ദൈനംദിന രാഷ്ര്ടീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറുന്ന കാലമാണിത്. പുതിയ വാര്‍ത്തകളും വിവരങ്ങളും അറിയാനും ജനങ്ങള്‍ അവയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനും ഏറ്റവും വേഗത്തില്‍ സാധ്യമാകുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. അത് കൊണ്ട് തന്നെ യാത്രയില്‍ പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അതിനു സാധ്യമാകുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാനും നമ്മില്‍ പലരും നിര്‍ബന്ധിതരാകുന്നു.
എനിക്ക് പല ദിവസങ്ങളിലും ലഭിക്കാറുള്ള സന്ദേശങ്ങളിലെ ചോദ്യം ഫേസ്ബുക്കും ട്വിറ്ററും മറ്റും ഞാന്‍ തന്നെയാണോ കൈകാര്യം ചെയ്യുന്നത് എന്ന രീതിയില്‍ ഉള്ളതാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലത് പറയാന്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ഞാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ സാങ്കേതിക കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാറില്ല, അതിനു പ്രാപ്തരായ സഖാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ അവര്‍ക്ക് കൈമാറുകയാണ് പതിവ്, നേരിട്ട് പോസ്റ്റ് ചെയ്യാറില്ല എങ്കിലും എന്റെ ആശയങ്ങളും രാഷ്ര്ടീയ പ്രതികരണങ്ങളും എന്റെ അറിവോടെ മാത്രമേ സാമൂഹ്യ മാധ്യമങ്ങളിലായാലും മറ്റെവിടെ ആയാലും വരാറുള്ളൂ. അതാണ് ശരിയായ രീതി എന്ന് ഞാന്‍ കരുതുന്നു.

ഇവിടെ ഇത്രയും പറയേണ്ടി വന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പിണഞ്ഞ അമളി ശ്രദ്ധയില്‍ പെട്ടപ്പോഴാണ്. കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ ഉത്ഘാടനം ചെയ്തതിനു വലിയ രീതിയില്‍ പരിഹസിക്കപ്പെട്ട ആളാണ് അദ്ദേഹം. അത് മറികടക്കാനാകണം, യു ഡി എഫ് ഗവര്‌മ്മെന്റിന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ വിമാനത്താവളം എന്ന മുഖവുരയോടെ മുഖ്യമന്ത്രിയുടെ ഔദാ്യേഗിക ഫേസ്ബുക്ക് പേജില്‍ കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര സര്‍വീസിനു സജ്ജമായി എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. അതില്‍ കണ്ണൂര്‍ എന്ന വ്യാജേന സ്‌കോട്‌ലാന്‍ഡിലെ വിമാനത്താവളത്തിന്റെ ചിത്രമാണ് നല്‍കിയത്. അക്കാര്യം അപ്പോള്‍ തന്നെ സൈബര്‍ രംഗത്തുള്ളവര്‍ കണ്ടെത്തുകയും മുഖ്യമന്ത്രി വ്യാജ പ്രചാരണം നടത്തുന്നു എന്ന് തെളിവ് സഹിതം സമര്‍ഥിക്കുകയും ചെയ്തു. പിന്നീട് ഗത്യന്തരമില്ലാതെ ആ പോസ്റ്റ് മുഖ്യമന്ത്രിയുടെ പേജില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു.
സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിനിടെ മനുഷ്യ സഹജമായ അബദ്ധങ്ങള്‍ വരാം. എന്നാല്‍ ഇത്തരം അനുഭവം ഉണ്ടാകാതെ നോക്കേണ്ടത് ബന്ധപ്പെട്ട നേതാക്കള്‍ തന്നെയാണ് എന്ന് ഞാന്‍ കരുതുന്നു.പെട്ടെന്നുണ്ടാകുന്ന പ്രതികരണങ്ങളായത് കൊണ്ട് ചില മാധ്യമ വാര്‍ത്തകളില്‍ വരുന്ന കൃത്യതയില്ലായ്മ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെ ബാധിക്കുന്നത് പതിവാണ്. അതുപോലെയല്ല ഇത്തരം അബദ്ധങ്ങള്‍ എന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ഓര്‍ക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗികപേജ് കൈകാര്യം ചെയ്യുന്നത് സോഷ്യല്‍ മീഡിയാ മാര്‍ക്കറ്റിംഗ് വിഭാഗമോ ഫീച്ചര്‍ പ്രചാരകരോ ആകുന്നതു ഉചിതമല്ല. അത് ഉത്തരവാദിത്ത ബോധത്തോടെ ആകണം. ഈ രംഗത്ത് ഇടപെടുന്ന എല്ലാവർക്കും
ഇത് ഒരു പാഠമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here