കോഴിക്കോട്ടെ കന്നിവോട്ടർമാരുടെ വോട്ടുകൾ ഓരോന്നും ഓർമ്മയുടെ തണലാകും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന കോഴിക്കോട്ടുകാർക്ക് അവരുടെ ആദ്യ വോട്ടിന്റെ ഓർമ്മയ്ക്കായി വൃക്ഷതൈകൾ വിതരണം ചെയ്യുന്നു. കന്നി വോട്ടർമാരായ 78,432 പേരുടെ വോട്ടുകളാണ് ഭാവി തലമുറയക്ക് തണലാകുക. കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്താണ് ഈ കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്.
വയനാട് ജില്ലയിൽ നടപ്പാക്കി വരുന്ന ഓർമ്മമരം പദ്ധതിയുടെ ചുവട് പിടിച്ചാണ് കോഴിക്കോട് ഈ പദ്ധതി നടപ്പാക്കുന്നത്. സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
വോട്ട് ചെയ്തുവരുന്ന നവ വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ വച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തകർ കൂപ്പണുകൾ നൽകും. പരിസ്ഥിതി ദിവസമായ ജൂൺ അഞ്ചിന് മുമ്പായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ തൈ വിതരണത്തിനായി കേന്ദ്രങ്ങൾ തുറക്കും. ഇവിടെ കൂപ്പണുമായി എത്തി തൈകൾ സ്വന്തമാക്കാം.
കന്നി വോട്ടർമാരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം നൽകുകയാണ് പദ്ധതിയിലുടെ ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here