പനാമ രേഖകൾ ഓൺലൈനിൽ

കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ട പനാമ രേഖകൾ ഓൺലൈനിൽ. പുറത്തുവന്നത് രണ്ട ലക്ഷത്തോളം വരുന്ന വ്യാജകമ്പനികളുടെ വിവരങ്ങൾ. മൊസാക് ഫൊൻസേക കമ്പനിയിൽ നിന്ന് ചോർന്ന വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകരുടെ അന്താരാഷ്ട്ര സമിതിയാണ് രേഖകൾ പുറത്തുവിട്ടിരിക്കുന്നത്.
2.6 ടെറാബൈറ്റ് വിവരങ്ങളാണ് മാധ്യമ പ്രവർത്തകരുടെ സമിതിയ്ക്ക് ചോർന്ന് ലഭിച്ചത്. ഈ വിവരങ്ങൾ offshoreleaks.icij.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുഡിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ഫുട്‌ബോൾ താരം ലയണൽ മെസ്സി, നടൻ ജാക്കിച്ചാൻ, എന്നിവരും അമിതാബ് ബച്ചൻ, ഐശ്വര്യ റായ് എന്നിവരും ചില മലയാളികളും പനാമ രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ടാക്‌സ് ഹെവൻസ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിർജിൻ , പാനമ, ബഹാമാസ് , സീ ഷെൽസ് , സമോവ തുടങ്ങി 20 ഓളം ചെറു രാജ്യങ്ങളിൽ ഇല്ലാത്ത കമ്പനികൾ തുടങ്ങിയാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഈ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇ മെയിൽ ഇടപാടുകൾ , ഫോൺ നമ്പറുകൾ എന്നിവ നൽകിയിട്ടില്ല.