23
Jan 2022
Sunday

എന്താണ് പാനമ പേപ്പറുകൾ? [24 എക്സ്പ്ലൈനർ]

panama papers 24 explainer

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിയമസ്ഥാപനമായ മൊസാക്ക് ഫൊൻസെക്കയുടെ ഡാറ്റാബേസിൽ നിന്ന് ചോർന്ന 11.5 ദശലക്ഷം ഫയലുകളുടെ ശേഖരമാണ് പാനമ പേപ്പറുകൾ. ഒരു ജർമ്മൻ പത്രത്തിന്റെ ഉറവിടത്തിൽ നിന്നുമാണ് ഐസിഐജെയ്ക്ക് (ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്) ഈ റിപ്പോർട്ടുകൾ ലഭിക്കുന്നത്. ബിബിസി ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളുമായി അവരത് പങ്കുവയ്ക്കുകയും ചെയ്തു. പാനമ എന്ന രാജ്യത്തുനിന്ന് ചോർന്നതിനാലാണ് ഇതിനെ പാനമ പേപ്പറുകൾ എന്ന് വിളിക്കുന്നത്. ഈ പേര് രാജ്യത്തിന് അപമാനമുണ്ടാക്കുന്നു പാനമ പരാതിപ്പെട്ടിരുന്നു. (panama papers 24 explainer)

എന്താണ് പാനമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്?

സമ്പന്നർ ഓഫ്ഷോർ നികുതി വ്യവസ്ഥകളിൽ കൃത്രിമത്വം കാണിക്കുന്നുണ്ടെന്ന് രേഖകൾ പറയുന്നു. 143 രാഷ്ട്രീയ നേതാക്കളിൽ 12 ദേശീയ നേതാക്കളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന ഒരു വലിയ നിര തന്നെ ഈ പട്ടികയിലുണ്ട്.

അതിൽ 2ബില്യൺ ഡോളറിന്റെ ഇടപാട് വ്‌ളാഡിമർ പുടിനിലേക്കാണ് വിരൽ ചൂണ്ടുന്നത്. റഷ്യൻ പ്രസിഡന്റിന്റെ ഉറ്റസുഹൃത്തായ സെർജി റോർഡുജിൻ കടൽക്കള്ളക്കടത്ത് നടത്തുന്നതിന്റെ പ്രധാനകേന്ദ്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2013ൽ പുടിന്റെ മകൾ കാറ്ററിനയുടെ വിവാഹം നടന്ന റിസോട്ടുമായി ബന്ധപ്പെട്ടും ചില ഇടപാടുകൾ നടന്നിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മുൻ ഇറാഖ് വൈസ് പ്രസിഡന്റ് അയാദ് അല്ലവി, ഉക്രയ്ൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ, മുൻ ഈജിപ്ത് പ്രസിഡൻ്റിന്റെ മകൻ അലാ മുബാറക്, ഐസ്‌ലൻഡ് പ്രധാനമന്ത്രി സിഗ്മുണ്ടൂർ ഡേവി ഗൺലാഗ്‌സൺ തുടങ്ങിയ നേതാക്കൾ ഓഫ്ഷോർ സമ്പത്തുള്ള ദേശീയ നേതാക്കളാണ്. ബഹാമാസിലെ സൈന്യത്തെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പിതാവ് തന്റെ പേരിലുള്ള ഓഫ്‌ഷോർ നിക്ഷേപത്തിന്റെ നികുതിയടവിൽ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

എന്താണ് മൊസാക്ക് ഫൊൻസക്ക?

ഓഫ്ഷോർ സ്ഥാപനങ്ങളിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ബ്രട്ടീഷ് വെർജീൻ ഐൻലൻഡ്‌സ് പോലുള്ള കമ്പനികൾ ഉൾപ്പെടുന്ന ഒരു നിയമ സ്ഥാപനമാണ് മൊസാക്ക് ഫൊൻസക്ക. പാനമയാണ് മൊസാക്ക് ഫൊൻസക്കയുടെ ആസ്ഥാനമെങ്കിലും 42 രാജ്യങ്ങളിലായി 600 പേർ ജോലി ചെയ്യുന്ന ആഗോളശൃംഖലയാണിത്. പാനമയ്ക്ക് പുറമെ സ്വിറ്റ്സർലൻഡ്, സൈപ്രസ്, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, ഗ്വെർസി, ജേഴ്സി, ഐൽ ഓഫ് മാൻ എന്നിവിടങ്ങളിലും മൊസാക്ക് ഫൊൻസക്കയുടെ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. വിപുലമായ പ്രവർത്തനം നടത്തുന്ന മൊസാക്ക് ഫൊൻസക്ക 3,00,000ത്തിലധികം കമ്പനികൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. മൊസാക്കിന്റെ പകുതിയിലധികം കമ്പനികൾ യുകെയിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണക്കുകൾ വച്ച് നോക്കുമ്പോൾ ഇതുവരെ ചോർന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചോർച്ചയാണ് പാനമ പേപ്പർ. 11.5 മില്ല്യൺ രേഖകളും 2.6 ടെറാബൈറ്റ് വിവരങ്ങളുമാണ് മൊസാക്കിന്റെ ഡാറ്റബേസിലുണ്ടായിരുന്നത്.

ഓഫ്ഷോർ നിക്ഷേപങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും വഞ്ചകരാണോ?

ഓഫ്ഷോർ ഉപയോഗിക്കുന്നത് തികച്ചും നിയമപരമാണ്. റഷ്യ, ഉക്രയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ സമ്പന്നർ അവരുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും കർശനമായ കറൻസി നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി ഓഫ്ഷോർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം, അഴിമതിക്കാരും കുറ്റവാളികളും, കള്ളപ്പണം വെളുപ്പിക്കുന്നവരും ഓഫ്ഷോറിനെ ദുരുപയാഗിക്കുന്നുണ്ടെന്നും അത് തടയാൻ ജൂൺ മുതൽ കമ്പനി തങ്ങളുടെ നിക്ഷേപ ഉടമകളുടെ പേര് വിവരം പ്രസിദ്ധപ്പെടുത്തുമെന്നും ഡേവിഡ് കാമറൂൺ പറഞ്ഞു.

പാനമ പേപ്പറുകളെക്കുറിച്ച് മൊസാക്ക ഫൊൻസക്കയുടെ നിലപാട്?

കമ്പനിയുടെ പോളിസി പ്രകാരം ഉടമകളുടെ സ്വകാര്യത പരിഗണിച്ച് കുറ്റാരോപിതരായ കേസുകൾ ചർച്ചചെയ്യാറില്ല. അതേസമയം ഓഫ്ഷോർ നിക്ഷേപങ്ങൾ നിയമവിരുദ്ധ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

Story Highlights : panama papers 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top