ഗൗരിയമ്മ ഇല്ലാത്ത ഇലക്ഷന്‍…

ഇലക്ഷന്‍ ചൂട് കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ആലപ്പുഴയിലെ ഗൗരിയമ്മയുടെ  വീട് ഇപ്പോള്‍ അങ്കം കഴിഞ്ഞ് കളിക്കാരൊഴിഞ്ഞ മട്ടിലാണ്. കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി ഇല്ലാത്ത തെരഞ്ഞെടുപ്പാണ് ആലപ്പുഴയില്‍ ഇത്തവണ.
ഇടതുപക്ഷ ജനാധിപത്യമുന്നണിയോട് ഒപ്പം ചേര്‍ന്ന് മത്സരിക്കാമെന്ന കണക്കൂകൂട്ടലില്‍ ഇരുന്ന ഗൗരിയമ്മ നിയമസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി ഒറ്റയ്ക്ക് ആറുസീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനവുമായി ഇടഞ്ഞ് നിന്നിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഡോ.തോമസ് ഐസക്ക്, പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി,സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അനുനയനശ്രമങ്ങളുമായി എത്തിയതും മറ്റും വന്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.  ഇതിനിടെ ജെ.എസ്.എസ് രാജന്‍ബാബു വിഭാഗം ഗൗരിയമ്മയെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ചു.  എന്നാല്‍ ഗൗരിയമ്മ മനസു തുറന്നില്ല. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെന്ററില്‍ നിന്ന് മത്സരിക്കാനുള്ള നിലപാടിന് ആരുടേയും പിന്തുണലഭിക്കില്ല എന്ന വാര്‍ത്തയാണ് പിന്നീട് കേരളം കേട്ടത്. ഒപ്പം ഇടതുമുന്നണിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവാദം ചോദിച്ച ജെ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഗൗരിയമ്മ അനുവാദവും നല്‍കി. ഇതോടെ സ്ഥിതിഗതികള്‍ ശാന്തമായി, തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് ഗൗരിയമ്മ മായുകയും ചെയ്തു.

gauri_2624025e
ഒന്നാം നിയമസഭയില്‍ മന്ത്രിയായിരുന്ന ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരാളാണ് ഗൗരിയമ്മ. അഞ്ചാം നിയമസഭ ഒഴികെ കേരളസംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ഒന്നു മുത്ല‍ പതിനൊന്നു നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. ഏറ്റവും അധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാള്‍, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ പ്രായമുള്ള മന്ത്രി തുടങ്ങിയ എല്ലാ റെക്കോര്‍ഡുകളും  കേരളത്തിന്റെ ആദ്യത്തെ റവന്യൂ മന്ത്രിയായ ഗൗരിയമ്മയ്ക്ക് അവകാശപ്പെട്ടതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top