Advertisement

തുടരുമോ അതോ എല്ലാം ശരിയാക്കുമോ!!!

May 18, 2016
Google News 1 minute Read

മുമ്പെങ്ങുമില്ലാത്തവിധമുള്ള രാഷ്ട്രീയകാലാവസ്ഥയിലാണ് ഇക്കുറി കേരളം വിധിയെഴുതിയത്. ഇത്രമേൽ പ്രവചനാതീതമായ രാഷ്ട്രീയസാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. തുടർഭരണം ലക്ഷ്യം കണ്ട് യുഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ എൽഡിഎഫും തങ്ങളാലാവും വിധം പരിശ്രമിച്ചു. ഇക്കുറി നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പിച്ചേ വിശ്രമമുള്ളു എന്ന ദൃഢനിശ്ചയത്തിൽ ബിജെപിയും സകല അടവും പയറ്റി.

അഴിമതിയാരോപണങ്ങളുടെ കൊടിമുടിയിൽ കയറിനിന്ന് യുഡിഎഫ് സർക്കാർ പടപൊരുതുകയായിരുന്ന സമയത്താണ് മെയ് 16ന് തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനം വരുന്നത്. അന്നുമുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം വരെയും സർക്കാരിനെതിരെ ഇടതുപക്ഷം ഉയർത്തിപ്പിടിച്ച പ്രധാന പ്രചരണായുധവും അഴിമതിയില്ലാതെ മറ്റൊന്നായിരുന്നില്ല. സോളാർവിവാദവും ബാർകോഴയും എന്നു വേണ്ട എവിടെത്തിരിഞ്ഞാലും യുഡിഎഫിനെ വെട്ടിലാക്കാനുള്ള വിഷയങ്ങൾ ധാരാളമായിരുന്നു. പ്രചാരണത്തിന്റെ രണ്ടാംഘട്ടം കടന്നുപോയത് ബാർലൈസൻസും നിലംനികത്തലുമുൾപ്പടെയുള്ള ആരോപണങ്ങൾ ആവോളം കേട്ടുകൊണ്ടായിരുന്നു. സർക്കാർ സ്വീകരിച്ച വിവാദതീരുമാനങ്ങൾ പ്രചരണരംഗത്ത് ചർച്ചാവിഷയങ്ങളായി. ഇവയ്ക്ക് വിശദീകരണം നല്കി യുഡിഎഫ് വിയർത്തു. മൂന്ന് ത്രീസ്റ്റാർ ഹോട്ടലുകൾ ഫൈവ് സ്റ്റാർ ആയി ഉയർത്താൻ നല്കിയ ലൈസൻസ് പിൻവലിക്കേണ്ടി വന്നതും മന്ത്രിസഭയ്ക്ക് നാണക്കേടായി. ഇതിനെത്തുടർന്നുണ്ടായ ആഭ്യന്തരകലഹങ്ങൾ എങ്ങുമെത്താതെ വഷളായി. മദ്യനയം ജനങ്ങളെ കബളിപ്പിക്കാനുള്ളതായിരുന്നു എന്ന പ്രതീതി വർധിച്ചു.ഇവയെല്ലാം ഇടതുപക്ഷം ആഘോഷമാക്കി. സോഷ്യൽമീഡിയയിലെ പരസ്യയുദ്ധം വഴി ഉമ്മൻചാണ്ടി വിഎസിനോട് പലവട്ടം തോറ്റതും കോടതിവിധി പോലും പ്രതികൂലമായതും യുഡിഎഫിന് തിരിച്ചടിയായി. ഏറ്റവുമൊടുവിൽ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം വരെ യുഡിഎഫിനെതിരായ പ്രചരണായുധമാകുന്നതും കേരളം കണ്ടു. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പൂർണപരാജയമായി എന്ന വിലയിരുത്തലിലേക്ക് കേരളത്തെ എത്തിക്കാൻ ഇടതുപക്ഷത്തിനായി. കൊലപാതകിയെ കണ്ടെത്താൻ കഴിയാതെ വന്നത് ഈ ആരോപണത്തിന്റെ ആക്കം കൂട്ടി.

ഇടതുപക്ഷത്തിന്റെ ശക്തമായ പ്രചരണങ്ങളിൽ യുഡിഎഫ് അടിമുടി തകരുകയായിരുന്നു എന്ന് രാഷ്ട്രീയവിദഗ്ധർ വിലയിരുത്തുന്നു. പ്രതിരോധിക്കാൻ മതിയായ ആയുധങ്ങളോ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയോ നല്കാൻ യുഡിഎഫിനായില്ല. കരുതിവച്ച വികസനമെന്ന പ്രചരണായുധം ഉയർത്തിക്കാട്ടാനാവാതെ പ്രതിരോധത്തിലാവുകയും ചെയ്തു. ടിപിചന്ദ്രശേഖരൻ വധവും അക്രമരാഷ്ട്രീയവും മാത്രമാണ് എൽഡിഎഫിനെതിരെ പ്രയോഗിക്കാൻ യുഡിഎഫിനുണ്ടായിരുന്ന ആയുധങ്ങൾ. പതിവുപോലെ ഒരുകാര്യവുമില്ലെങ്കിലും ലാവ്‌ലിൻ കേസും ചർച്ചാവിഷയമാക്കി. ഉൾപ്പാർട്ടി പോര് വിഷയമാക്കി വോട്ട് നേടാമെന്ന തന്ത്രവും വിഎസും പിണറായിയും സിപിഎമ്മും ഒന്നിച്ചുനിന്നതോടെ അപ്രസക്തമായി. വികസനത്തിൽ പിടിമുറുക്കി പൊരുതുന്നതിനിടെ ലഭിച്ച തുറുപ്പുചീട്ടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയൻ പരാമർശം. അതിനെ ഭംഗിയായി വിനിയോഗിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചു എന്നതിൽ യുഡിഎഫിന് ആശ്വസിക്കാം. മദ്യനയം പ്രധാനവിഷയമാക്കിയായിരുന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ പ്രചരണം. എന്നാൽ,മന്ത്രിസഭയുടെ വിവാദ തീരുമാനങ്ങളിൽ കുടുങ്ങി ഇതും ഫലംകാണാതെ പോയി.

ബിജെപിയുമായി ഇടതുപക്ഷം വോട്ട് കച്ചവടം നടത്തുന്നു എന്ന ആരോപണവും യുഡിഎഫ് ഉയർത്തി.ഇതേ ആരോപണം എൽഡിഎഫ് യുഡിഎഫിനെതിരെയും പ്രയോഗിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയുടെ രാഷ്ട്രീയപ്രധാന്യം വർധിച്ചിട്ടുണ്ടെന്നുള്ള വസ്തുതയാണ് ഇതിലൂടെ പുറത്തുവന്നത്. ബിജെപി ബാന്ധവം ആരോപിച്ച് പരസ്പരം കൊമ്പുകോർക്കുമ്പോൾ ന്യൂനപക്ഷവോട്ടുകൾ ചോരരുതെന്ന ആഗ്രഹമാണ് ഇരുകൂട്ടർക്കുമുള്ളത്. എന്നാൽ,ഈ പോര് കൊണ്ട് ലാഭം കൊയ്യുക ബിജെപി തന്നെയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇടതുവലതുമുന്നണികളുടെ ഭരണത്തിൽ മനംമടുത്ത് കേരളജനത പുതിയൊരു മാറ്റത്തിന് കൊതിക്കുന്നു എന്ന അവകാശവാദവുമായാണ് വഴികാട്ടാൻ ബിജെപി സജീവമായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയതും കേരളത്തെ ബിജിപി ദേശീയനേതൃത്വം എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നു എന്നതിന് ഉദാഹരണമാണ്. ദേശീയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചരണമാണ് ബിജെപി മുന്നോട്ട് വച്ചത്. മോദി സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ബിജെപി പ്രധാനമായും തുറുപ്പുചീട്ടാക്കിയത്. തദ്ദേശതെരഞ്ഞടുപ്പിൽ വോട്ടിംഗിൽ ഉണ്ടായ വൻ മുന്നേറ്റവും ലഭിച്ച സ്വീകാര്യതയും ബിജെപിക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.മറ്റൊരു പ്രധാനകാര്യം ബിഡിജെഎസുമായുള്ള ബിജെപി സഖ്യമാണ്. ഈഴവോട്ടുകൾ ബിജെപിക്ക് വോട്ടുബാങ്കാവുമെന്നാണ് പ്രതീക്ഷ.

ഭരണവിരുദ്ധവികാരം പാരമ്യത്തിൽ എത്തിനിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടന്നത് എന്നതിനാൽ ഇടുപക്ഷം നേട്ടം കൊയ്യുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചന നല്കുന്നു. സർക്കാർ നടപ്പാക്കിയ വികസനം ഭരണത്തുടർച്ചയ്ക്ക് പര്യാപതമായതല്ല എന്ന മുന്നറിയിപ്പും സർവ്വേഫലങ്ങൾ മുന്നോട്ട് വയ്ക്കുന്നു. കെ.എം.മാണിയെപ്പോലെയുള്ള യുഡിഎഫ് വൻമരങ്ങൾ കടപുഴകിവീഴുമെന്നും ബിജെപി അംഗങ്ങൾ ഇത്തവണ നിയമസഭയിലുണ്ടാകുമെന്നും പ്രവചനങ്ങൾ പറയുന്നു.എന്തായാലും,ആരൊക്കെ തുടരും ആരൊക്കെ എല്ലാം ശരിയാക്കാൻ വരും ആരൊക്കെയാവും വഴികാട്ടാൻ എത്തുക എന്നൊക്കെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം….
തെരഞ്ഞടുപ്പ് ഫലം തത്സമയം അറിയാം,ശ്രീകണ്ഠൻ നായർക്കൊപ്പം…https://www.facebook.com/24onlive/

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement