സി.കെ.ശശീന്ദ്രൻ ;ലാളിത്യത്തിന്റെ ആകാശപ്പൊക്കം

സി.കെ.ശശീന്ദ്രൻ കേവലം ഒരു കുറിയ മനുഷ്യനല്ല. സംശുദ്ധരാഷ്ട്രീയത്തിന്റെ ആകാശപ്പൊക്കമാണ്.മണ്ണ് അറിയുന്ന മണ്ണിനെ അറിയുന്ന സാധാരണക്കാരന്റെ പ്രതിനിധി.നഗ്നപാദനായി നിലത്ത് കാലുറപ്പിച്ച് നടക്കുന്ന,പശുവിനെ കറന്ന് പാൽ അളന്ന് ജീവിക്കുന്ന സാധാരണക്കാരൻ എന്ന ഇമേജ് തന്നെയാണ് കല്പറ്റയിലെ ജനങ്ങളുടെ മനസ്സിൽ ശശീന്ദ്രനുള്ളത്.
കല്പറ്റയിൽ എൽഡിഎഫിനാകെ ജയിക്കാനായത് രണ്ടുതവണയാണ്. ആദ്യം 1987ൽ എം.പി.വീരേന്ദ്രകുമാർ ഇടതു സ്ഥാനാർഥിയായപ്പോൾ. പിന്നെ 2006ൽ എം.വി.ശ്രേയാംസ് കുമാർ മത്സരിച്ചപ്പോൾ. ഇവരല്ലാതെ ഒരാൾ ഇടതുകോട്ടയിലേക്ക് കല്പറ്റയെ നയിക്കുമ്പോൾ ആ വിജയത്തിന് പ്രസക്തി ഏറുന്നതും ശശീന്ദ്രന്റെ വ്യക്തിപ്രഭാവം കൊണ്ട് തന്നെ.
ശ്രേയാംസ്‌കുമാറിന്റെ സ്വന്തം തട്ടകമായിരുന്ന കല്പറ്റയിൽ 13,083 വോട്ടുകൾക്കാണ് സി.കെ.ശശീന്ദ്രൻ വിജയിച്ചത്. 2011ൽ ഇവിടെ ശ്രേയാംസ് കുമാറിന് ലഭിച്ചതാവട്ടെ 2000നടുത്ത് ഭൂരിപക്ഷം മാത്രം.ശശീന്ദ്രന്റെ ജനസമ്മതി തന്നെയാണ് കല്പറ്റ ഇടതുപക്ഷം സ്വന്തമാക്കിയതിനു പിന്നിലുള്ളതെന്ന് സംശയലേശമന്യേ ഏവരും പറയുന്നു. നഗ്നപാദനായി പതിവ് പുഞ്ചിരിയുമായി ഈ എം.എൽ.എ ജനങ്ങൾക്കൊപ്പം എന്നുമുണ്ടാവുമെന്ന് കൽപറ്റക്കാർക്ക് നന്നായി അറിയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here